അല്‍ഫയിലെ പൂമ്പാറ്റകള്‍ക്ക്‌, ആകാശം മാത്രമാണതിരുകള്‍!

അല്‍ഫയിലെ പൂമ്പാറ്റകള്‍ക്ക്‌
ആകാശം മാത്രമാണതിരുകള്‍!

ഓട്ടിസം ബാധിതയായി അല്ഫയിലെത്തി കുറഞ്ഞ നാളുകള്‍ കൊണ്ട്‌ തന്റെ റൈറ്റിംഗ്‌ സ്കില്‍സിലൂടെ ആശയവിനിമയത്തില്‍ അത്ഭുതകരമായ പ്രകടനം കാഴ്ച്ച വെച്ച ഐശ്വര്യക്കുട്ടി എന്ന പൂമ്പാറ്റക്കുഞ്ഞിനെക്കുറിച്ച്‌ മുമ്പൊരിക്കല്‍ എഴുതിയിരുന്നു.

ഓട്ടിസം രോഗാവസ്ഥ എന്ന് നാം കരുതുന്ന ലക്ഷണങ്ങള്‍ ഒരു പക്ഷേ ഒരു പ്രതിഭയുടെ അസാമാന്യമായ കഴിവിന്റെ ഒരു ലക്ഷണ പ്രകടനം കൂടി ആയി മാറിയേക്കാം എന്ന ഈയിടെയായി നടക്കുന്ന ശാസ്ത്രീയ പഠനങ്ങളെ സാധൂകരിക്കുന്ന ഒന്നാണ്‌ ഞങ്ങളുടെ അമാന്റെയും കഥ.

2014-ല്‍ അല്‍ഫയിലെത്തുമ്പോള്‍ ഓട്ടിസത്തിന്റെ എല്ലാ വിധ ലക്ഷണങ്ങളും ഉള്ള ഈ കുഞ്ഞിന്‌ 3 വയസ്സായിരുന്നു. . ഒരിടത്ത്‌ അടങ്ങി ഇരിക്കുന്നതിനോ, മറ്റുള്ളവരുമായി ഇടപഴകുന്നതിനോ സാധ്യമല്ലാത്ത വിധം തീക്ഷ്ണമായിരുന്നു അവന്റെ പ്രശ്നങ്ങള്‍. സ്വന്തം അമ്മയോ അച്ഛനോ പോലും അവനെ സ്പര്‍ശിക്കുന്നത്‌ അലോസരമാകും വിധം നിരവധി സെന്‍സറി പ്രോബ്ലംസ്‌ ഉള്ള കുട്ടിയായിരുന്നു അമാന്‍. സംസാര ശേഷി തീരെയില്ല, ഒരു തരത്തിലും അവനുമായി ആശയ സംവേദനം സാധ്യമല്ലാത്ത വണ്ണം അവന്‍ ഒരു അടഞ്ഞ പുസ്തകമായിരുന്നു.

അല്‍ഫയിലെത്തിയ കുഞ്ഞ്‌ അമാനെ അല്‍ഫയിലെ പീഡിയാട്രിക്‌ റിഹാബിലിറ്റേഷന്‍ ടീം അസെസ്സ്‌മെന്റിന്‌ വിധേയമാക്കി അവന്‌ വേണ്ടുന്ന തെറാപ്പി മെതേഡുകള്‍ പ്ലാന്‍ ചെയ്തു. തുടര്‍ച്ചയായി സ്പീച്ച്‌ തെറാപ്പിയും ഒക്കുപ്പേഷണല്‍ തെറാപ്പിയും സ്പെഷ്യല്‍ ആന്‍ഡ്‌ റെമെഡിയല്‍ എജ്യുക്കേഷന്‍ ക്ലാസ്സുകളും മുടങ്ങാതെ കൃത്യമായ പ്ലാനിംഗോടെയും കണിശതയോടെയും അവന്‌ നല്‍കി. ആശാവഹമായ പുരോഗതികള്‍ ഒന്നും തന്നെ അമാന്‍ കാണിച്ചില്ലെങ്കിലും നിരാശപ്പെടാതെ അല്‍ഫയിലെ മെഡിക്കല്‍ പ്രൊഫഷണലുകളൂം അമാന്റെ മാതാപിതാക്കളും 2 വര്‍ഷത്തോളം ഈ പ്രൊസസ്സ്‌ കൃത്യമായി നടപ്പിലാക്കി.

സെന്‍സറി ട്രെയിനിങ്ങിലൂടെയും, ഒക്കുപ്പേഷണല്‍ തെറാപ്പിയിലൂടെയും, ബിഹേവിയറല്‍ തെറാപ്പിയിലൂടെയും അമാന്‌ തനിയെ അടങ്ങി ഇരിക്കാനുള്ള കഴിവ്‌ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു. എങ്കിലും 5 വയസ്സായിട്ടും അമാന്‌ സംസാരിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ സ്പീച്ച്‌ തെറാപ്പിയിലെ മോഡ്‌ ഒന്ന് മാറ്റി പരീക്ഷിക്കാം എന്ന് കരുതി, അവസാന പ്രതീക്ഷ എന്ന നിലയ്ക്ക്‌ ഒരു മോഡേണ്‍ ചികിത്സാ രീതിയായ ഓള്‍ട്ടര്‍നേറ്റ്‌ ഓഗ്മെന്റേറ്റീവ്‌ കമ്യൂണിണിക്കേഷന്‍ അതായത്‌ സംസാരിക്കാനോ എഴുതാനോ കഴിവില്ലാത്ത അവസ്ഥയില്‍ മറ്റ്‌ മാര്‍ഗങ്ങളിലൂടെ ആശയവിനിമയത്തിന്റെ മറ്റ്‌ സാധ്യതകള്‍ പരീക്ഷിക്കാന്‍ തുടങ്ങി.

ഇതിനിടെ കുഞ്ഞ്‌ അമാന്‍ വീട്ടില്‍ വരുത്തുന്ന പത്രങ്ങളൊക്കെ വിശദമായി എടുത്ത്‌ നോക്കി ഇരിക്കുന്നത്‌ അമ്മ ശ്രദ്ധിച്ചിരുന്നു. അക്ഷരം അറിയാത്ത അമാന്‍ എന്താണ്‌ പത്രത്തില്‍ ഇത്ര ശ്രദ്ധിച്ച്‌ നോക്കുന്നതെന്ന് അമാന്റെ അമ്മ അത്ഭുതപ്പെടുകയും ചെയ്തിരുന്നു

അല്‍ഫയിലെ സ്പീച്ച്‌ തെറാപ്പിസ്റ്റായ ഷൈയ്സയും, ആഞ്ജിയും ജെറിനും അമാനെ ഒരു ടാബ്‌ ഉപയോഗിച്ച്‌ ടൈപ്പ്‌ ചെയ്യാന്‍ പരിശീലിപ്പിച്ചു. ഒപ്പം രാജലക്ഷ്മി റ്റീച്ചറിന്റേയും, ആഷിക്ക്‌ ടീച്ചറിന്റേയും കീഴില്‍ സ്പെഷ്യല്‍ എജ്യുക്കേഷനും കൂടുതല്‍ ഫോക്കസ്‌ ചെയ്തു. ലെസ്നയും ജെമിനും ഒക്കുപേഷണല്‍ തെറാപ്പിയിലും മേഘ്‌ന ബിഹേവിയറല്‍ തെറാപ്പിയിലും കഠിനമായ പരിശീലനം നല്‍കി.

ഒരു സെഷനും മുടങ്ങാതെ അമാന്റെ അമ്മ കുട്ടിയെ സെന്ററില്‍ കൃത്യമായ സമയത്തെത്തിക്കുകയും പ്രൊഫഷണല്‍ ടീം നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും അക്ഷരം പ്രതി പാലിക്കുകയും വീട്ടില്‍ അമാനെ പരിശീലിപ്പിക്കുകയും ചെയ്തു.

ഇങ്ക്ലൂസീവ്‌ എജ്യുക്കേഷന്റെ ഭാഗമാക്കാന്‍ ഈ ജൂണില്‍ അമാനെ ആഴ്ച്ചയില്‍ മൂന്ന് ദിവസം സാധാരണ സ്കൂളിലേയ്ക്കും കൂടി അയച്ചിരുന്നു.
ഇക്കഴിഞ്ഞ 2 മാസങ്ങള്‍ക്ക്‌ മുമ്പ്‌ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്‌ അമാന്‍ ടാബില്‍ അക്ഷരങ്ങള്‍ ടൈപ്പ്‌ ചെയ്ത്‌ തുടങ്ങി. അത്‌ കേവലം അക്ഷരങ്ങള്‍ മാത്രമായിരുന്നില്ല കൃത്യമായ സ്പെല്ലിംഗുകള്‍ ഉള്ള വാക്കുകള്‍ തന്നെയായിരുന്നു. കൂടുതല്‍ ഞെട്ടിയത്‌ ആ വാക്കുകളും പദ സഞ്ചയങ്ങളും ഒരു 5 വയസ്സുകാരന്റെ ഐ.ക്യു ലെവലിനും നിരവധി മടങ്ങ്‌ മുകളിലായിരുന്നു എന്നതാണ്‌. ഈ അടുത്ത്‌ അമാന്‍ ടൈപ്പ്‌ ചെയ്യുന്നത്‌ കേവലം വാക്കുകള്‍ മാത്രമല്ല തികഞ്ഞ വ്യകരണത്തോട്‌ കൂടിയ മുഴുവന്‍ വാക്യങ്ങളുമാണ്‌. അതും നല്ല ശുദ്ധമായ ഇംഗ്ലീഷില്‍.

അമാന്‍ മുമ്പ്‌ വായിക്കുന്ന/കാണുന്ന വാക്കുകളെയോ വാക്യങ്ങളേയോ പാറ്റേണുകളായി അര്‍ത്ഥമറിയാതെ കോപ്പി ചെയ്യുകയാണോ എന്ന് ഞങ്ങള്‍ ന്യായമായും സംശയിച്ചു. അത്‌ കൊണ്ട്‌ കൂടുതല്‍ ഭാവനാത്മകമായ കാര്യങ്ങളെക്കുറിച്ച്‌ അവനോട്‌ ഇന്ററാക്ടീവ്‌ ആയി ചോദ്യങ്ങള്‍ ചോദിക്കുകയും അവന്റെ ഉത്തരങ്ങള്‍ ടാബില്‍ ടൈപ്പ്‌ ചെയ്യിപ്പിക്കുകയും ചെയ്തു.

ഫലവും ഞെട്ടിക്കുന്നതായിരുന്നു. റെയിന്‍ബോ എന്നൊരു വിഷയത്തെക്കുറിച്ച്‌ എഴുതാന്‍ പറഞ്ഞപ്പോള്‍ അമാന്‍ ടാബില്‍ ടൈപ്പ്‌ ചെയ്തത്‌ ഇതായിരുന്നു.

RAINBOW
———————–
YOU ARE SO BEAUTIFUL
SURELY THE GODDESS OF SKIES
FULL OF ENERGY
REGISTERED WITH GIFT OF GOD
FULL OF ENTHUSIASM
FULL OF SUPER COLORS
FULL OF UGLY YEARS
FULL OF GUILTY REASONS
HOUSED IN ONE WORD

THE RAINBOW

ഇതിനെ നിങ്ങള്‍ കഥയെന്നോ, കവിതയെന്നോ, ഉപന്യാസമെന്നോ എന്ത്‌ വേണമെങ്കിലും വിളിച്ച്‌ കൊള്ളൂ. പക്ഷെ ഇത്‌ അമാന്‍ എന്ന 5 വയസ്സുകാരന്റെ മനസ്സാണ്‌. അവന്റെ തലച്ചോറിന്റെ മടക്കുകളിലൂടെ പാഞ്ഞ്‌ നടക്കുന്ന നിരവധി അനവധി ന്യുറോണുകള്‍ കൊണ്ട്‌ വരുന്ന സന്ദേശങ്ങളാണ്‌. അവ മനസ്സിലാക്കാനുള്ള സംവേദന ക്ഷമത നമുക്കുണ്ടോ എന്ന് മാത്രം ചിന്തിക്കാം.

ആളുകളെ അഭിമുഖീകരിക്കാന്‍ ഇന്നും അമാന്‌ പേടിയാണ്‌. ഇപ്രാവശ്യത്തെ ഓണാഘോഷത്തില്‍ കര്‍ഷകനായി വേഷം കെട്ടി അരങ്ങ്‌ വരെ എത്തിയെങ്കിലും അവസാന നിമിഷം അവന്‍ കരഞ്ഞ്‌ കൊണ്ട്‌ തിരിച്ചോടി. ഇതും മാറ്റി എടുക്കാനുള്ള്‌ ശ്രമത്തിലാണ്‌ അല്ഫ ടീം.

സെറിബ്രല്‍ പാല്‍സി ആയാലും, ഓട്ടിസമോ, ഡൌണ്‍ സിന്‍ഡ്രൊമോ ആയാലും കഴിയുന്നത്ര മുമ്പ്‌ തന്നെ കുട്ടികളിലെ ഡെവലപ്പ്‌മെന്റല്‍ ഡിലേ കൃത്യമായി രീതിയില്‍ അസ്സെസ്സ്‌ ചെയ്യാനും ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ രീതിയില്‍ ഉള്ള റിഹാബിലിറ്റേഷന്‍ ചികിത്സാരീതികള്‍ നല്‍കുകയും ചെയ്താല്‍ കുഞ്ഞുങ്ങളിലെ കഴിവുകളെ നമുക്കു പുറത്തു കൊണ്ട്‌ വരാം.

ലോകത്താകമാനം ലക്ഷക്കണക്കിന്‌ അമാന്മാര്‍ ഒരിറ്റ്‌ ശ്രദ്ധയ്ക്കായി, വേണ്ട ശരിയായ പരിചരണത്തിനും, ചികിത്സയ്ക്കുമായി കേഴുന്നുണ്ട്‌ എന്ന പൊള്ളുന്ന സത്യം നാം മറക്കാതിരിക്കുക.
ഇത്തരം കുഞ്ഞുങ്ങളെ എളുപ്പത്തില്‍ ചികിത്സിച്ച്‌ ഭേദമാക്കാം എന്ന് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ലക്ഷങ്ങള്‍ തട്ടിച്ച്‌ ചൂഷണം ചെയ്യുന്ന വ്യാജന്മാരേയും കപട ചികിത്സകരേയും തിരിച്ചറിയുകയും അവരില്‍ നിന്ന് മാതാപിതാക്കളെ രക്ഷപ്പെടുത്തുകയും ചെയ്യേണ്ടതും അനിവാര്യമാണ്‌.

ഇതിനായി അല്‍ഫയെപ്പോലുള്ള നിരവധി സെന്ററുകള്‍ പിറവി കൊള്ളട്ടെ. നമ്മുടെ സര്‍ക്കാരുകളും മെഡിക്കല്‍ രംഗത്തെ ഏജന്‍സികളും ഇതിനായി മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..

നമുക്കു ചെയ്യാന്‍ കഴിയുക ഈശ്വര കൃപയാല്‍ ഈ കുഞ്ഞുങ്ങള്‍ക്ക്‌ ചിറക്‌ മുളപ്പിക്കുക എന്നുള്ളതാണ്‌. അവര്‍ തങ്ങള്‍ക്ക്‌ പറക്കാനുള്ള ആകാശങ്ങള്‍ കണ്ടെത്തിക്കൊള്ളും. അല്ഫയ്ക്ക്‌ ഒപ്പം നടക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഒരായിരം നന്ദി.

മാതാപിതാക്കളൂടെ അനുവാദത്തോടെ അമാന്റെ ചിത്രം കൂടി ഇതോടൊപ്പം ചേര്‍ക്കുന്നു.

സ്പീച്ച്‌ തെറാപ്പിസ്റ്റ്‌ അമാനോട്‌ ചോദിക്കുന്നു.

“അമാന്‍ ആര്‍ യു ഹാപ്പി?”
അവന്‍ ടാബില്‍ വിരലോടിക്കുന്നു.
.
സ്ക്രീനില്‍ തെളിയുന്നത്‌ NO എന്ന രണ്ടക്ഷരം

സ്പീച്ച്‌ തെറാപ്പിസ്റ്റ്‌ ചോദിക്കുന്നു.
“വൈ യു ആര്‍ നോട്ട്‌ ഹാപ്പി അമാന്‍?”

അമാന്റെ കൈവിരലുകള്‍ ടാബില്‍ ദ്രുതഗതിയില്‍ ചലിക്കുന്നു…
സ്ക്രീനില്‍ തെളിയുന്ന വാക്യം ഇങ്ങനെ ..

THERE IS NO FAN AND LIGHT

അപ്പോള്‍ റൂമില്‍ പവര്‍ സപ്ലൈ ഇല്ലായിരുന്നു!!

ആശ്വാസത്തോടെ ചിരിക്കുന്ന തെറാപ്പിസ്റ്റിന്റെ മുഖത്ത്‌ നോക്കി അമാന്‍ ചിരിക്കുന്നു…

ആകാശം മുട്ടെ പറക്കാന്‍ കൊതിക്കുന്ന അല്‍ഫയിലെ ഒരു പൂമ്പാറ്റക്കുഞ്ഞിന്റെ ചിരി.!!!

അമാന്‍ അവന്റെ ആകാശങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. അല്ഫയ്ക്ക്‌ ആത്മവിശ്വാസവും. അമാന്റെ മാതാപിതാക്കള്‍ക്ക്‌ ഒരു ദീര്‍ഘ നിശ്വാസവും…

ഇനി അമാന്‍ എന്ന ജീനിയസ്‌ ലക്ഷണങ്ങള്‍ കാണിക്കുന്ന ഈ കുട്ടിയെ എത്ര ഉയരത്തില്‍ പറപ്പിക്കാം എന്ന ചിന്തയിലാണ്‌ ഞങ്ങള്‍.