അങ്ങനെ ഞങ്ങളുടെ ഫറുവും അങ്കൻവാടിയിൽ നടന്ന് പോയിത്തുടങ്ങി.

 

“എന്റെ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത് “എന്ന് പ്രൊഫ.ടി.വി.ഈച്ചരവാരിയര്‍ ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട് . ഒരു കാലഘട്ടം മുഴുവൻ മലയാളി മനസ്സിനെ പൊള്ളിച്ച ഈ വാക്കുകൾക്ക് ശേഷം ഞങ്ങളെ പൊള്ളിച്ച ഒരു സംഭവമായിരുന്നു എറണാകുളത്തെ ഒരു ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോക്കാരുടെ ക്രൂരത കൊണ്ട്‌ അരമണിക്കൂറോളം പെരുമഴയിലായിപ്പോയ ഒരു അമ്മയുടേയും അവരുടെ നടക്കാന്‍ കഴിയാത്ത, മഴ നനഞ്ഞാല്‍ സ്ഥിരമായി പനിയും അപസ്മാരവും വരുന്ന കുഞ്ഞിന്റെയും അനുഭവം .

അമ്മയെയും ഭിന്നശേഷിയുള്ള കുഞ്ഞിനേയും പെരുമഴയത്ത്‌ അര മണിക്കൂറോളം നിര്‍ത്തിയതില്‍ പ്രതികരിച്ച്‌ കൊണ്ട്‌ നമ്മുടെ സുഹൃത്തുക്കളെ ടാഗ്‌ ചെയ്ത്‌ കൊണ്ടെഴുതിയ ഫേസ്‌ ബുക്കിലിട്ട കുറിപ്പ്‌ ( https://www.facebook.com/anaz.kabeer.5/posts/10209404383730596) മാധ്യമ സുഹൃത്തുക്കളും എല്ലാവരും ഒത്ത്‌ ചേര്‍ന്ന് പൊതു ജനശ്രദ്ധയില്‍ പെടുത്തുകയും, അധികൃതരിലേയ്ക്ക്‌ എത്തിക്കുകയും ചെയ്തിരുന്നു. അതിന്റെ ഫലമെന്നോണം അന്നത്തെ കളക്ടർ രാജമാണിക്യവും ആര്‍ടി.ഓ-യും ഇടപെട്ട്‌ നടത്തിയ അന്വേഷണത്തില്‍ ഷാഡോ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ നേരിട്ട്‌ തന്നെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പെരുമാറ്റ പ്രശ്നങ്ങള്‍ അനുഭവിച്ചറിഞ്ഞ്‌ മനസ്സിലാക്കുകയും, കുറ്റക്കാരെ താക്കീത്‌ ചെയ്യുകയും ചെയ്തിരുന്നു. നല്ലവരായ നാട്ടുകാരും അവരോട്‌ പോയി പ്രതികരിച്ചിരുന്നു.

ഓട്ടോറിക്ഷക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച്‌ അറിഞ്ഞ അന്ന് മുതല്‍ സെന്ററിനെ സപ്പോര്‍ട്ട്‌ ചെയ്യുന്ന സുഹൃത്തുക്കള്‍ക്കൊക്കെ ഒരു ആശങ്കയായിരുന്നു.ഈ പ്രതിസന്ധിയെക്കുറിച്ച്‌ അവര്‍ പരസ്പരം സംസാരിക്കുകയും ഒടുവില്‍ സെന്ററിലെ കുഞ്ഞുങ്ങളേയും അമ്മമാരേയും മെയിന്‍ ബസ്‌ സ്റ്റോപ്പുകളില്‍ നിന്ന് കൊണ്ട്‌ വരാനും തിരിച്ച്‌ കൊണ്ടാക്കുവാനും ചെറിയ സ്കൂള്‍ വാന്‍ തന്നെ വാങ്ങിത്തന്ന് എല്ലാ ചങ്ങാതിമാരും കൂടി ഞങ്ങളെ സ്നേഹം കൊണ്ട് തോൽപ്പിച്ചിരുന്നു.

ഇന്നിപ്പോൾ മൂന്ന് വർഷം പിന്നിടുമ്പോൾ, നാലര വയസ്സിൽ ഞങ്ങളുടെ ഫർഹാനും അവന്റെ ആദ്യ ചുവടുകൾ വെച്ചിരിക്കുന്നു .

പെരുമ്പാവൂർ നിന്നും മൂന്നു വർഷമായി അൽഫയിൽ വരുന്ന ഫർഹാൻ വെസ്റ്റ് സിൻഡ്രോം എന്ന അവസ്ഥയുടെ തീവ്രത കാരണം എപ്പോളും ആശുപത്രിയിൽ ആയിരുന്നു

എല്ലാ പ്രതിസന്ധികൾക്കും നീണ്ട കാത്തിരിപ്പുകൾക്കും കഷ്ടപ്പാടുകൾക്കും ഒടുവിൽ, പരിശ്രമിയായ ആ അമ്മ അല്ഫയുടെ സഹായത്തോടെ മകന്റെ ആദ്യ ചുവടുകൾ വെപ്പിച്ചെടുത്തു. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തും മൂന്നു വർഷമായി നിരന്തരം തെറാപ്പി സെഷനുകൾ മുടങ്ങാതെ അല്ഫയിലെത്തിച്ച ആ അമ്മയുടെ തളരാത്ത മനസ്സാണ് ഞങ്ങളുടെ ഫറൂനെ ആദ്യചുവടുകൾ വയ്‌ക്കാൻ സഹായിച്ചത്. കഴിഞ്ഞ പ്രളയത്തിലും വീട് മുഴുവനും മുങ്ങിയ അവസ്ഥയിലും അവർ തളരാതെ പിടിച്ചു നിന്നു . ഇനിയും കുറെ മാറ്റങ്ങൾ അവനു വരാനുണ്ട് എങ്കിലും ആദ്യചുവടുകൾ വച്ചു കണ്ട സന്തോഷം എല്ലാരുമായി പങ്കു വയ്ക്കുന്നു .

പ്രതിസന്ധികൾക്ക് മുമ്പിൽ തളരാത്ത മനസ്സുള്ള ഒരമ്മ ലോകത്തോട് നിശ്ശബ്ദം ഉറക്കെ വിളിച്ച് പറയുന്നു
” അന്ന് നടക്കാൻ കഴിയാത്ത എന്റെ കുഞ്ഞിനെ നിങ്ങൾ മഴയത്ത് ഇറക്കി നിര്‍ത്തിയെങ്കിൽ, ഇന്നെന്റെ കുഞ്ഞ് ആ മഴയത്ത് ഇറങ്ങി നടക്കും!”

കുഞ്ഞുങ്ങൾക്ക് ചിറക് മുളപ്പിക്കുന്നതോടൊപ്പം തളർന്ന് പോകുന്ന അമ്മമാരുടെ ആത്മവിശ്വാസത്തെ ഒരു പടിയെങ്കിലും ഉയരത്തിലെത്തിക്കാൻ അൽഫയ്ക്ക് സാധിക്കുന്നുവെങ്കിൽ അത് തന്നെയാണ് അല്ഫയുടെ കർമസാഫല്യവും .

ശിശുദിനം 2018

 

വീണ്ടും ഒരു ശിശുദിനാഘോഷം കൂടി ,ശിശുദിനാഘോഷം അൽഫയുടെ അമ്മമാരുടെയും ടീമിന്റെ യും സന്തോഷം നിറഞ്ഞ ദിവസം കൂടിയാണ് .
അന്ന് ഞങ്ങളുടെ കുട്ടികൾക്ക് എല്ലാ തെറാപ്പികളിൽ നിന്നും മോചനം കിട്ടും .
പേരെന്റ്സിന്റെയും സ്റ്റാഫിന്റെ യും ഗെയിംസ് എന്നാൽ ശരിക്കും അമ്മമാരുടെ ആ സന്തോഷം കാണാനുള്ള ഒരു ദിവസം കൂടിയാണ് ഞങ്ങൾക്ക്.
കുട്ടികളുടെ ഡ്രസ്സ് വാടകക്ക് എടുക്കാൻ പതിവായി പോകുന്ന സർഗവീണ ,എത്ര തിരക്കാണെങ്കിലും ഞങ്ങളുടെ കുട്ടികൾ ക്കുള്ള ഡ്രസ്സ് തരും.
അൽഫയിലെ കുഞ്ഞുങ്ങളെ ഇത്രയും വർണ്ണങ്ങൾ നിറഞ്ഞു കാണുമ്പോൾ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെ.
നിറഞ്ഞ മനസ്സോടെ അവരെ ഒരുക്കാൻ ഞങ്ങളുടെ ടീം എല്ലാരും പ്രയത്നിക്കുന്നത് കാണുമ്പോൾ ആണ് മഹാനായ ചാച്ചാജി യുടെ ജന്മദിനം എല്ലാ കുഞ്ഞുങ്ങളെയും പോലെ ഈ കുഞ്ഞുങ്ങൾക്കും സന്തോഷിക്കാൻ ഉള്ളത് ആണെന്ന് നിർവൃതി യോടെ ഓർക്കുന്നതും ആഘോഷിക്കുന്നതും ..

ഇവരെ ഒന്നിലും മാറ്റി നിർത്താതെ ഇൻക്ലൂസിവ് ആക്കാനുള്ള ഞങ്ങളുടെ യാത്ര തുടരുന്നു …
ഓരോ വർഷവും ഓരോ കഥാപാത്രങ്ങളാകാൻ പുതിയ കുഞ്ഞുങ്ങൾ അൽഫയെ തേടി എത്തുന്നു .

നിലവിളിക്കുന്ന ഗാന്ധിജിയും , പൊട്ടിക്കരയുന്ന നേതാജിയും , തുള്ളിച്ചാടുന്ന ഭഗത് സിങ്ങുമുള്ള അൽഫയുടെ കളിയരങ്ങുകൾ ..

സർവേശ്വരന്റെ അനുഗ്രഹത്തോടെ അൽഫ മുമ്പോട്ട് നീങ്ങുന്നു

ശിവാനി വളരെ സന്തോഷത്തിലാണ്

ശിവാനി വളരെ സന്തോഷത്തിലാണ് അവൾക്കു ആർത്തിരമ്പുന്ന കടലല കളുടെ സ്വരം ആദ്യമായി കേൾക്കാനായി …ശിവാനിയുടെ അച്ഛന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല
എന്നും ശിവാനിയുടെ അച്ഛൻ വിളിച്ചു നന്ദി പ്രകടിപ്പിക്കുന്നത് കാണുമ്പോൾ ഒരു നല്ല കാര്യം ആ കുട്ടിക്ക് ചെയ്തു നൽകാൻ നിമിത്തം ആയല്ലോ എന്ന ചാരിതാർഥ്യം മാത്രം .
.ആ കുട്ടിക്ക് അഡാപ്റ്റഡ് വീൽ ചെയർ സമ്മാനിച്ച ഫ്രണ്ട്‌സ് ഓഫ് അൽഫക്ക്‌ ആ അച്ഛന്റെ നന്ദി അറിയിക്കാൻ പറഞ്ഞിട്ടുണ്ട്
ഈ സമ്മാനം ആ മാതാപിതാക്കൾക്കു ഉണ്ടാക്കിയ ഒരു സമാധാനം വലിയ ഒരു കാര്യം തന്നെയാണ് .
എന്നും 50kg ഭാരമുള്ള സ്വന്തം മകളെ തന്റെ ആരോഗ്യം പോലും നോക്കാതെ ചുമന്നു നടന്നിരുന്ന ആ അച്ഛന്റെ ദയനീയ മുഖം ഏകദേശം അതെ പ്രായമുള്ള ഒരു മകളുടെ അമ്മയായ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല .

സഹതാപത്തോടെ നോക്കുന്ന ആയിരങ്ങൾക്കിടയിൽ ആത്മാഭിമാനത്തോടെ ഇനി ശിവാനി ഇറങ്ങി നടക്കും . കടലും പുഴകളും വഴിവക്കുകളും അവൾക്ക് കൂടി സ്വന്തമാണ് . നമ്മുടെ റോഡുകളും വഴിയോരങ്ങളും കൂടി ഡിസേബിൾ ഫ്രണ്ട്ലി ആവേണ്ടതുണ്ട് .

 

45447389_2049210468470025_1205697302530883584_n

അൽഫ, സർഗാത്മകത പൂക്കുന്ന വീട് !

ഡിഫറന്റ്ലി ഏബിൾഡ് ചിൽഡ്രൻ അഥവാ ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾ എന്നാൽ മറ്റുള്ളവരെക്കാളും വ്യത്യസ്തമായ കഴിവുകൾ ഉള്ള കുട്ടികൾ എന്നത്‌ കേവലം ഒരു പ്രയോഗം മാത്രമല്ല എന്ന് പ്രായോഗികമായി തെളിയിക്കേണ്ടത് അൽഫയ്ക്ക് ഒരാവശ്യം കൂടിയായിരുന്നു.

മറ്റുള്ള കുട്ടികൾ ബുദ്ധിപരമായും, ശാരീരികമായും, മാനസികമായും, ക്രിയാത്മകമായും ഉയർന്നു നിൽക്കുന്നു എന്ന തോന്നലിൽ സ്വന്തം കുടുംബത്തിൽ പോലും ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്ക് വേണ്ട പരിഗണന നൽകാത്ത കാലത്ത് അവർ എന്താണെന്നും അവരുടെ ഉള്ളിലുള്ള അത്ഭുതങ്ങൾ എന്താണെന്നും പുറത്തെത്തിക്കുക എന്ന വെല്ലുവിളിയാണ് അൽഫയിലെ ടീം ഏറ്റെടുത്തിരിക്കുന്നത് .

നാദിയ റിജാസിന്റെ നേതൃത്വത്തിൽ അൽഫ ലേണിംഗ് സെന്ററിലെ ഗ്രൂപ്പ് ആക്ടിവിറ്റികളും ഷബ്‌ന അക്ബറിന്റെ നേതൃത്വത്തിൽ അൽഫ റിഹാബിലിറ്റേഷൻ സെന്ററിലെ ഗ്രൂപ്പ് ആക്ടിവിറ്റികളും ഭംഗിയായി നടക്കുന്നു.

സർവ ശക്തന്റെ അനുഗ്രഹം കൊണ്ട് നിശ്ചയദാർഢ്യവും ആത്മാർത്ഥതയും സേവനമനഃസ്ഥിതിയും ഉള്ള മെഡിക്കൽ പ്രൊഫഷണലുകളും സ്‌പെഷ്യൽ റെമഡിയൽ എജ്യുക്കേഷൻ തെറാപ്പിസ്റ്റുകളും കൈ കോർക്കുമ്പോൾ അൽഫയിൽ കഴിവുകൾ പൂത്തിറങ്ങുന്നു …
അല്ഫയുടെ ടീമിന് ഒരായിരം നന്ദി..

ആഴ്‍ചയിൽ ഒരിക്കലുള്ള അൽഫയുടെ ഗ്രൂപ്പ് തെറാപ്പിയിൽ സോഡകുപ്പിയുടെ അടപ്പും പേപ്പറും മുത്തുകളും, പേപ്പർ പ്ലെയിറ്റുകളും ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പണിയായുധങ്ങളാണ് .. അവർ ചെറിയ കത്രികകൾ കൊണ്ട് അതിൽ പലതും വെട്ടിയുണ്ടാക്കുന്നു, പശയും ചായക്കൂട്ടുകളും ചേർത്ത് നിറം പിടിപ്പിക്കുന്നു.

കഴിഞ്ഞ ആറു മാസത്തെ ടീമിന്റെ ക്ഷമാപൂർവ്വമായ നിരന്തര പരിശീലനങ്ങളുടെ ചിത്രങ്ങളാണിവ.
നിങ്ങളുടെ കുടുംബങ്ങളിൽ സുഹൃദ് ഗ്രൂപ്പുകളിൽ ഭിന്നശേഷിയോ, പഠനവൈകല്യമോ ഉള്ള ഇത്തരം കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ഉണ്ടെങ്കിൽ അവരോട് പറയുക. അല്പം സമയം എങ്കിലും ഈ കുഞ്ഞുങ്ങളുടെ കഴിവുകളെ വളർത്താൻ അൽപ്പം ശ്രദ്ധ ചെലുത്തുകയാണെങ്കിൽ അവർ അത്ഭുതം കൊണ്ട് നിങ്ങളുടെ ജീവിതത്തെ പ്രകാശമാനമാക്കുമെന്ന് .. നാളെയൊരു പക്ഷേ അവനത് ഉപജീവനമാർഗ്ഗമാവുമെന്ന് ..

കഴിവ് പരിമിതമെങ്കിലും അൽഫ കുറേ കുഞ്ഞുങ്ങൾക്കെങ്കിലും ഒരു തണൽ മരമായി നിൽക്കുന്നു …
സർഗാത്മകത ഒരു മഴയായി പെയ്തിറങ്ങുന്നു … ദൈവത്തിന്റെ കയ്യൊപ്പുള്ള കുറേ മനസ്സുകളിലേയ്ക്ക്….

നാളെയത് അവർക്കൊരു കൈത്തിരിയായി മാറട്ടെ എന്ന പ്രാർത്ഥനയോടെ …

അല്‍ഫ എന്‍ പ്രിയ പുഷ്‌പം : വി. എ ഫാത്തിമാ ബീവി

അല്‍ഫ എന്‍ പ്രിയ പുഷ്‌പം
: (വി. എ ഫാത്തിമാ ബീവി )
============================================
അല്‍ഫേ എന്‍ പ്രിയ മനോജ്ഞ സുമമേ
കരയുന്നതെന്തിനു നീ ചിരിക്കുന്നതും
നീലാംബരപ്പൊയ്കയിലീ താരകങ്ങളെപ്പോല്‍
നിന്‍ ഇലത്തട്ടിലൊരു നൂറ് പൂമ്പാറ്റകളോ?

നുറുങ്ങു വെട്ടത്തിലീ മിന്നിത്തിളങ്ങുന്നൊരാ
ചെറു മിന്നാമിനുങ്ങിന്‍ പറ്റങ്ങളോ?
നിന്നിലൂറും ത്യാഗവും സ്നേഹവാത്സല്യങ്ങളും
കാണട്ടെയീ വിശ്വമൊരു മന്ദസ്മിതത്തോടെയെങ്കിലും

വേദന തിന്നുന്നൊരിളം പൈതങ്ങളെയേന്തി
വ്യഥ പൂണ്ട് നിന്‍ പടി ചവിട്ടുന്നോരെത്രയോ
ഇമ പൂട്ടിയൊന്നുറങ്ങുവാന്‍ കഴിയാതെയീ അമ്മമാര്‍
ക്ഷമ കെട്ട് ദിനരാത്രമെണ്ണി കഴിഞ്ഞതില്ലേ

‘അമ്മേ’യെന്നൊരൊറ്റ വിളിയൊന്ന് കേള്‍ക്കുവാന്‍
വ്യാമോഹിച്ചെത്രനാള്‍ കാതോര്‍ത്തിരുന്നതല്ലേ
ഹൃത്തടം പൊള്ളുന്ന നോവുകളാലീ അമ്മമാര്‍ തന്‍
നെഞ്ചകം പൊട്ടിത്തകര്‍ന്നതില്ലേ

വീണും കിടന്നും ഉരുണ്ടും മറിഞ്ഞും
മുറിവേറെ പിഞ്ചിളം മേനിയെ തഴുകിയില്ലേ
അമ്മിഞ്ഞ പാലു പോലും നുകരുവാനാവാതെ
അമ്മ തന്‍ കണ്‍‌തടം നിറ തുളുമ്പിയില്ലേ

ഈ മഹാ പ്രപഞ്ചത്തിലെത്രയോ കുരുന്നുകള്‍
ജീവിതം വഴി മുട്ടി പാതി നില്‍ക്കേ
പൊള്ളുന്നൊരീ നെഞ്ചുകള്‍ക്കുള്ളം തണുപ്പിക്കുവാന്‍
അല്‍ഫേ നിനക്കെന്നും കഴിഞ്ഞിടുന്നു

നിന്‍ പ്രഭയേറ്റോരിളം കിടാങ്ങള്‍ അമ്മതന്‍
കൈ പിടിച്ച് പിച്ച വെച്ചു നടന്നതറിഞ്ഞില്ലേ
നിന്‍ പൂമ്പൊടിയേറ്റൊരിളം പൈതങ്ങളില്‍
ആദ്യ വാക്കിന്‍ പൂ മൊട്ട് വിടര്‍ന്നതില്ലേ

പൊന്നിളം ചുണ്ടിലെ അധരവിക്ഷേപങ്ങള്‍
സുന്ദര കഥകള്‍ മെനഞ്ഞതില്ലേ
കുഞ്ഞിളം മനോമുകുരങ്ങളിലങ്കുരിച്ചൊരാ
വാഗ്ധോരണി പ്രവാഹത്തെ നീ കണ്ടതില്ലേ

വാക്കുകള്‍ കൊണ്ടവര്‍ വരികളും കൊണ്ടവര്‍
ആശയപ്പെരുമഴ തീര്‍ത്തതറിഞ്ഞില്ലേ
ആ ആകാശപ്പെരുമഴ പെയ്തിറങ്ങി
ഈ വിശ്വത്തെയാകെ ഞെട്ടിത്തരിപ്പതില്ലേ

നിന്‍ പൂമ്പൊടിത്തേനുണ്ടൊരിളം പതംഗങ്ങള്‍
തന്‍ ചിറകുകള്‍ വീശി പറന്നതറിഞ്ഞില്ലേ
ഇവ്വിധത്തിലുള്ളൊരൊട്ടൊരനുഗ്രഹങ്ങള്‍
വിശ്വപ്രപഞ്ചനാഥന്‍ തന്‍ യുക്തിയല്ലേ

ഇവര്‍ക്കൊക്കെയും എന്നാളും ആശ്വാസം പകര്‍ന്നിടാന്‍
അല്‍ഫേ നിനക്കെന്നും കഴിഞ്ഞിടട്ടേ
ഇവര്‍ക്കൊക്കെയുമൊരൊശ്വാസമായ് സാന്ത്വനമായ്
നിന്‍ മാനസ വീചികളെന്നെന്നും മന്ത്രിക്കയില്ലേ

അല്‍ഫേ നിന്‍ പരിഭവ പരിമിതികളേറെയെങ്കിലും
നല്ല ശ്രമത്തിനു പരിമിതികളില്ലെന്നറിയുക
സുദിനങ്ങളോരോന്നും പാഴാക്കാതെ നീ
പ്രതിഭകള്‍ തന്‍ തളിരുകള്‍ക്ക് വളമേകിയില്ലേ

അമ്മ തന്‍ കുഞ്ഞിനെ മാറോടണയ്ക്കും പോല്‍
അല്‍ഫ തന്‍ ഉണ്ണികള്‍ ഈ കൂട്ടിലേയ്ക്കണയുന്നു

ഞാനാശിക്കുന്നുവെന്‍ കുഞ്ഞിളം പൂവേ
നീ വളരണം ഉയരണം വാനോളമുയരണം

ഞാനാശംസിക്കുന്നുവെന്‍ പ്രിയ പുഷ്‌പമേ
നിന്‍ ദളങ്ങളൊരിക്കലും വാടാതെ കൊഴിയാതെ
നിന്‍ യശസ്സ് എന്നുമേ നില നില്‍ക്കണം

ഞാനാശംസിക്കുന്നുവെന്‍ പ്രിയ സൂനമേ
ആകാശഗംഗയില്‍ പൂന്തിങ്കളെപ്പോല്‍
നിന്‍ പ്രഭയെന്നും വിളങ്ങിടട്ടേ..

നോവുകള്‍ക്കെന്നുമേ തണലായിരിക്കുക!
നോവും മനസ്സിനു തുണയായിരിക്കുക!
നനയുന്ന കണ്ണിനു കൈലേസായിരിക്കുക!
ആരെയും.. ആരെയും.. നോവിക്കാതിരിക്കുക!

അല്‍ഫ ലേണിംഗ് ഡവലപ്പ്മെന്റ് സെന്റര്‍

അല്‍ഫ പീഡിയാട്രിക് റിഹാബിലിറ്റേഷന്‍ സെന്ററിന്റെ പുതിയ സംരംഭമായ,സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ഡൌണ്‍ സിണ്‍ഡ്രോം, ലേണിംഗ് ഡിസബിലിറ്റി, ഇന്റലക്ചുല്‍ ഡിസബിലിറ്റീസ്, എഡി.എച്ച്‌.ഡി, സ്ലോ ലേണേഴ്‌സ്‌ കുട്ടികള്‍ക്കായി ആലുവ കിഴക്കേ കടുങ്ങല്ലൂരില്‍ ആരംഭിക്കുന്ന ‘അല്‍ഫ ലേണിംഗ് ഡവലപ്പ്മെന്റ് സെന്റര്‍‘ കളമശ്ശേരി എം.എല്‍.എ ശ്രീ വി.കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു.
ആലുവ റോട്ടറി ക്ലബിന്റെ സ്നേഹഭവന്‍ എന്ന ബാരിയര്‍ ഫ്രീ സൌകര്യങ്ങള്‍ ഉള്ള ഒരു കെട്ടിടം അല്‍ഫ ലേണിംഗ്‌ ഡെവലപ്പ്‌മന്റ്‌ സെന്ററായി മാറിയിരിക്കുന്നു.
ഈ അധ്യയന വര്‍ഷം അല്ഫയില്‍ നിന്ന് ആദ്യ ചുവടുകള്‍ വെച്ചതും സംസാര ശേഷി വീണ്ടെടുത്തതുമായ 40 കുട്ടികളുമായി അല്‍ഫ ലേണിംഗ്‌ ഡെവലപ്പ്‌മന്റ്‌ സെന്റര്‍ അതിന്റെ യാത്ര തുടങ്ങുകയാണ്‌.
അല്‍ഫയിലെ കുഞ്ഞുങ്ങളെ ആഴ്ചയില്‍ കഴിയുന്ന ദിവസങ്ങളില്‍ സാധാരണ സ്കൂളുകളില്‍ അയയ്ക്കുകയും ബാക്കി ദിവസങ്ങളില്‍ വിദഗ്‌ദ്ധരായ മെഡിക്കല്‍ പ്രൊഫഷണലുകളുടെ സഹായത്തോടെ ശരിയായ റെമെഡിയല്‍ എജ്യുക്കേഷന്‍ പരിശീലനം നല്‍കി എന്‍.ഐ.ഓ.എസ്‌. പോലെയുള്ള ഓപ്പണ്‍ സ്കൂള്‍ സിലബസിലൂടെ അവരെ പരീക്ഷ എഴുതിപ്പിച്ച്‌ ഒരു തൊഴിലിന്‌ പ്രാപ്തരാക്കുക എന്നതാണ്‌ അല്‍ഫ ലേണിംഗ് ഡവലപ്പ്മെന്റ് സെന്ററിന്റെ ലക്ഷ്യം .
വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്നതില്‍ കുട്ടിയുടെ ഐ.ക്യു തടസം നില്‍ക്കുന്ന പക്ഷം അവരെ വൊക്കേഷണല്‍ ട്രെയിനിംഗിലൂടെ തൊഴിലിന്‌ സജ്ജരാക്കുക എന്നതും കൂടി ഈ ലക്ഷ്യത്തിന്റെ ഭാഗമാണ്‌
നിലവില്‍ നാല്‍പ്പതോളം കുട്ടികളുമായി തുടങ്ങുന്ന ലേണിംഗ് സെന്ററിന്റെ സേവനങ്ങള്‍ തിങ്കളാഴ്ച്ച മുതല്‍ ലഭ്യമാകും.
ഉദ്ഘാടന ചടങ്ങില്‍ അങ്കമാലി ഫസ്റ്റ് ക്ലാസ്സ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ശ്രീമതി ലീന റിയാസ് വിശിഷ്ടാതിഥി ആയിരുന്നു.
എപ്പോഴും എന്ന പോലെ, ഒപ്പം നില്‍ക്കുന്ന അല്‍‌ഫയുടെ പ്രിയപ്പെട്ട ചങ്ങാതിമാര്‍ക്ക് ഇത് സമര്‍പ്പിക്കുന്നു.
ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ നിഴലായി പിന്നില്‍ നടക്കുന്ന അല്‍ഫയിലെ മാതാപിതാക്കള്‍ക്കും അല്‍ഫ ടീമിനും ഒരായിരം നന്ദി.
അമാന്റെ കവിതയിലെ വരികളെപ്പോലെ
ALFA- All Loving Family Atmosphere…
അല്‍ഫയെന്ന കുടുംബം വളരുകയാണ്..
സൌഹൃദങ്ങളെ അര്‍ത്ഥവത്താക്കുന്ന, സഹജീവികളുടെ നോവുകള്‍ തൊട്ടറിയുന്ന ഒരു സാന്ത്വന കൂട്ടായ്മയായി..
സര്‍വ്വേശ്വരനു സര്‍വ്വ സ്തുതിയും..

ശലഭങ്ങളുടെ ചിറകടിയൊച്ചകള്‍ !

ഒരിക്കലെങ്കിലും കൊച്ച്‌ ശലഭങ്ങളുടെ ചിറകടിയൊച്ചകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടോ?

വായുവിലവര്‍ ചിറക്‌ വീശിപ്പറക്കുമ്പോഴുണ്ടാകുന്ന ഹൃദയത്തിന്റെ കുറുകലുകള്‍ക്ക്‌ നിങ്ങള്‍ കാതോര്‍ത്തിട്ടുണ്ടോ?

കഴിഞ്ഞ നാല്‌ വര്‍ഷങ്ങളായി, ഈ നാദങ്ങള്‍ക്ക്‌ ഞങ്ങള്‍ കാതോര്‍ക്കുന്നു..
അതൊരു ഈണമായി പിറക്കുന്നു..
പലപ്പോഴും അതൊരു രാഗമാകുന്നു..
അപൂര്‍വ്വമായി അതൊരു സിംഫണിയായി …രാഗമഴയായി.. ഞങ്ങളിലേയ്ക്ക്‌ പെയ്തിറങ്ങുന്നു..

ആ നനവില്‍ അല്‍ഫ കൂടുതല്‍ ആര്‍ദ്രമാകുന്നു… ജീവിതം കൂടുതല്‍ ധന്യമാകുന്നു..

ആറര വയസ്സുകാരന്‍ സപ്പു ഞങ്ങള്‍ക്ക്‌ ഒരു സിംഫണി ആയതെങ്ങനെ എന്ന് പറയാം.

സൌജന്യ ഫിസിയൊതെറാപ്പി ചികിത്സ കിട്ടാന്‍ 3 ബസുകള്‍ മാറിക്കയറി തൃക്കാക്കര ഫിസിയോ സെന്ററില്‍ അമ്മയോടൊപ്പം എത്തിയ സപ്പുവിന്‌ അന്ന് ഒന്നര വയസ്സായിരുന്നു. ആഴ്ചയില്‍ രണ്ട്‌ ദിവസം കിട്ടുന്ന സൌജന്യ ചികിത്സയ്ക്ക്‌ ആ അമ്മ എന്നും മുടങ്ങാതെ വരുമായിരുന്നു

നിന്ന് പോയ സൌജന്യ സെന്ററിന്‌ ശേഷം, സപ്പു അല്‍ഫയെത്തേടി എത്തുമ്പോള്‍ അവന്‌ രണ്ട്‌ വയസ്സായിരുന്നു. ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ വിത്ത്‌ ഗ്ലോബല്‍ ഡവലപ്പ്‌മെന്റല്‍ ഡിലേ എന്ന അവസ്ഥ ആയിരുന്നു അവന്‌.
വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ താമസിച്ച്‌ പോവുകവും ഒപ്പം ഓട്ടിസം സ്പെക്ട്രത്തിന്റെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്ന ഒരു അവസ്ഥ. പഴന്തുണിക്കെട്ട്‌ പോലെ, വാടിത്തളര്‍ന്ന ഒരു ചെമ്പിന്‍ താള്‌ പോലെ ഹൈപ്പോ ടോണിക്കായ ശരീരം ഫിസിയോ മാറ്റില്‍ കുഴഞ്ഞ്‌ കിടന്നു. എഴുന്നേല്‍ക്കാന്‍ പോയിട്ട്‌ തലയുയര്‍ത്തി നില്‍ക്കാനൊ കഴിയാതെ ആ കുഞ്ഞ്‌ മാറ്റില്‍ കിടന്ന് വെറുതെ വട്ടം കറങ്ങുക മാത്രം ചെയ്യുമായിരുന്നുള്ളു.

മസില്‍ സ്ട്രെങ്ങ്‌തെനിംഗ്‌ ചെയ്യിക്കാന്‍ പൊലും സാധിക്കാത്ത വണ്ണം കൈകൊണ്ട്‌ പിടിക്കാന്‍ പൊലും ആവാത്ത അവസ്ഥയിലായിരുന്നു അവന്റെ ശരീരം.

പലപ്പോഴും കറങ്ങുന്ന ഫാനും, ബോളും നോക്കി മണിക്കൂറുകളോളം നിശബ്ദനായി അവന്‍ മാറ്റില്‍ കിടന്നു. അതായിരുന്നു അവന്റെ ഇഷ്ട വിനോദങ്ങളിലൊന്ന്.
പ്ലേ തെറാപ്പി ചെയ്യുമ്പോള്‍, മറ്റ്‌ കുട്ടികള്‍ പാട്ടും കളിയുമായി ഇരിക്കുമ്പോള്‍ സപ്പുവിന്റെ ശ്രദ്ധ എപ്പോഴും ഫാനിലേയ്ക്ക്‌ പോകുന്നത്‌ മൂലം, അവന്റെ കണ്ണില്‍പ്പെടാതെ റൂമിലെ ഫാനുകള്‍ ഞങ്ങള്‍ തുണി കൊണ്ട്‌ മൂടുമായിരുന്നു.

ഒരു പാട്‌ സെന്‍സറി പ്രോബ്ലംസ്‌ ഉള്ള അവനെ മൂന്നര വയസ്സില്‍ ആദ്യ ചുവടുകള്‍ വെപ്പിക്കാന്‍ ഈശ്വരാനുഗ്രഹം കൊണ്ട്‌ അല്‍ഫയ്ക്ക്‌ സാധിച്ചു.
3.5 വയസ്സു മുതല്‍ അവന്‍ പിച്ച വെച്ച്‌ നടന്ന് തുടങ്ങി ഇപ്പോള്‍ അമ്മയുടെ കൂടെ അവന്‍ സെന്ററിലും സ്കൂളിലും ഒരു ആശ്രയവുമില്ലാതെ നടന്ന് വരും. ഇപ്പോള്‍ അവന്റെ തെറാപ്പി സെഷനുകളിലേയ്ക്ക്‌ അവന്‍ ഓടിച്ചെല്ലും. അവന്‌ അല്‍ഫ മറ്റൊരു വീടായും ഇവിടുത്തെ സ്റ്റാഫംഗങ്ങള്‍ അവന്റെ കുടുംബക്കാരായും മാറിക്കഴിഞ്ഞു.

3.5 വയസ്സില്‍ നടന്നു തുടങ്ങിയെങ്കിലും സപ്പുവിന്‌ സംസാരശേഷി വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. നിരന്തരം സ്പീച്ച്‌ തെറപ്പി ചെയ്തിട്ടും ‘ആ’ എന്നൊരു ഉറക്കെയുള്ള ശബ്ദമല്ലാതെ ഒന്നും അവന്‍ പുറപ്പെടുവിച്ചില്ല.
ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റില്‍ 50%-ത്തിലധികം മെന്റല്‍ റിട്ടാര്‍ഡേഷന്‍ ഉണ്ട്‌ എന്ന് മെഡിക്കല്‍ ബോര്‍ഡ്‌ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും അല്‍ഫയും അവന്റെ മാതാപിതാക്കളും ഒട്ടും പ്രതീക്ഷ കൈവിട്ടില്ല. നടത്തം കഴിഞ്ഞ്‌ സ്പീച്ച്‌ തെറപ്പിയും, ഒക്കുപ്പേഷനല്‍ തെറപ്പിയും, ബിഹേവിയറല്‍ തെറപ്പിയും മുടങ്ങാതെ കഴിഞ്ഞ 3 വര്‍ഷവും ഒരു സെഷന്‍ പോലും മുടങ്ങാതെ നല്‍കാന്‍ അല്‍ഫയും നിരാശയാവാതെ അവന്റെ അമ്മയും പ്രത്യേകം ശ്രദ്ധിച്ചു. സപ്പുവിനെ പോലെയുള്ള കുട്ടികളുടെ മാതാപിതക്കള്‍ക്കുള്ള എല്ലാ അവയര്‍നെസ്‌ സെഷനുകളിലും ആ അമ്മ മുടങ്ങാതെ പങ്കെടുക്കുകയും എറ്റവും നല്ല സപ്പോര്‍ട്ടീവ്‌ മാതാവിനുള്ള അല്ഫയുടെ അവാര്‍ഡ്‌ കഴിഞ്ഞ 3 വര്‍ഷമായി അല്ഫയില്‍ നിന്ന് വാങ്ങിക്കുകയും ചെയ്തിരുന്നു.

സ്പീച്ച്‌ തെറപ്പി കൊണ്ട്‌ പ്രത്യേകിച്ച്‌ മാറ്റം ഒന്നും അവനില്‍ ഉണ്ടാവാത്തത്‌ കൊണ്ട്‌ അല്‍ഫ ടെക്നിക്കുകള്‍ ഒന്ന് മാറ്റി പരീക്ഷിക്കാന്‍ തീരുമാനിച്ചു. മുമ്പ്‌ അമാനെ പരിശീലിപ്പിച്ചത്‌ പോലെ, ആള്‍ട്ടര്‍നേറ്റീവ്‌ ഓഗ്മെന്റേറ്റീവ്‌ കമ്മ്യൂണിക്കേഷന്‍ ടെക്നിക്കിലൂടെ ടാബില്‍ ടൈപ്പ്‌ ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പര്‍ശീലിപ്പിച്ച്‌ തുടങ്ങി.

ഈ പ്രയത്നം കഴിഞ്ഞ കുറേ മാസങ്ങളായി അത്ഭുതകരമായ രീതിയില്‍ ഫലം കണ്ട്‌ തുടങ്ങി.
സപ്പുവും ടാബില്‍ ടൈപ്പ്‌ ചെയ്ത്‌ തുടങ്ങി.. ആശയസംവേദനത്തിലെ അവന്റെ ഉറവുകള്‍ പുതിയ നദികളായി പരിണമിക്കുന്നത്‌ ഞങ്ങള്‍ അത്ഭുതത്തോടെ നോക്കി നിന്നു.

അമാനെപ്പോലെ സപ്പു കവിതയോ, സാഹിത്യമോ എഴുതിയില്ല സപ്പു എഴുതിത്തുടങ്ങിയത്‌ നിര്‍വ്വചനങ്ങളാണ്‌. അര്‍ത്ഥവത്തായ… ആറ്റിക്കുറുക്കിയ വരികള്‍!!. വിദ്യാഭ്യാസത്തെക്കുറിച്ച്‌, അദ്ധ്യാപകരെക്കുറിച്ച്‌, പ്രകൃതിയെക്കുറിച്ച്‌, നദിയെക്കുറിച്ച്‌ ഒക്കെ അവന്‍ എഴുതിത്തുടങ്ങി..

അവന്‍ എജ്യുക്കേഷനെക്കുറിച്ച്‌ ഇങ്ങനെ എഴുതി
education
Kind of message for the children to test the attitude and earn the knowledge as reality got from the list lessons of teachers

അദ്ധ്യാപകരെക്കുറിച്ച്‌ ഇങ്ങനേയും
Teachers
The person of knowledge to handle the children with insufficient thoughts and they are handled for a better insights

ഞങ്ങളെ ഞെട്ടിച്ച ഒരു സംഭവം എന്താണെന്ന് വെച്ചാല്‍ ഫോട്ടോഗ്രാഫിക്‌ മെമ്മറി ഉള്ള സപ്പു ടൈപ്പ്‌ ചെയ്യുമ്പോള്‍ കീബോര്‍ഡിലേയ്ക്കോ ടാബിന്റെ സ്ക്രീനിലേയ്ക്കോ നോക്കുന്നതേ ഇല്ല എന്നുള്ളതാണ്‌. നന്നായി ഇംഗ്ലീഷ്‌ ടൈപ്പ്‌ ചെയ്യുന്ന സപ്പുവിനെ മലയാളത്തില്‍ ടൈപ്പ്‌ ചെയ്യാന്‍ പഠിപ്പിക്കാതെ തന്നെ അവന്‍ ശുദ്ധ മലയാളത്തില്‍ മംഗ്ലീഷ്‌ അസ്സലായി ടൈപ്പ്‌ ചെയ്യുന്നതും ഞെട്ടിക്കുന്നതായിരുന്നു.

അക്ഷരം പഠിക്കാനിരുത്തിയ സപ്പുവിനോട്‌ ചിതറിക്കിടക്കുന്ന അക്ഷരങ്ങളില്‍ നിന്ന് ചോദിക്കുന്നവ എടുത്ത്‌ തരാന്‍ പറഞ്ഞാല്‍ കാര്‍ഡുകളിലേയ്ക്ക്‌ നോക്കാതെ തന്നെ ടീച്ചറുടെ മുഖത്തേയ്ക്ക്‌ നോക്കിക്കൊണ്ട്‌ തന്നെ അവന്‍ വേണ്ടത്‌ റ്റീച്ചര്‍ക്ക്‌ എടുത്ത്‌ കൊടുക്കും. സപ്പു അസാമാന്യമായ ഫോട്ടൊഗ്രാഫിക്‌ മെമ്മറി ഉള്ള ഒരു പ്രതിഭയാണെന്ന് ഞങ്ങള്‍ക്ക്‌ തോന്നുന്നു.

ഇങ്ക്ലൂസീവ്‌ എജ്യുക്കേഷന്റെ ഭാഗമായി സോഷ്യല്‍ ഇന്ററാക്ഷന്‍ ഉണ്ടാക്കാനായി ആഴ്ചയില്‍ 2-3 ദിവസം സാധാരണ സ്കൂളില്‍ കൊണ്ട്‌ പോയി ചേര്‍ത്ത സപ്പുവിന്‌ സാധാരണ സ്കൂള്‍ അത്ര നല്ല അനുഭവം അല്ല നല്‍കിക്കൊണ്ടിരിക്കുന്നത്‌. സദാ സമയവും അല്‍പ്പം തല ഉയര്‍ത്തി വാ തുറന്ന് ഇരിക്കുന്ന സംസാരിക്കാത്ത സപ്പുവിനെ കൂട്ടുകാരും ടീച്ചേര്‍സും ഒറ്റപ്പെടുത്തുന്നു. ഒരു പക്ഷേ അവര്‍ക്ക്‌ അവനെ മനസ്സിലാക്കാനുള്ള കഴിവോ അവനെ ഹാന്‍ഡില്‍ ചെയ്യാനുള്ള പരിശീലനമോ ഇല്ലാത്തത്‌ കൊണ്ടായിരിക്കാം. എങ്കിലും അവനെ ഇത്‌ ഏറെ വേദനിപ്പിക്കുന്നുണ്ടാവണം. ഈ ഒറ്റപ്പെടുത്തലുകളും സപ്പുവിനോടുള്ള സ്കൂളിന്റെ സമീപനവും സപ്പുവിന്റെ അമ്മയ്ക്ക്‌ വിഷമം ഉണ്ടാക്കുന്നുണ്ട്‌.

6.5 വയസ്സായ സപ്പു എലൂര്‍ ഗവണ്‍മന്റ്‌ സ്കൂളില്‍ ഒന്നാം ക്ലാസ്സിലാണ്‌ ചേര്‍ന്നത്‌ ഒപ്പം അവന്റെ ഫ്രണ്ട്‌ അല്ഫയിലെ തന്നെ മറ്റൊരു ഓട്ടിസം പ്രതിഭയായ അമാന്‍ ആണ്‌.

എന്നാല്‍ ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റില്‍ 50%- ത്തിലധികം മെന്റല്‍ റിട്ടാര്‍ഡേഷന്‍ ഉണ്ട്‌ എന്ന് മെഡിക്കല്‍ ബോര്‍ഡ്‌ രേഖപ്പെടുത്തിയിരിക്കുന്നതിനാലും, ടീച്ചേഴ്സിന്‌ ഇവനെ എങ്ങനെ പഠിപ്പിക്കണം എന്നറിയാത്തത്‌ കൊണ്ടും സംസാര ശേഷി ഇല്ലാത്ത അമാനെയും സപ്പുവിനെയും ബുദ്ധിമാന്ദ്യം ഉള്ള കുട്ടികള്‍ എന്ന ലേബലില്‍ അവര്‍ മാറ്റി ഇരുത്തുകയാണ്‌.

സൊഷ്യലൈസേഷന്‍ കൂട്ടുക എന്ന ഉദ്ദേശത്തിലാണ്‌ ഇരുത്തിയതെങ്കിലും പലപ്പോഴും മറ്റു കുട്ടികളോ ടിച്ചര്‍മാരൊ ഇവരുമായി ഇടപഴകാനോ കൂട്ട്‌ കൂടാനോ തയ്യാറാകാതെ ഇവരെ ഒറ്റപ്പെടുത്തുന്ന അവസ്ഥ ആണുള്ളത്‌.

അമാന്റേയും സപ്പുവിന്റേയും തലച്ചോറുകള്‍ പ്രവര്‍ത്തിക്കുന്നത്‌, ഇവര്‍ക്കൊന്നും സങ്കല്‍പ്പിക്കാന്‍ പോലും ആവാത്ത നിലവാരത്തിലാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വണ്ണം നമ്മുടെ പൊതു വിദ്യാഭ്യാസ രംഗത്ത്‌ പരിശീലനം ലഭിച്ച മികച്ച അദ്ധ്യാപകരും, വിദ്യാഭ്യാസ വിദഗ്ദ്ധരും ഇല്ല എന്നുള്ളത്‌ അത്യധികം വേദനാജനമാണ്‌.

സപ്പുവിന്റെ ഉള്ളില്‍ തിളയ്ക്കുന്ന ഒരു തലച്ചോറിനൊപ്പം, സഹജീവികളോടും , പ്രകൃതിയോടും, സ്വന്തം ജീവിത പരിസരത്തോടും അവന്‍ കാണിക്കുന്ന പ്രതിബദ്ധതയും സ്നേഹവും ചിന്തിക്കുന്ന, പ്രബുദ്ധരെന്നഹങ്കരിക്കുന്ന നമുക്കൊക്കെ ഒരു പാഠമാണ്‌.

ഒരു കാരണവും ഇല്ലാതെ ഒരു സഹജീവിയുടെ കഴുത്തറക്കുന്ന, പ്രകൃതിയെ അതി ക്രൂരമായി ചൂഷണം ചെയ്യുന്ന, നദിയേയും, അന്തരീക്ഷത്തേയും മലിനമാക്കി അടുത്ത തലമുറയ്ക്ക്‌ ജീവിതം ദുസ്സഹമാക്കുന്നവര്‍ക്കെതിരെ ‘സംസാരിക്കാത്ത മന്ദബുദ്ധി’ എന്ന് ലോകം പരിഹസിക്കുന്ന, ഓട്ടിസം ഉള്ള, ലോകത്തോട്‌ ഉറക്കെ വിളിച്ച്‌ പറയാന്‍ സംസാര ശേഷിയില്ലാത്ത ഒരു ആറര വയസ്സുകാരന്റെ വേവലാതികള്‍ ഇതൊക്കെയാണ്‌; അവന്‍ ടാബില്‍ കുറിച്ചിടുന്നത്‌ ഇങ്ങനെയാണ്‌.

അവന്റെ ടാബില്‍ പിറന്ന് വീഴുന്ന വാക്കുകള്‍ അവന്റെ നാവിലൂടെയെന്ന വണ്ണം നിങ്ങള്‍ കര്‍ണ്ണ പുടങ്ങളില്‍ പതിപ്പിക്കുക.

River is the second mother. It is very prominent in our life. It gives water to us. River transfers water to pond, canal, etc. Now we have less water. What is the reason? You know that? People are the main reason. We cut the trees for construct huge buildings, houses, factories etc. People lamenting the sewage, dirty water from factories, plastic products, petrol and diesel are also kept. The tree will dead, the river will dead and also we will dead for sure. How is rain formed? Snow in the mountain are melted into liquids. Then the liquids join to the river and the water is evaporated. Thus is rain is formed.
Suggestions
1) Don’t throw the plastic products into the river. Recycling the plastic products and re using them
2) Planting the trees
3) Don’t put the sewage
4) Don’t build the huge factories, buildings etc
5) One drop of water we got lot of money

സംസാരശേഷിയില്ലാത്ത ഈ 6.5 വയസ്സുകാരന്റെ വാക്കുകള്‍ നിങ്ങളുടെ ഹൃദയങ്ങളെ പൊള്ളിക്കുന്നില്ലെങ്കില്‍ അത്‌ തിരിച്ചറിയാനാകാത്ത വിധം നിങ്ങളുടെ സംവേദന ശേഷി ഇല്ലാതായിക്കഴിഞ്ഞു എന്നോ നിങ്ങളാണ്‌ മാന്ദ്യം ബാധിച്ച ബുദ്ധിയുള്ളവര്‍ എന്നോ തിരിച്ചറിയുക

സപ്പു ഈ ലോകത്തേയ്ക്ക്‌ അവന്റെ അസാമാന്യമായ ഇന്ദ്രിയ സെന്‍സറുകളുമായി കണ്ണും കാതും തുറന്ന് ഇരിക്കുകയാണ്‌. പലതും അവന്‌ ഉറക്കെ വിളിച്ച്‌ പറയാനുണ്ട്‌. ചെറിയ കാര്യങ്ങള്‍ പോലും അവനെ സെന്‍സിറ്റീവ്‌ ആക്കുന്നുണ്ട്‌.

6 മാസം മുമ്പ്‌ നടക്കാത്ത കുട്ടികള്‍ക്കായി തുടങ്ങിയ ഹൈഡ്രോ തെറാപ്പിക്കായി 10 കുട്ടികള്‍ക്കുള്ള സ്വിം വെയര്‍, സ്വിം വെസ്റ്റ്‌, ഗോഗ്ഗിള്‍സ്‌, ഇയര്‍ പ്ലഗ്ഗ്‌ ഒക്കെ അടുത്ത സുഹൃത്തുകള്‍ സമ്മനിച്ചിരിന്നു. സപ്പു നടന്ന് തുടങ്ങിയതിനാല്‍ അവനെ പൂളില്‍ ഇറക്കിയില്ല. അവന്റെ വിഷമം അവന്‍ വീട്ടില്‍ പോയപ്പോള്‍ ടാബില്‍ അവന്‍ എഴുതിയത്‌ ഇങ്ങനെ..
“എല്ലാവരേയും ഷാനി മാം പുതിയ ഉടുപ്പും കൊടുത്ത്‌ വെള്ളത്തിലിറക്കി കളിപ്പിച്ചു. സപ്പുവിനെ മാത്രം കൂട്ടിയില്ല. സപ്പുവിനു വിഷമം ആയി”
ഇത്‌ കേട്ട്‌ സങ്കടം ആയ ഞങ്ങള്‍ പിറ്റേ ദിവസം സപ്പുവിന്‌ മാത്രമായി ഞങ്ങള്‍ ഒരു സെറ്റ്‌ വാങ്ങി സമ്മാനിച്ച്‌ അവനെ വെള്ളത്തില്‍ കളിക്കാന്‍ വിട്ടു.

വളരെ സാമ്പത്തിക പരാധീനതകള്‍ ഉള്ള കുടുംബമാണ്‌ സപ്പുവിന്റേത്‌. എങ്കിലും അവര്‍ സന്തുഷ്ടരാണ്‌. ഇന്‍ഡസ്‌ സര്‍വീസ്‌ സെന്ററിലെ ഡ്രൈവര്‍ ആണ്‌ സപ്പുവിന്റെ അച്ഛന്‍. സപ്പുവിന്‌ 12 വയസ്സുള്ള ചേച്ചി അമീറയും, 8 വയസ്സുള്ള സമീന്‍ എന്ന ജ്യേഷ്ടനും ഉണ്ട്‌.

അവൻ ഇപ്പോൾ വളരെ ഭംഗിയായി മംഗ്ലീഷ് ടൈപ്പ് ചെയ്യും.
അച്ഛനോടുള്ള പരിഭവം അവൻ വാക്കിൽ പകർത്തിയത് ഇങ്ങനെ..
“വാപ്പി ഈസ്‌ എ വെരി ബാഡ് ബോയ്‌. വാപ്പി പോയപ്പോൾ എന്നെ കൊണ്ട് പോയില്ലല്ലോ. എന്നോട് ചോദിക്കുകയുണ്ടായില്ല. അല്ലെങ്കിൽ എന്നും സപ്പുട്ടി എന്ന് വിളിക്കുമല്ലോ. ”

ജ്യേഷ്ടൻ സമീനിന്റെ പഠന കാര്യത്തെക്കുറിച്ചുള്ള സപ്പൂവിന്റെ ശുഷ്‌കാന്തി ഇങ്ങനെ പോകുന്നു..

” നല്ല തല്ലിന്റെ കുറവുണ്ട്. ഇത്താത്ത അവനെ പഠിപ്പിച്ചാൽ മതി. പഠിപ്പിക്കുമ്പോൾ അനുസരിച്ചില്ലെങ്കിൽ വടി വെച്ച് അടിയ്ക്കാൻ പെർമിഷൻ കൊടുക്കണം. പിന്നെ പഠിച്ചില്ലെങ്കിൽ പണിഷ്മെന്റ് കൊടുക്കണം എക്‌സാംപിൾ മുട്ടു കുത്തി നിർത്തണം ”

“അടുത്ത കൊല്ലം ഇൻഷാ അല്ലാഹ് അവനെ എല്ലാ സബ്ജെക്ടിനും എ പ്ലസ് വാങ്ങിപ്പിക്കാൻ ഇത്താത്തക്ക് കഴിയും. ലോങ്ങ്‌ വെക്കേഷന് അവന് കുറച്ചു ഇംഗ്ലീഷ് മലയാളം ഹിന്ദി ലാംഗ്വേജ് പഠിപ്പിച്ചാൽ മതി. ഇത്താത്ത പഠിപ്പിച്ചിട്ട് ഇമ്പ്രൂവ്മെന്റ് ഇല്ലെങ്കിൽ ഉമ്മി പഠിപ്പിച്ചാൽ മതി.. ”
🙂

അമാനെപ്പോലെ, ഐശ്വര്യയെപ്പോലെ ആശയസംവേദനത്തില്‍ തന്റേതായ വഴികള്‍ സപ്പുവും വെട്ടിത്തുറന്ന് കഴിഞ്ഞു. അല്‍ഫയിലെ ശലഭങ്ങളുടെ ഇടയില്‍ നിന്ന് ഇനി അവന്‍ വിശാലമായ ഈ ലോകത്ത്‌ പാറിപ്പറക്കട്ടെ. അവനെ ലോകം അറിയട്ടെ.

ചേച്ചിയില്‍ നിന്ന് കേട്ട്‌ പഠിച്ച ഖുര്‍ആന്റെ അര്‍ത്ഥം പോലും സപ്പുവിന്റെ തലച്ചോറില്‍ ഉറങ്ങാതെ കിടക്കുന്നു.

അമാനെക്കുറിച്ച്‌ മുമ്പ്‌ എഴുതിയിരുന്നു.
ഇപ്പോള്‍ അവന്‍ മലയാള അക്ഷരങ്ങള്‍ ബുക്കില്‍ എഴുതി തുടങ്ങി.. വിറയ്ക്കുന്നതെങ്കിലും കോടിപ്പോയതെങ്കിലും മലയാള അക്ഷരങ്ങളില്‍ , ആ 6 വയസ്സുകാരന്‍ കഴിഞ്ഞ ആഴ്ച എഴുതിയ കവിത ഇങ്ങനെ..

“ആകാശം
—————
തടവറകള്‍ ഇല്ലാത്ത ലോകം
രാവറിയിന പകലറിയിന
പിറവികള്‍
മടുപ്പിലായ രംഗങ്ങള്‍
സമരമുഖത്തെ അറിയവരുടെ കാഴ്ച..

സമൂഹം ഈ കുട്ടിയോട്‌ പുറം തിരിഞ്ഞു നില്‍ക്കുന്നു. പൊതു വിദ്യാഭ്യാസം ഈ കുട്ടിയുടെ മുമ്പില്‍ അക്ഷരം കൂട്ടി വായിക്കാനറിയാത്ത കുഞ്ഞുങ്ങളെ മാത്രം ശ്രദ്ധയോടെ പരിചരിക്കുന്നു. ഇവരെ പിന്‍ ബെഞ്ചുകളിലേയ്ക്ക്‌ തള്ളുന്നു.

പ്രപഞ്ചനാഥാ.. എന്തൊക്കെ രഹസ്യങ്ങളാണ്‌… അത്ഭുതക്കാഴ്ചകളാണീ മനസ്സിന്റെ ആഴക്കടലില്‍ നീ കുത്തി നിറച്ചിരിക്കുന്നത്‌?
വായിച്ചാലും വായിച്ചാലും തീരാത്ത പേജുകള്‍ പോലെ, പലര്‍ക്കും മനസ്സിലാവാത്ത സമസ്യ പോലെ, കുറേ പസിലുകള്‍!!

ഇന്ന് ഏപ്രില്‍-2 വേള്‍ഡ്‌ ഓട്ടിസം ഡേ ആണ്‌.
ഓട്ടിസം ഒരു രോഗം അല്ല. അതൊരു സ്പെക്ട്രം ഓഫ്‌ ഡിസോര്‍ഡേര്‍സ്‌ ആണ്‌. ഒരു പാട്‌ കഴിവുകള്‍ ഉറങ്ങിക്കിടക്കുന്ന ഒരു ആഴക്കടല്‍. അതില്‍ നിരവധി മുത്തുകളും പവിഴങ്ങളും ഉണ്ട്‌. മുങ്ങി തപ്പിയെടുക്കാന്‍ ഉള്ള ആത്മ വിശ്വാസവും, ഇച്ഛാ ശക്തിയും, നല്ല കഴിവുറ്റ വിദഗ്ദ്ധരും കൂടെ ഉണ്ടെങ്കില്‍ നമുക്ക്‌ പവിഴങ്ങളെ ഈ ആഴക്കടലില്‍ നിന്ന് കണ്ടെടുക്കാം അവയുടെ ശോഭ ഈ ലോകം മുഴുവന്‍ പരത്താം. അവരുടെ അച്ഛനമ്മമാര്‍ക്ക്‌ അതൊരു ദിവ്യ വെളിച്ചം ആയിരിക്കും തീര്‍ച്ച..

സര്‍വ്വേശ്വരന്റെ അനുഗ്രഹത്തോടെ ഈ മഹാസമുദ്രത്തിന്റെ ആഴങ്ങളിലേയ്ക്ക്‌ ഇനിയും മനസ്സിന്റെ ആഴങ്ങളിലേയ്ക്ക്‌ ഇറങ്ങാന്‍ അല്‍ഫ തയ്യാറാണ്‌.
ഒപ്പം നില്‍ക്കുന്ന മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരായിരം നന്ദി. സ്നേഹം!