School Opening 2016

മധ്യവേനല്‍ അവധിയുടെ ആരവങ്ങളൊഴിഞ്ഞു.. ഉഷ്ണചൂടില്‍ വെന്ത്‌ കിടന്ന മണ്ണില്‍ വീണ പുതുമഴയുടെ നനവില്‍ പുതിയ നാമ്പുകള്‍ തളിരിട്ടു. രണ്ട്‌ മാസത്തെ നിരന്തരമായ ചികിത്സകള്‍ക്കും, ചിരിയുടേയും കളിയുടേയും സമ്മര്‍ ക്യമ്പിനും ശേഷം അല്‍ഫ പീഡിയാട്രിക്‌ റിഹാബിലിറ്റേഷന്‍ സെന്ററിലും പ്രതീക്ഷയുടെ പുതിയ തളിരുകള്‍ തിരി നീട്ടുകയാണ്‌.

ഒരു വര്‍ഷത്തെ കഠിനമായ ഫിസിയോതെറപ്പി ചികിത്സകള്‍ക്കും, ഒക്കുപേഷണല്‍ തെറപ്പിയും, സ്പീച്ച്‌ തെറപ്പിയും, ബിഹേവിയറല്‍ തെറപ്പിയും, സ്പെഷ്യല്‍/റെമഡിയല്‍ എജ്യുക്കേഷന്‍ പരിശീലനത്തിനും ശേഷം 20-ഓളം കുരുന്നുകള്‍ അടുത്ത ആഴ്ച്ച ആദ്യമായി സ്കൂളിലേയ്ക്ക്‌ ചുവടുകള്‍ വെക്കുകയാണ്‌.

സാധാരണ സ്കൂളിലേയ്ക്ക്‌ ഒരിക്കലും തങ്ങളുടെ മക്കളെ അയക്കാന്‍ കഴിയില്ല എന്ന് കണ്ണീര്‍ നിറച്ചിരുന്ന ഒരു കൂട്ടം അമ്മമാരുടെ കണ്ണില്‍ നിറ കാഴ്ച്ചയായി ഈ കുരുന്നുകള്‍ യൂണിഫോമണിയുമ്പോള്‍ അവരെ അകമഴിഞ്ഞ്‌ പ്രോത്സാഹിപ്പിക്കുവാനും ഈ നേട്ടങ്ങള്‍ക്ക്‌ വേണ്ടി അഹോരാത്രം പണിപ്പെട്ട അല്‍ഫയിലെ മെഡിക്കല്‍ പ്രൊഫഷണലുകളെ അനുമോദിക്കാനും ഞങ്ങള്‍ ഇന്നലെ ഒത്ത്‌ കൂടി.

വിശിഷ്ടാതിഥികളായി അല്‍-അമീന്‍ എജ്യുക്കേഷന്‍ ട്രസ്റ്റിന്റേയും സ്കൂളിന്റേയും ചെയര്‍മാനും, മുന്‍ അഡ്വക്കേറ്റ്‌ സോളിസിറ്റര്‍ ജനറലുമായിരുന്ന ശ്രീ ടി.പി.എം ഇബ്രാഹിം ഖാനും, കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ മേയറും എം.എല്‍.ഏ യുമായ ശ്രീ ദിനേശ്‌ മണി എന്നിവര്‍ അവരുടെ സാന്നിധ്യം കൊണ്ട്‌ ചടങ്ങിനെ ധന്യമാക്കി.

കഴിഞ്ഞ വര്‍ഷം മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കിയതിനുള്ള പെര്‍ഫോര്‍മന്‍സ്‌ അവാര്‍ഡുകള്‍, സ്പീച്ച്‌ തെറപ്പിസ്റ്റായ ആഞ്ജി അലക്സാണ്ടര്‍ക്കും, ഫിസിയോതെറപ്പിസ്റ്റ്‌ റിന്‍സ സലാമിനും, ബിഹേവിയറല്‍ തെറപ്പിസ്റ്റും സൈക്കോളജിസ്റ്റുമായ മേഘ്‌ന ശങ്കറിനും, സ്പെഷല്‍ എജ്യുക്കേറ്ററായ ആഷിക്ക്‌ ജോഷിയ്ക്കും, അഡ്മിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ജസ്ന അനൂപിനും വിശിഷ്ടാതിഥികള്‍ സമ്മാനിച്ചു.

സുഹൃത്തുക്കളായ നഗീന വിജയനും, മുന്‍ കൌണ്‍സിലര്‍ ജബ്ബാറിക്കയും അല്ഫയോടൊപ്പം ചേര്‍ന്ന് പുതിയതായി സ്കൂളിലേയ്ക്ക്‌ പോകുന്ന 20-ഓളം കുഞ്ഞുങ്ങള്‍ക്ക്‌ ബാഗും, കുടയും, ലഞ്ച്‌ ബോക്സും അടങ്ങുന്ന സമ്മാന പൊതികള്‍ വിതരണം ചെയ്തു.

ഇത്തവണത്തെ അല്ഫയുടെ ഈ ആഘോഷം അവിസ്മരണീയമാക്കിയത്‌ മറ്റ്‌ രണ്ട്‌ പേരുടെ സാന്നിധ്യം കൊണ്ട്‌ കൂടിയാണ്‌. അല്ഫയെന്ന ആശയത്തിന്റെ തുടക്കം മുതല്‍ ഞങ്ങളുടെ പിന്നില്‍ തീരാത്ത ഊര്‍ജ്ജവുമായി നില്‍ക്കുന്ന അല്ഫയുടെ ഓരോ ചുവടുകളിലും മുന്നില്‍ വരാതെ അതിനെ പിന്നില്‍ നിന്ന് നയിക്കുന്ന അല്ഫയുടെ ചെയര്‍മാനായ എന്റെ ‘അപ്പയുടേയും’, ‘അമ്മച്ചി’യുടേയും സാന്നിധ്യമായിരുന്നു.

മൂന്ന് വര്‍ഷം മുമ്പ്‌ വീട്ടിലെ പതിവ്‌ സംഭാഷണങ്ങളിലൊന്നില്‍ മുളപൊട്ടിയ കാര്‍ പോര്‍ച്ചിലെ ക്ലിനിക്ക്‌ എന്നൊരാഗ്രഹത്തില്‍ നിന്ന് 100-ലധികം ഭിന്ന ശേഷിയുള്ള കുഞ്ഞുങ്ങള്‍ക്ക്‌ താങ്ങും തണലുമാകുന്ന ഒരു പീഡിയാട്രിക്‌ റിഹാബിലിറ്റേഷന്‍ സെന്ററായി അല്ഫ മാറുന്നത്‌ കണ്ട്‌ അതില്‍ നിന്ന് ഈ വര്‍ഷം 20-ഓളം കുഞ്ഞുങ്ങള്‍ പുതു ലോകത്തേയ്ക്ക്‌ ചിറകടിച്ച്‌ പറക്കുന്നതും കണ്ട്‌ ചാരിതാര്‍ത്ഥ്യത്തോടെ അവര്‍ നില്‍ക്കുമ്പോള്‍, അല്ഫയിലെ മാതാപിതാക്കളേയും, കുഞ്ഞുങ്ങളേയും, ടീം അംഗങ്ങളേയും, അതിഥികളേയും സാക്ഷി നിര്‍ത്തി അത്യധികം കൃതജ്ഞതയോടെ ഒരു ജീവിതനിയോഗം പോലെ പ്രസംഗത്തില്‍ ഞാന്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു.

“ഞാനിന്ന് അനുഭവിക്കുന്ന തണല്‍ എന്റെ അച്ഛന്‍ കൊണ്ട വെയില്‍ ആണ്‌” എന്നൊരു മകന്‍ പറഞ്ഞത്‌ ഞാന്‍ ഇങ്ങനെ തിരുത്തുകയാണ്‌.
“ഞങ്ങള്‍ ഇന്നനുഭവിക്കുന്ന തണല്‍ എന്റെ അച്ഛനും അമ്മയും കൊണ്ട തണുപ്പാണ്‌. കാരണം 35 വര്‍ഷത്തോളം താടിയെല്ലുകള്‍ കൂട്ടിയിടിക്കുന്ന, മരം കോച്ചുന്ന ഹൈറേഞ്ചിന്റെ തണുപ്പിലാണ്‌ അവര്‍ ഞങ്ങളെ വളര്‍ത്തി ഇന്നീ തണലിലെത്തിച്ചത്‌. ആ തണല്‍ ഞങ്ങള്‍ അല്‍ഫയിലെ കുഞ്ഞുങ്ങള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഒട്ടും കുറയാതെ ചോരാതെ പങ്ക്‌ വെക്കുന്നു.”

അല്‍ഫയിലെ ഞങ്ങളുടെ കുഞ്ഞുങ്ങള്‍, സ്വന്തം കാലില്‍ നില്‍ക്കുകയും, സമൂഹത്തിന്റെ മുഖ്യധാരയിലൊരു ഇഴയായി ഇഴുകിച്ചേരുന്ന നല്ല നാളെകളേയും, പ്രതീക്ഷിച്ച്‌ കൊണ്ട്‌…

അല്‍ഫയോടൊപ്പം നടക്കുന്ന, ഈ കുഞ്ഞുങ്ങള്‍ക്ക്‌ അവശ്യ ഘട്ടങ്ങളില്‍ താങ്ങാവുന്ന സുമനസ്സുകളായ സുഹൃത്തുക്കള്‍ക്ക്‌ ഒരായിരം നന്ദി.

~അനസ്‌