ALFA Onam Celebrations 2016

ആഘോഷങ്ങള്‍… അത്‌ അര്‍ഹിക്കുന്നവര്‍ക്കുള്ളതാണ്‌. പ്രത്യേക പരിഗണന എന്നും, വെല്ലുവിളികള്‍ നേരിടുന്നവരെന്നും മനോഹരമായ ലേബലുകള്‍ പതിപ്പിച്ച്‌ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്ക്‌ ഒതുക്കി നിര്‍ത്തപ്പെടുന്നവരുടെ ഉമ്മറത്തേയ്ക്കുള്ള യാത്രയാണിത്‌. ഓരോ വര്‍ഷം കഴിയും തോറും അംഗങ്ങള്‍ കൂടി വരുന്ന അല്‍ഫ പീഡിയാട്രിക്‌ റിഹാബിലിറ്റേഷന്‍ സെന്ററിന്റെ ഓരോ ഓണാഘോഷവും അക്ഷരാര്‍ത്ഥത്തില്‍ കൊഴുക്കുകയാണ്‌.
ഐതിഹ്യങ്ങള്‍ക്കും, ആചാരങ്ങള്‍ക്കും, മിത്തുകള്‍ക്കുമപ്പുറം, ഇത്‌ ഞങ്ങളുടെ അല്‍ഫയിലെ കുഞ്ഞുങ്ങളുടെ ഉത്സവകാലമാണ്‌. അവരുടെ അടക്കി നിര്‍ത്തിയ മനസ്സുകളുടെ ചിങ്ങപ്പുലരികളാണ്‌.

നിലത്തുറയ്ക്കാത്ത പിഞ്ച്‌ കാലുകളെങ്കിലും, ആഗ്രഹത്തിനനുസരിച്ച്‌ വഴങ്ങാത്ത കയ്യുകളും ശരീരവുമെങ്കിലും അവരുടെ കണ്ണുകളീല്‍ ആഹ്ലാദത്തിന്റെ തിരയിളക്കമുണ്ട്‌. ആ മുഖത്ത്‌ സന്തോഷത്തിന്റെ വേലിയേറ്റങ്ങളുണ്ട്‌.
ആ അച്ഛന്മാരുടെ ഇടനെഞ്ചിലെ നിശ്വാസങ്ങള്‍ക്ക്‌ പൊള്ളുന്ന ഊഷ്മളത ഉണ്ട്‌. ആ അമ്മമാരുടെ നിറചിരിയില്‍ കണ്ണീരിന്റെ നനവുണ്ട്‌.
ഇതാണ്‌ ഇത്‌ മാത്രമാണ്‌ അല്‍ഫയുടെ പ്രചോദനം.
അല്‍ഫയുടെ ഓരോ കാല്‍വെപ്പിലും തുണയായി നില്‍ക്കുന്ന സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഒരായിരം സ്നേഹം. സമൃദ്ധിയുടെ സമത്വത്തിന്റെ സന്ദേശം വിളംബരം ചെയ്യുന്ന ഓണാശംസകള്‍!
ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും സന്ദേശം വിളംബരം ചെയ്യുന്ന ബലിപെരുന്നാള്‍ ആശംസകള്‍!

അല്‍ഫയിലെ കുഞ്ഞുങ്ങളോടൊത്ത്‌ സമയം ചിലവഴിക്കാനെത്തിയ സിനിമാ താരം ശ്രിന്ദയ്ക്കും, ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ പീഡിയാട്രിക്‌ ന്യുറോളജിസ്റ്റായ ഡോ. അക്ബര്‍ മുഹമ്മദിനും, 40 വര്‍ഷമായി കമ്മൂണിറ്റി ബേസ്ഡ്‌ റീഹാബിലിറ്റേഷനില്‍ സജീവമായ ഡോ തോമസ്‌ എബ്രഹാം അല്ഫയുടെ സ്നേഹം നിറഞ്ഞ നന്ദി.

കുഞ്ഞുങ്ങള്‍ക്കായി മനോഹരമായ സംഗീത വിരുന്നൊരുക്കിയ മഹാരാജാസ്‌ കോളേജ്‌ അലുംനിയ്ക്കും മുന്‍ പ്രിന്‍സിപ്പള്‍ ഡോ മേരി മെറ്റില്‍ഡ മാഡത്തിനും, സജീവന്‍ സാറിനും അല്ഫയുടെ സ്നേഹാദരവുകള്‍!

ഇത്‌ വരെ 70-ഓളം കുഞ്ഞുങ്ങള്‍ ദൈവാനുഗ്രഹം കൊണ്ടും അല്‍ഫയിലെ പ്രൊഫഷനലുകളുടെ നിരന്തരമായ പരിശീലനം കൊണ്ടും ജീവിതത്തിലെ ആദ്യ ചുവടുകള്‍ വെച്ചിരുന്നു. ഈ വര്‍ഷത്തെ സമ്മാനങ്ങള്‍ ഏറ്റ്‌ വാങ്ങിയ 12ഓളം ആദ്യ ചുവടുകാര്‍ക്ക്‌ അഭിനന്ദങ്ങള്‍!

അല്‍ഫയുടെ എല്ലാമെല്ലാമായ ഫിസിയോതെറാപ്പിസ്റ്റുകള്‍, സ്പീച്ച്‌ തെറാപ്പിസ്റ്റുകള്‍, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, സ്പെഷ്യല്‍ എജ്യുക്കേറ്റേര്‍സ്‌, അഡ്മിന്‍ ടീം എന്നിവര്‍ക്കും, നല്ലവരായ നാട്ടുകാര്‍ക്കും, അല്‍ഫയിലെ അച്ഛനമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.