ALFA Independence Day Celebration 2016

സ്വാതന്ത്ര്യം എന്നത്‌ വളരെ വിശാലമായ ഒരു ആശയമാണ്‌. തടവറകളില്‍ അടയ്ക്കപ്പെട്ടവന്‌ പുറത്തെ ശുദ്ധവായു പോലെ, അടിച്ചമര്‍ത്തപ്പെട്ടവന്‌ പിടിച്ചുയര്‍ത്തുന്ന കൈ പോലെ, വിദ്യ നിഷേധിക്കപ്പെട്ടവന്‌ അക്ഷരങ്ങള്‍ പോലെ, ആള്‍ക്കൂട്ടത്തില്‍ അപമാനിക്കപ്പെടുന്നവന്‌ ആത്മാഭിമാനം പോലെ… എല്ലാ മനുഷ്യര്‍ക്കും ജീവ ശ്വാസം പോലെ വിലപ്പെട്ട ഒരു വാക്ക്‌..!!

ഇവിടെ, അല്‍ഫയിലെ കുഞ്ഞുങ്ങള്‍ വിധിയുടെ ലീലാവിലാസങ്ങളില്‍, നടക്കാനുള്ള, നില്‍ക്കാനുള്ള, സംസാരിക്കാനുള്ള, മനസ്സിലാക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടവരാണ്‌. അവരെ ചിറകുകള്‍ നല്‍കി പറക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സ്ഥാപനം എന്ന നിലയ്ക്ക്‌ ഞങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം കുറച്ച്‌ കൂടി ആഴമുള്ളതും പരപ്പുള്ളതുമാണ്‌.

ഈ കുഞ്ഞുങ്ങള്‍ക്ക്‌ പ്രത്യേക പരിഗണനകളോ ‘സ്പെഷ്യല്‍’ പദവികളോ അല്ല വേണ്ടത്‌ കൂടുതല്‍ ഇന്‍ക്ലൂസിവ്‌ ആയി സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക്‌ ഇഴുകിച്ചേരാനും സഞ്ചാരത്തിനും, വിദ്യാഭ്യാസത്തിനും, തൊഴിലിനും വേണ്ട അര്‍ഹിക്കുന്ന പരിഗണനയും, ഒപ്പം ‘ഡിസേബിള്‍ ഫ്രണ്ട്‌ലി ആയിട്ടുള്ള അന്തരീക്ഷവും അവര്‍ക്ക്‌ ഒരുക്കിക്കൊടുക്കുക എന്നുള്ളതാണ്‌ വിശാല അര്‍ത്ഥത്തില്‍ ഈ സ്വാതന്ത്ര്യ പ്രഖ്യാപനം.

സഹജീവികളോടുള്ള കരുണയ്ക്ക്‌ പകരം പരിഗണനയോടെ അവരുടെ അവകാശങ്ങളെ അനുവദിച്ച്‌ കൊടുക്കാനുള്ള സമഭാവനയോടെയുള്ള ഒരു മനസ്സാണ്‌ വേണ്ടത്‌. അതിന്‌ ഒറ്റപ്പെട്ട നീക്കങ്ങളെക്കാള്‍, ശക്തമായി സമൂഹം ഇനിയും മുന്നോട്ട്‌ കാല്‍ വെക്കേണ്ടിയിരിക്കുന്നു.

അല്ഫയിലെ കുഞ്ഞുങ്ങള്‍ക്ക്‌ കൊച്ചി നഗരത്തിന്റെ തിരക്കുകള്‍ക്കിടയിലൂടെ സഞ്ചരിക്കാന്‍ വാഹനം വാങ്ങി സമ്മാനിച്ച അല്ഫയുടെ സുഹൃത്തുക്കള്‍ക്ക്‌ ഈ സ്വാതന്ത്ര്യദിനം ഞങ്ങള്‍ സമര്‍പ്പിക്കുന്നു.