“ഉപ്പാ.. നമ്മക്ക്‌ ചാവക്കാട്‌ നിന്ന് കുറച്ച്‌ ഗുണ്ടകളെ ഇറക്കി ഷാനി മാം-നെ അടിപ്പിക്കണം!

മനസ്സ്‌ പൊള്ളിച്ച ഒരു നീറ്റലിന്റെ ഓര്‍മ്മയാണിത്‌.

അല്ഫ സെന്ററില്‍ ദിനം പ്രതിയെത്തുന്ന 65-ഓളം കുട്ടികളില്‍ സെറിബ്രല്‍ പാള്‍സി എന്ന രോഗാവസ്ഥ ബാധിച്ച കുഞ്ഞാണ്‌ നാല്‌ വയസ്സുകാരി ലിനു. സെറിബ്രല്‍ പാള്‍സി എന്നത്‌ തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണെങ്കിലും പല കുഞ്ഞുങ്ങള്‍ക്കും സംസാരിക്കാനും കാര്യങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനുമുള്ള കഴിവുണ്ട്‌. എന്നാല്‍ ശാരീരിക വൈകല്യങ്ങള്‍ മൂലം സ്വയം എഴുന്നേറ്റ്‌ നില്‍ക്കാനോ, നടക്കാനോ കഴിയില്ല. മനസ്സ്സ്‌ ഒരു പൂമ്പാറ്റയെപ്പോലെ പാറിപ്പറക്കുന്ന പ്രായത്തില്‍ മനസ്സിനൊപ്പം പാറിചെല്ലാന്‍ കഴിയാത്ത ശരീരത്തിന്റെ നിരാശ.

മൂന്ന് വയസ്സ്‌ കഴിഞ്ഞും നടക്കാനാവാത്തത്‌ കൊണ്ട്‌ അവളെ നടത്തിക്കാനായി ഷാനിയും അല്ഫയിലെ ഫിസിയോതെറാപ്പി ടീമും കഴിഞ്ഞ കുറച്ച്‌ നാളുകളായി കഠിനാധ്വാനം ചെയ്ത്‌ കൊണ്ടിരിക്കുകയാണ്‌.
ഇത്തരമൊരു കുഞ്ഞിനെയും കൊണ്ട്‌ പുറത്ത്‌ പോകാനും അവള്‍ക്ക്‌ ഇഷ്ടമുള്ള കാഴ്ച്ചകള്‍ കാണിച്ച്‌ കൊടുക്കാനുമുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ട്‌ ഉല്ലാസ യാത്രകളും കല്യാണം പോലെയുള്ള ആഘോഷ അവസരങ്ങള്‍ പോലും മാതാപിതാക്കള്‍ വേണ്ടെന്ന് വെയ്ക്കുകയാണ്‌. ഇത്‌ ഇത്തരം മാതാപിതാക്കളും കുഞ്ഞുങ്ങളും സമൂഹത്തില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും സ്വയം ഒഴിഞ്ഞു മാറി ഒറ്റപ്പെടുത്തുന്ന ഒരു ദയനീയ അവസ്ഥയാണ്‌.
തന്റെ കുഞ്ഞ്‌ മറ്റ്‌ കുട്ടികളെപ്പോലെ ഒരു ചുവടെങ്കിലും വെച്ച്‌ കാണാനുള്ള അതിയായ ആഗ്രഹവും നിത്യേനയുള്ള അവരുടെ കഷ്ടപ്പാടും, അമ്മയുടെ നെഞ്ച്‌ തകരുന്ന തേങ്ങലും, അച്ഛന്റെ നെടുവീര്‍പ്പുകളൂം, മുത്തശിമാരുടെ നേര്‍ച്ചയും പ്രാര്‍ത്ഥനകളും കണ്ടിട്ടാണ്‌ അല്ഫയിലെ ഫിസിയോ ടീം കൂടുതല്‍ ശ്രമം നടത്തി കഴിയുന്നത്ര വേഗം റിസള്‍ട്ടുകള്‍ ഉണ്ടാക്കാന്‍ കഷ്ടപ്പെടുന്നത്‌..

വീടു വിട്ടാല്‍ ഈ കുഞ്ഞുങ്ങള്‍ക്ക്‌ സെന്ററല്ലാതെ മറ്റൊരു ലോകമില്ല എന്നുള്ളത്‌ കൊണ്ട്‌ അവരുടെ മനസ്സിലെ സന്തോഷവും കരച്ചിലും, ആശങ്കയും, പേടിയും എല്ലാം ഈ സെന്ററിനെ ചുറ്റിപ്പറ്റിയുള്ളതാണ്‌..

അല്ഫ സെന്ററിലെ മറ്റ്‌ പല കുഞ്ഞുങ്ങളെപ്പോലെ ലിനുവിന്റേയും വീട്ടിലെ പ്രധാന കളി ‘ഫിസിയോ തെറാപ്പി’ ആണ്‌.
വീട്ടിലുള്ള പാവക്കുട്ടികളെ അവര്‍ തങ്ങളുടെ കുഞ്ഞു ബോളുകളുടെ പുറത്ത്‌ കിടത്തി ചായ്ച്ചും ചെരിച്ചും ഫിസിയോ ചെയ്ത്‌ ഷാനിയെ അനുകരിക്കുന്നു..
പാവക്കുട്ടിയുടെ കാലില്‍ ഒരു കൈ ഉറപ്പിച്ച്‌ നിര്‍ത്തി മറ്റേ കൈ കൊണ്ട്‌ എഴുന്നേല്‍പ്പിച്ച്‌ കൊണ്ട്‌ ലിനു പറയുന്നു..

“അപ്പ്‌..അപ്പ്‌… മോള്‍ ഏണീറ്റേ…”

“ഇനി ഡൌണ്‍ …മോള്‍ ഇരുന്നേ..”

“അപ്പ്‌.. ഡൌണ്‍.. അപ്പ്‌ ഡൌണ്‍…”

സ്നേഹത്തോടെ പാവക്കുട്ടിയെ വഴക്ക്‌ പറയുന്നു…
“എന്താ കുഞ്ഞേ എഴുന്നേല്‍ക്കാന്‍ മടി? അടി വേണോ? ”

അല്ഫ സെന്ററില്‍ വരുമ്പോള്‍ വേദനിച്ച്‌ കരയുന്ന കുഞ്ഞാണ്‌ ഇപ്പോള്‍ പാവക്കുട്ടിയോട്‌ ഈ ശൂരത്വം കാണിക്കുന്നതെന്നോര്‍ക്കുമ്പോള്‍ ഉമ്മയ്ക്ക്‌ ചിരി വരും..

കുഞ്ഞ്‌ ലിനു തരം കിട്ടിയാല്‍ അമ്മൂമ്മയുടെ കയ്യിലും കാലിലും പിടിച്ച്‌ ഫിസിയോ ചെയ്യും.
കട്ടിലില്‍ കയറി ഇരുന്ന് വളരെ കഷ്ടപ്പെട്ട്‌ അമ്മൂമ്മയുടെ കയ്യും കാലും നിവര്‍ത്തി എക്സര്‍സൈസ്‌ ചെയ്യിപ്പിക്കും. വേദനിക്കുന്നു എന്ന് അമ്മൂമ്മ പറഞ്ഞാല്‍ അവള്‍ സീരിയസായി ഇങ്ങനെ പറയും..

“പിസിയോ ചെയ്യുമ്പോള്‍ അങ്ങനാ കൊറച്ച്‌ വേദനേ ഒക്കെ ഉണ്ടാവും അതൊക്കെ സകിക്കണം”

ഒരു ദിവസം നിസ്കാരത്തിന്‌ ശേഷം കണ്ണീരില്‍ മുങ്ങി ദുആ ചെയ്യുന്ന ഉമ്മയുടെ അടുത്ത്‌ പോയി അവള്‍ പറഞ്ഞു.

“ഉമ്മച്ചി കരയണ്ടാ ട്ടോ.. ഞാന്‍ ഒടനെ തന്നെ നടക്കാന്‍ തൊടങ്ങും”

നിഷ്കളങ്കമായ ആ സാന്ത്വനം കേട്ട്‌ ആ ഉമ്മയുടെ നെഞ്ച്‌ പിടഞ്ഞിരിക്കണം.

ഇതൊക്കെ കൊണ്ടാണ്‌ പല അവധികളും മാറ്റി വെച്ച്‌ മുടക്കം വരാതെ ഈ കുഞ്ഞുങ്ങള്‍ക്ക്‌ തെറാപ്പി ചികിത്സ നല്‍കാന്‍ ശ്രമിക്കുന്നത്‌. എന്നാല്‍ ഈ കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ കാണിക്കുന്ന വാശിയും, ബലം പിടുത്തവും അമ്മമാരേയും, തെറാപ്പിസ്റ്റുകളേയും നിരന്തരം സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്‌.
ബലം കൂടിയ മസിലുകളില്‍ അവയെ വഴക്കിയെടുക്കാനുള്ള സ്ട്രെച്ചിംഗ്‌ എക്സര്‍സൈസ്‌ ചെയ്യുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക്‌ വേദനിക്കുന്നുണ്ട്‌. പക്ഷേ ഈ ഒരു ചികിത്സയല്ലാതെ ഫലപ്രദമായ മറ്റൊരു ചികിത്സയും ഇതിനില്ല..

കഴിഞ്ഞ ദിവസം ലിനു വീട്ടില്‍ വെച്ച്‌ അവളുടെ ഉപ്പയോട്‌ ഇങ്ങനെ പറഞ്ഞു..

“ഉപ്പാ.. നമ്മക്ക്‌ ചാവക്കാട്‌ നിന്ന് കുറച്ച്‌ ഗുണ്ടകളെ ഇറക്കി ഷാനി മാം-നെ അടിപ്പിക്കണം.”

തമാശയായിട്ടാണെങ്കിലും അവളുടെ ഉപ്പ അത്‌ പറയുമ്പോള്‍ ഷാനിക്ക്‌ വേദനിച്ചു. പൂമ്പാറ്റകള്‍ക്ക്‌ പിറകെ പാറി നടക്കേണ്ട പ്രായത്തില്‍ ഫിസിയോ സെന്ററുകളിലും വീട്ടിലെ അകത്തളങ്ങളിലും തളച്ചിടപ്പെടുന്ന ബാല്യങ്ങള്‍. തന്റേതല്ലാത്ത കാരണത്താല്‍ എന്നും വേദന തിന്നാന്‍ വിധിക്കപ്പെട്ടവര്‍. കഴിയുന്നത്ര നേരത്തെ ലിനുവിനെ പ്പോലെയുള്ള കുഞ്ഞുങ്ങളെ വേദനയില്‍ നിന്നു മുക്തരാക്കി സ്വന്തം കാലില്‍ നടക്കാനും സമൂഹത്തിലെ മറ്റ്‌ കുട്ടികള്‍ക്കൊപ്പം എത്തിക്കാനുമുള്ള പരിശ്രമത്തിലാണ്‌ അല്ഫയിലെ ടീമംഗങ്ങള്‍.
അതിന്‍ എന്നു കഴിയും എന്നുള്ള പിടയലാണ്‌ ഞങ്ങളുടെ മനസ്സില്‍ എന്നും. അവര്‍ക്ക്‌ വേഗം നടക്കാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയും.

ഇന്ന് കുഞ്ഞു ലിനുവും പിച്ച വെച്ച്‌ തുടങ്ങി..

തന്റെ കുഞ്ഞ്‌ ഓരോ ചുവടും വെയ്ക്കുമ്പോള്‍ അമ്മയുടെ കണ്ണില്‍ വിടരുന്ന ആ നിറകണ്‍ചിരിയ്ക്കും അച്ഛന്റെ ദീര്‍ഘ നിശ്വാസത്തിനും പകരം വെക്കാന്‍ മറ്റൊന്നുമില്ല എന്ന തിരിച്ചറിവാണ്‌ അല്ഫയുടെ സന്തോഷം..

ഓരോ കുഞ്ഞും ചുവട്‌ വെച്ച്‌ കഴിയുമ്പോള്‍ അടുത്ത കുഞ്ഞുങ്ങള്‍ എവിടുന്നൊക്കെയോ അല്ഫയെ തേടിയെത്തുന്നു..

ചിറക്‌ മുറിഞ്ഞ പൂമ്പാറ്റകള്‍ക്ക്‌ സര്‍വ്വേശ്വരന്റെ അനുഗ്രഹത്തോടെ ചിറക്‌ മുളപ്പിക്കാന്‍ അല്ഫ കാത്തിരിക്കുന്നു..

40-ഓളം കുഞ്ഞുങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട്‌ നടന്ന് തുടങ്ങിയ ആത്മവിശ്വാസത്തില്‍…

ഐശ്വര്യക്കുട്ടിയ്ക്ക്‌ സ്നേഹപൂര്‍വ്വം അല്‍ഫ!

ആസ്ട്രേലിയയില്‍ നിന്നും ലീവിനെത്തിയ മാതാപിതാക്കളോടൊപ്പം നാല്‌ മാസം മുമ്പ്‌ അല്‍ഫ പീഡിയാട്രിക്‌ റിഹാബിലിറ്റേഷന്‍ സെന്ററിലെത്തുമ്പോള്‍ ഐശ്വര്യക്കുട്ടിയ്ക്ക്‌ മൂന്ന് വയസ്സായിരുന്നു.

കുഞ്ഞ്‌ ഒന്നും സംസാരിക്കില്ല. തന്റേതായ ലോകത്തില്‍ കളിയും ചിരിയുമായി ഒതുങ്ങിക്കഴിയും. അച്ഛന്റെ മടിയില്‍ പ്പോലും ഇരിക്കുകയോ, എടുക്കാന്‍ സമ്മതിക്കുകയോ ഇല്ല.

‘ഓട്ടിസം സ്പെക്‍ട്രം ഡിസോര്‍ഡര്‍ ‘എന്ന രോഗാവസ്ഥയാണ്‌ ഐശ്വര്യക്കുട്ടിയ്ക്ക്‌ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ സെന്ററിലെ ചികിത്സയ്ക്കായി തൊട്ടടുത്തുള്ള ഒരു വാടകവീട്ടില്‍ അമ്മയെയും ഐശ്വര്യയേയും ആക്കി അവളുടെ അച്ഛന്‍ ആസ്ട്രേലിയക്ക്‌ തിരിച്ച്‌ പോയി.

കുറച്ച്‌ നാളുകള്‍ മാത്രമേ നാട്ടില്‍ നില്‍ക്കാനാവുകയുള്ളു എന്നുള്ളത്‌ കൊണ്ട്‌ സംസാരശേഷി വീണ്ടെടുക്കാനായി അല്‍ഫയിലെ സ്പീച്ച്‌ തെറാപ്പിസ്റ്റായ ആന്‍ജിയുടേയും ജെറിന്റേയും കീഴില്‍ തീവ്ര പരിശീലനം ആരംഭിച്ചു.

ഐശ്വര്യക്കുട്ടി സംസാരിക്കാന്‍ സാധ്യത കുറവാണ്‌ എന്ന് സ്പീച്ച്‌ തെറാപ്പിസ്റ്റുകളും മറ്റ്‌ മെഡിക്കല്‍ വിദഗ്ദ്ധരും മനസ്സിലാക്കിയിരുന്നു. അത്‌ കൊണ്ട്‌ തന്നെ വസ്തുക്കളെ ചൂണ്ടിക്കാണിച്ചും തൊട്ട്‌ കാണീച്ചും ഉള്ള ആശയ വിനിമയത്തിലേയ്ക്ക്‌ എത്തിക്കുക എന്നതായിരുന്നു അല്ഫയിലെ ടിമംഗങ്ങളുടെ ലക്ഷ്യം. അതിനായി ആന്‍ജിയും, സ്പെഷ്യല്‍ എജ്യുക്കേറ്ററായ ആഷിക്ക്‌ ടിച്ചറും, ജെറിനും, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റും അടങ്ങുന്ന അല്‍ഫ ടീമും വളരെയധികം പണിപ്പെട്ടിരുന്നു.
മാസങ്ങള്‍ കടന്ന് പോയിട്ടും കാര്യമായ യാതൊരു പുരോഗതിയും ഉണ്ടായില്ല.

ഒരു ദിവസം രാത്രി ഐശ്വര്യയുടെ അമ്മ, ഷാനിയെ ഫോണില്‍ വിളിച്ച്‌ പരിഭ്രാന്തയായി.
അപ്രതീക്ഷിതമായി കയ്യില്‍ കിട്ടിയ പേപ്പറില്‍ കുട്ടി ഇംഗ്ലീഷ്‌ വാക്കുകള്‍ സ്പെല്ലിംഗ്‌ തെറ്റ്‌ കൂടാതെ എഴുതുന്നു എന്ന് പറഞ്ഞു. അല്‍ഫ ടീമിനും വിസ്മയമായി..
പിറ്റേന്ന് സെന്ററിലെത്തിയ ഐശ്വര്യക്കുട്ടിയെ അവര്‍ വീണ്ടും അസ്സെസ്സ്‌ ചെയ്തു.

വിറയ്ക്കുന്നതെങ്കിലും വ്യക്തമായ അക്ഷരങ്ങളില്‍ ആ മൂന്ന് വയസ്സുകാരി തന്റെ പേരെഴുതി. പേര്‌ മാത്രമല്ല മുഴുവന്‍ വാക്യവും. ഒരു സ്പെല്ലിങ്ങും പിഴച്ചില്ല.

“MY NAME IS AISWARYA”

അച്ഛന്റെ പേര്‌ : NISHANT

അമ്മയുടെ പേര്‌ : GANGA

അടുത്തത്‌ എല്ലാവരേയും ഞെട്ടിച്ചു. വിറയ്ക്കാത്ത മലയാള അക്ഷരങ്ങളും അവളുടെ പെന്‍സിലില്‍ നിന്നുതിര്‍ന്ന് വീണു. അവള്‍ എഴുതി.

“അമ്മ”

പിന്നെ..
“അനിയന്‍ കുട്ടന്‍”

എല്ലാവരും ആഹ്ലാദത്തോടെ കയ്യടിച്ചു..
അവള്‍ പിന്നെയും എഴുതി… പഴങ്ങളുടെ…. കഴിക്കുമ്പോള്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ…കുളിക്കുമ്പോള്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ… ഇരിക്കാനുപയോഗിക്കുന്ന വസ്തുവിന്റെ …ഒക്കെ പേരുകള്‍.. ഒക്കെയും തന്റെ ഓര്‍മ്മയില്‍ നിന്ന്.

5 FRUITS : APPLE, ORANGE, GRAPES, CHICKOO, BANANA
EATING: PLATE, FOOD, SPOON, CUP
BATHING: WATER, TOWEL, SOAP, DRESS, BUCKET, MUG
SITTING : CHAIR

ഒടുവില്‍ ഒരു വാക്യം കൂടി ആ മൂന്ന് വയസ്സുകാരി കുഞ്ഞ്‌ തന്റെ പേപ്പറില്‍ കോറിയിട്ടു. അവളുടെ ബുക്കിന്റെ താളുകളില്‍ പിറന്ന് വീണ വാക്കുകള്‍ ഇങ്ങനെയായിരുന്നു ..
“I AM A GIRL”
“I AM HAPPY NOW”
“I LOVE ANGIE”
ഹൃദയം തൊടുന്ന വാക്കുകള്‍!. ദൈവത്തിന്റെ കയ്യൊപ്പുള്ള വാക്കുകള്‍!

അല്ഫയുടെ സ്പീച്ച്‌ തെറാപ്പിസ്റ്റ്‌ ആന്‍ജിയ്ക്കും, ജെറിനും, ആഷിക്കിനും അല്ഫ ടീമിനും ഇതില്‍പ്പരം ഒരു സര്‍ട്ടിഫിക്കറ്റോ അവാര്‍ഡോ ഇനി കിട്ടാനില്ല..

സംസാരിക്കാന്‍ കഴിയുന്നില്ലെങ്കിലും ആശയപ്രകാശനത്തില്‍ ഐശ്വര്യക്കുട്ടി അവളുടെ സ്വന്തം വഴികള്‍ കണ്ടെത്തിക്കഴിഞ്ഞു. അതും അത്ഭുതകരമായ മിഴിവോടെ. കൂടിയ ഐ.ക്യു ഉള്ള ഒരു തലച്ചോറിന്റെ അഗ്നിപര്‍വ്വതം അവളുടെ ഉള്ളില്‍ പുകയുന്നതായി ഞങ്ങള്‍ക്ക്‌ തോന്നി.
ഓട്ടിസം ബാധിച്ച കുട്ടികളില്‍ ചിലര്‍ തങ്ങളുടെ ഏതെങ്കിലും ഒരു കഴിവില്‍ അതീവ നിപുണത ഉണ്ടാക്കിയെടുക്കുകയും അത്‌ വളരെയധികം കൃത്യതയോടെയും കണിശതയോടെയും പ്രകടിപ്പിക്കുകയും അത്‌ കൊണ്ട്‌ അവര്‍ ലോകത്തിന്റെ നേട്ടങ്ങളുടെ നെറുകയില്‍ എത്തുകയും ചെയ്ത നിരവധി ചരിത്രങ്ങള്‍ നമ്മള്‍ വായിച്ചിട്ടുണ്ട്‌.

ഒരു മനുഷ്യമസ്തിഷ്കം ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നത്‌ ഒന്ന് മുതല്‍ 6 വയസ്സ്‌ വരെയാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്‌.
കൂടിയ ഐക്യു കാണിക്കുന്ന ചൈല്‍ഡ്‌ പ്രോഡിജീസിനെക്കുറിച്ച്‌ വളരെയടുത്ത്‌ രസകരമായ പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. അവര്‍ക്കെല്ലാവര്‍ക്കും പൊതുവായി ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ആ കുട്ടികളില്‍ പലര്‍ക്കും അഭൂതപൂര്‍വ്വമായ വര്‍ക്കിംഗ്‌ മെമ്മറി ഉണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങളെ കൂടുതല്‍ നേരം ശേഖരിച്ച്‌ വെക്കുക മാത്രമല്ല. അവയെ ക്രോഡീകരിക്കുവാനും, മനനം ചെയ്യുവാനും, ആവശ്യാനുസരണം പ്രൊസസ്സ്‌ ചെയ്ത്‌ അവതരിപ്പിക്കുവാനും കഴിവുണ്ടായിരുന്നു.

ലോകത്തെ അമ്പരപ്പിച്ച പ്രതിഭാശാലി എന്ന നിലയില്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീനെ നമുക്കെല്ലാവര്‍ക്കുമറിയാം. ലോകത്തെ അത്ഭുതപ്പെടുത്തിയ അദ്ദേഹത്തിന്റെ കണ്ടു പിടുത്തങ്ങളും തിയറികളും ഇന്നും ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തുന്നു . പക്ഷേ അധികമാര്‍ക്കും അറിയാത്ത ഒരു വശം കൂടെ അദ്ദേഹത്തിന്റെ ജീവിതത്തിനുണ്ട്‌. അദ്ദേഹത്തിന്റെ ചെറുപ്പത്തില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ധാരാളമായി കാണിച്ചിരുന്നു ഐന്‍സ്റ്റീന്‌ തന്റെ നാലാം വയസ്സ്‌ വരെ സംസാരിക്കാന്‍ കഴിയുകയില്ലായിരുന്നു. അത്‌ പോലെ ഏഴാം വയസ്സ്‌ വരെ വായിക്കാനും കഴിയില്ലായിരുന്നു. ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടിയാണെന്നാണ്‌ ഐന്‍സ്റ്റീന്റെ മാതാപിതാക്കളും അദ്ധ്യാപകരും കുട്ടിയെക്കുറിച്ച്‌ കരുതിയിരുന്നത്‌. വളരെ വിചിത്രമായ പെരുമാറ്റ രീതികള്‍ (ബിഹേവിയറല്‍ ഇഷ്യൂസ്‌) ഉണ്ടായിരുന്നത്‌ കൊണ്ടും, അന്തര്‍മുഖനും, മന്ദ ഗതിക്കാരനും ആയിരുന്നു ഐന്‍സ്റ്റീന്‍ ചെറുപ്പത്തില്‍. വായിക്കുവാനുള്ള ബുദ്ധിമുട്ട്‌, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ, ആശയ വിനിമയത്തിനുള്ള കഴിവില്ലായ്മ തുടങ്ങിയ പല പഠനവൈകല്യങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു.. അക്ഷമനും വേഗത്തില്‍ ഈര്‍ഷ്യപ്പെടുന്നവനും ആയിരുന്നത്‌ കൊണ്ട്‌ സ്കൂളില്‍ നിന്നും പറഞ്ഞു വിട്ടു. മറ്റ്‌ പല സ്കൂളുകളേയും മാതാപിതാക്കള്‍ സമീപിച്ചെങ്കിലും എല്ലായിടത്തും അഡ്മിഷന്‍ നിഷേധിക്കപ്പെട്ടു. “ഈ കുട്ടി ഒരിക്കലും ശരിയാകാന്‍ പോകുന്നില്ല” എന്ന് വരെ ഒരധ്യാപകന്‍ തീര്‍ത്തു പറഞ്ഞു.
എന്നാല്‍ ഐന്‍സ്റ്റീന്‍ പില്‍ക്കാലത്ത്‌ ആരായി മാറി എന്ന് കാലം തെളിയിച്ചു…

ചെറുപ്പത്തില്‍ ഐന്‍സ്റ്റീനെപ്പോലെ ഓട്ടിസം ബിഹേവിയര്‍ ലക്ഷണങ്ങള്‍ കാണിച്ച കുട്ടിയായിരുന്നു വിശ്വ പ്രസിദ്ധ ശാസ്ത്രകാരനായ സര്‍ ഐസക്‌ ന്യൂട്ടണും.
വിശ്വപ്രസിദ്ധ സംഗീതജ്ഞന്‍ മൊസാര്‍ട്ട്‌, വിശ്വ ചിത്രകാരന്‍ മൈക്കല്‍ ആഞ്ജലോ, പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്‌ ചാള്‍സ്‌ ഡാര്‍വിന്‍, തോമസ്‌ ജെഫേഴ്‌സണ്‍ തുടങ്ങിയവരെല്ലാം ചെറുപ്പത്തില്‍ ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ ലക്ഷണങ്ങള്‍ കാണിച്ച കുട്ടികളായിരുന്നു.

ചരിത്രത്തിലെ വലിയ പല കണ്ടുപിടുത്തങ്ങളും നടത്തിയ തോമസ്‌ ആല്‍വാ എഡിസണ്‍ ആദ്യ കാലഘട്ടത്തില്‍ ഓട്ടിസമല്ലെങ്കിലും പഠനവൈകല്യം ഉള്ളത്‌ കൊണ്ട്‌ സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട്‌ വീട്ടിലിരുത്തി അമ്മ പഠിപ്പിച്ച കുട്ടിയായിരുന്നു. “ഒന്നിനും കഴിവില്ലാത്ത മണ്ടന്‍!” എന്ന് അദ്ധ്യാപകര്‍ ആക്ഷേപിച്ച ആ കുട്ടിയുടെ കണ്ട്‌ പിടുത്തങ്ങളുടെ ചരിത്രം ശാസ്ത്രലോക ചരിത്രത്തിന്റെ തങ്കലിപികളില്‍ നിന്ന് നമുക്ക്‌ വായിക്കാം.

യാതൊരുവിധ കുഴപ്പങ്ങളും ഇല്ലാത്ത ആരോഗ്യമുള്ള കുഞ്ഞായി ജനിച്ച ഹെലന്‍ കെല്ലര്‍ 19 മാസം പ്രായമുള്ളപ്പോള്‍ ബാധിച്ച മസ്തിഷ രോഗത്തില്‍ അന്ധയും ബധിരയുമായി മാറി. മറ്റുള്ളവരുമായി യാതൊരു ആശയ വിനിമയവും നടത്താന്‍ കഴിയാതെ കൊച്ച്‌ ഹെലന്‍ ഇരുളിന്റേയും നിശബ്ദതയുടേയും ലോകത്തേയ്ക്ക്‌ തള്ളപ്പെട്ടുവെങ്കിലും കൊച്ച്‌ ഹെലന്‍ ജീവിതത്തെ ഒരു വെല്ലു വിളിയായെടുത്തു. മാതാപിതാക്കളോട്‌ സംസാരിക്കാന്‍ അവളുടേതായ ഒരു കൂട്ടം ആംഗ്യ ഭാഷകള്‍ അവള്‍ വികസിപ്പിച്ചെടുത്തു. പില്‍ക്കാലത്ത്‌ ലോക പ്രശസ്തി ആര്‍ജ്ജിച്ച പ്രഭാഷകയും ഗ്രന്ഥകാരിയുമായി ഹെലന്‍ മാറിയ ചരിത്രവും വിസ്മയാവഹമാണ്‌.

ലീവ്‌ തീര്‍ന്നപ്പോളെത്തിയ അച്ഛനാണ്‌ ഐശ്വര്യ ഒരു അത്ഭുതമായത്‌.

ഇത്‌ വരെ ഒരിക്കലും അടുത്ത്‌ മടിയില്‍പ്പോലും വന്നിരിക്കാത്ത കുട്ടി അച്ഛനെ കണ്ട്‌ ഓടി അടുത്തെത്തി. അച്ചന്റെ ദേഹത്തേയ്ക്ക്‌ പറ്റിപ്പിടിച്ച്‌ കയറി. സന്തോഷം സഹിക്കാന്‍ വയ്യാതെ ആ അച്ഛന്‍ കുട്ടിയേയും തലയില്‍ വെച്ച്‌ കുമ്മഞ്ചേരിയിലെ ഇടവഴികളിലൂടെ വൈകുന്നേരം വരെ കറങ്ങി നടന്നത്‌ ഞങ്ങള്‍ നേരിട്ട്‌ കണ്ടു.

ജീവിതം അങ്ങനെയാണ്‌ അത്‌ ചിലപ്പോള്‍ സിനിമയേക്കാളും നാടകത്തേക്കാളും നാടകീയമാകും!

രണ്ടു ദിവസത്തിനകം മാതാപിതാക്കളോടൊപ്പം ഐശ്വര്യക്കുട്ടിയ്ക്കും ആസ്ട്രേലിയയിലേയ്ക്ക്‌ തിരിച്ച്‌ പോകേണ്ടി വന്നു.

ഐശ്വര്യയുടെ Treatment Summary റിപ്പോര്‍ട്ടില്‍ ഞങ്ങള്‍ ഇങ്ങനെ എഴുതിച്ചേര്‍ത്തു.

The kid has exhibited exceptional skills in writing and demonstrated high functionality in IQ. So in case if she is not able to achieve speech, Training in writing & Alternative Augmentative Communication Tools can be used to improve her communication skills.

ഇനിയും കണ്ട്‌ മുട്ടാമെന്ന ശുഭ പ്രതീക്ഷയില്‍ അല്‍ഫ കുടുംബം ഒന്നാകെ അവള്‍ക്ക്‌ എല്ലാ നന്മകളും ഒരുപാട്‌ സ്നേഹവായ്പുകളും നേര്‍ന്നു..
ഇനി അഥവാ അവള്‍ അല്‍ഫയിലേയ്ക്ക്‌ തിരിച്ചെത്തിയില്ലെങ്കിലും..

കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നൊയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?
അത്‌ പോലെ നമ്മുടെ ഐശ്വര്യക്കുട്ടിയും നാളെ ആരാകും എന്താകും എന്നാര്‍ക്കറിയാം..

നമുക്കിപ്പൊഴീ ആര്‍ദ്രയെ
ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം!
വരിക സഖീ, അരികത്ത് ചേര്‍ന്ന് നില്‍ക്കൂ,
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായ് നില്‍ക്കാം
~സഫലമീ യാത്ര

ആ കുഞ്ഞിന്‌ എല്ലാ നന്മകളും ഉയര്‍ച്ചകളും നേര്‍ന്ന് കൊണ്ട്‌ …
അല്‍ഫ പീഡിയാട്രിക്‌ റിഹാബിലിറ്റേഷന്‍ ടീം.

സെറിബ്രല്‍ പാള്‍സിയും, പുനരധിവാസ ചികിത്സകളുടെ ആവശ്യകതയും

ഇന്ന്, ഒക്ടോബര്‍ 5 ലോക സെറിബ്രല്‍ പാള്‍സി ദിനം. നമ്മുടെ സമൂഹത്തില്‍ സെറിബ്രല്‍ പാള്‍സി അഥവാ മസ്തിഷ്ക തളര്‍വാതം എന്ന അവസ്ഥയിലുള്ള കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച്‌ വരുന്ന അവസ്ഥയാണ്‌ കാണാന്‍ കഴിയുന്നത്‌. ഇന്ത്യയില്‍ ജനിക്കുന്ന കുട്ടികളില്‍ 500-ല്‍ ഒരാള്‍ക്ക്‌ എന്ന നിരക്കില്‍ ഇത്തരം രോഗാവസ്ഥ കാണപ്പെടുന്നു എന്ന് കണക്കുകള്‍ കാണിക്കുന്നു.
ആധുനിക വൈദ്യ ശാസ്ത്ര ശാഖകളില്‍ പ്രധാനപ്പെട്ട ഒന്നായ ശിശുരോഗ വിഭാഗത്തെ സംബന്ധിച്ച്‌ ഇപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയാണ്‌ ‘സെറിബ്രല്‍ പാള്‍സി’ എന്ന രോഗാവസ്ഥയും അതിന്റെ ചികിത്സയും.
ഒരു കുട്ടിയുടെ ജനനത്തിന്‌ മുമ്പോ, ജനന സമയത്തോ, ജനനശേഷമോ മസ്തിഷ്ക സംബന്ധമായ തകരാറുകളുടെ പൊതുരൂപമാണ്‌ സെറിബ്രല്‍ പാള്‍സി എന്ന അവസ്ഥ. ഇത്‌ ഒരു രോഗമല്ല. ഇത്തരം അവസ്ഥയിലുള്ള കുട്ടികളുടെ മസ്തിഷ്കത്തിലെ ചലനത്തെ നിയന്ത്രിക്കുന്ന ഭാഗങ്ങളിലാണ്‌ കൂടുതലായി ക്ഷതം അനുഭവപ്പെടുന്നത്‌.
പ്രധാന കാരണങ്ങള്‍
—————————————————–
ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്കുണ്ടാകുന്ന അണുബാധകള്‍, വൈറസ്‌ രോഗങ്ങള്‍, അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, കുട്ടിയുടെ മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന്റെ അമിത ഭാരക്കുറവ്‌, ഗര്‍ഭാവസ്ഥയില്‍ കാണപ്പെടുന്ന രക്തത്തിലെ ഗ്ലൂക്കോസിന്റെ ക്രമരഹിതമായ വ്യതിയാനങ്ങള്‍, ജനന സമയത്ത്‌ കുട്ടി കരയാന്‍ വൈകുന്നത്‌ മൂലം തലച്ചോറിലേേയ്ക്കുള്ള രക്തപ്രവാഹം തടസ്സപ്പെടല്‍, ജനന സമയത്തുണ്ടാകുന്ന ശ്വാസ തടസ്സങ്ങള്‍, മസ്തിഷ്ക സംബന്ധമായ മെനിഞ്ചൈറ്റിസ്‌ എങ്കഫലൈറ്റിസ്‌ പോലെയുള്ള അണുബാധകള്‍, ജനന ശേഷം കുട്ടികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍, തലയിലെ മുറിവും രക്തസ്രാവവും, ജനനശേഷമുണ്ടാകുന്ന അപസ്മാരം എന്നിവയൊക്കെയും സെറിബ്രല്‍ പാള്‍സി എന്ന അവസ്ഥയ്ക്ക്‌ കാരണമായേക്കാം.
മേല്‍പ്പറഞ്ഞ കാരണങ്ങള്‍ ഒരു കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട്‌ ഉണ്ടായിട്ടുണ്ടെങ്കില്‍ ഇത്തരം കുട്ടികളുടെ വളര്‍ച്ചാഘട്ടങ്ങള്‍ ഒരു ശിശുരോഗ വിദഗ്ദ്ധന്റെ സാന്നിദ്ധ്യത്തില്‍ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതും വളരെ നേരത്തെ തന്നെ രോഗനിര്‍ണ്ണയം നടത്തേണ്ടതുമാണ്‌.
രോഗനിര്‍ണ്ണയം നടത്തുന്നതിന്‌ ആവശ്യമായ വിശദമായ ജനനചരിത്രം, ശാരീരിക പരിശോധനകള്‍, രക്തപരിശോധനകള്‍, ഇ.ഇ.ജി, സിടി, എം.ആര്‍.ഐ, കേള്‍വി , കാഴ്ച്ച സംബന്ധമായ പരിശോധനകള്‍ എന്നിവ നടത്തേണ്ടത്‌ അനിവാര്യമാണ്‌.
ഒരു കുട്ടിയ്ക്ക്‌ സെറിബ്രല്‍ പാള്‍സി ബാധിച്ചു എന്ന് നമുക്ക്‌ എങ്ങനെ നേരത്തെ തിരിച്ചറിയാം?
—————————————————————-
മുലപ്പാല്‍ വലിച്ച്‌ കുടിക്കുന്നതിനു പ്രയാസം അനുഭവപ്പെടുക, കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍, ശരീരത്തിന്റെ ബലക്കുറവ്‌ അല്ലെങ്കില്‍ അനിയന്ത്രിതമായ ബലക്കൂടുതല്‍ അനുഭവപ്പെടുക, രണ്ട്‌ മാസം പ്രായം ആയ കുഞ്ഞ്‌ മുഖത്ത്‌ നോക്കി പുഞ്ചിരിക്കാതിരിക്കുകയോ, നമ്മുടെ കണ്ണുകളിലേയ്ക്ക്‌ നോക്കാന്‍ കഴിയാതിരിക്കുകയോ ചെയ്യുക, നാല്‌ മാസം പ്രായം ആയിട്ടും കഴുത്ത്‌ ഉറയ്ക്കാതിരിക്കുക, ശരീരത്തിന്റെ ഒരു ഭാഗമോ അവയവമോ മാത്രം ഉപയോഗിക്കുക, ശബദം കേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കാതിരിക്കുക എന്നിവയോ വളര്‍ന്ന് തുടങ്ങുമ്പോള്‍ അതാത്‌ സമയങ്ങളില്‍, കുട്ടിയുടെ തല ഉറയ്ക്കുക, കമിഴ്ന്ന് വീഴുക, നീന്തുക, ഇരിക്കുക, നില്‍ക്കുക, നടക്കുക തുടങ്ങിയ കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ നാഴികക്കല്ല്ലുകള്‍ കൈവരിക്കാന്‍ കുട്ടിയ്ക്ക്‌ സാധിക്കാതിരിക്കുകയോ ചെയ്താല്‍ കുട്ടിയ്ക്ക്‌ സെറിബ്രല്‍ പാള്‍സി എന്ന അവസ്ഥയുടെ ലക്ഷണങ്ങളുണ്ട്‌ എന്ന് അനുമാനിക്കാം.
തലച്ചോറിന്‌ സംഭവിച്ച ക്ഷതത്തിന്റെ തീവ്രത അനുസരിച്ച്‌ കുട്ടികളില്‍ ചലനപരമായ പ്രശ്നങ്ങള്‍ക്ക്‌ പുറമെ, സംസാരശേഷിക്കുറവ്‌, കാഴ്ച്ചക്കുറവ്‌, കേള്‍വിക്കുറവ്‌, ഇടവിട്ട അപസ്മാര സാധ്യത, ബുദ്ധി മാന്ദ്യത, വൈകാരിക പ്രശ്നങ്ങള്‍ തുടങ്ങിയ മറ്റ്‌ അനുബന്ധ പ്രശ്നങ്ങളും കൂടി ഉണ്ടാവുന്നതായി കാണാന്‍ കഴിയും.
രോഗ ചികിത്സ
—————————————————–
ഇത്തരം രോഗാവസ്ഥകളുടെ ചികിത്സാ വിജയം, ഒരു വിദഗ്ദ്ധ ചികിത്സാ കൂട്ടായ്മയെ ആശ്രയിച്ചിരിക്കുന്നു. മരുന്ന് കൊണ്ട്‌ ഇത്തരം രോഗാവസ്ഥകള്‍ക്ക്‌ സാരമായ മാറ്റം വരുത്താന്‍ സാദ്ധ്യമല്ല.എത്രയും നേരത്തെയുള്ള വിദഗ്ദ്ധരുടെ ഇടപെടലുകള്‍ കുട്ടിയെ വളരെ നേരത്തെ കഴിയുന്നത്ര സ്വയം പര്യാപ്തനാക്കാന്‍ സഹായിക്കുന്നു. ഈ കുട്ടികളുടെ ചികിത്സയ്ക്ക്‌ ഒരു വിദഗ്ദ്ധ പുനരധിവാസ സംഘത്തിന്റെ സഹായം ആവശ്യമാണ്‌. ശിശുരോഗ വിദഗ്ദ്ധന്‍, പീഡിയാട്രിക്‌ ന്യൂറോളജിസ്റ്റ്‌, ഏര്‍ളി ഡവലപ്പെമെന്റല്‍ തെറാപ്പിസ്റ്റ്‌, പീഡിയാട്രിക്‌ ഫിസിയോതെറാപ്പിസ്റ്റ്‌, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്‌, സൈക്കോ ബിഹേവിയറല്‍ തെറാപ്പിസ്റ്റ്‌. സ്പെഷ്യല്‍ ടീച്ചേര്‍സ്‌, സോഷ്യല്‍ വര്‍ക്കര്‍ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘം കുട്ടിയെ പരിശോധിച്ച്‌ വിലയിരുത്തിയതിന്‌ ശേഷമാണ്‌ ചികിത്സ നിര്‍ണ്ണയിക്കുന്നത്‌.
കുട്ടികള്‍ക്കുണ്ടാകുന്ന ഇത്തരം അവസ്ഥകളുടെ ശാസ്ത്രീയമായ കാരണങ്ങളെക്കുറിച്ചോ അവയ്ക്കുള്ള ആധുനിക ചികിത്സാ പ്രതിവിധികളെക്കുറിച്ചോ, അവ നല്‍കാന്‍ കഴിവുള്ള ചികിത്സകരെക്കുറിച്ചോ, അവരുടെ യോഗ്യതകളെക്കുറിച്ചോ സമൂഹത്തില്‍ പല മാതാപിതാക്കള്‍ക്കും തികഞ്ഞ അജ്ഞതയാണ്‌ ഇന്നുള്ളത്‌. ഇത്തരം മാതാപിതാക്കള്‍ ഈ അറിവില്ലായ്മ മൂലം അശാസ്ത്രീയവും, വ്യാജവുമായ പല ചികിത്സകള്‍ക്കും പിന്നാലെ പോവുകയും, ചതിക്കുഴികളില്‍ വീണ്‌ തട്ടിപ്പുകള്‍ക്കും സാമ്പത്തിക ചൂഷണത്തിനും ഇരയാവുകയും ചെയ്യുന്നത്‌ പതിവായിരിക്കുന്നു.
ചികിത്സ എപ്പോള്‍ തുടങ്ങണം, എത്ര നാള്‍ വേണ്ടി വരും?
—————————————————————-
രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍ കണ്ട്‌ തുടങ്ങുമ്പോള്‍ തന്നെ ഏര്‍ളി സ്റ്റിമുലേഷന്‍, ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ ട്രെയിനിങ്ങുകള്‍ തുടങ്ങേണ്ടത്‌ വളരെ അനിവാര്യമാണ്‌. ഒരു കുട്ടിയുടെ ശാരീരികവും , മാനസികവുമായ വളര്‍ച്ചയില്‍ മൂന്ന് വയസ്സ്‌ പ്രായം വരെയുള്ള കാലഘട്ടം വളരെയധിക പ്രാധാന്യം അര്‍ഹിക്കുന്നു. തലച്ചോറിന്റെ വളര്‍ച്ച ഇക്കാലത്താണ്‌ കാര്യമായി സംഭവിക്കുന്നത്‌.
പുനരധിവാസ ചികിത്സയില്‍ ഫിസിയോതെറാപ്പിയുടെ പങ്ക്‌
——————————————————————————-
സെറിബ്രല്‍ പാള്‍സി എന്നത്‌ തലച്ചോറിലെ ചലനത്തെ ബാധിക്കുന്ന ഭാഗങ്ങള്‍ക്ക്‌ കൂടുതല്‍ ക്ഷതം ഉണ്ടാക്കുന്നതിനാല്‍ ഇത്‌ കൂടുതലും കുട്ടികളുടെ ശാരീരികമായ ചലനവൈകല്യങ്ങളിലേയ്ക്ക്‌ നയിക്കുന്നതിനാല്‍ ഫിസിയോതെറാപ്പി എന്ന ചികിത്സാ രീതിയ്ക്ക്‌ ഇതില്‍ വളരെയധികം പങ്ക്‌ വഹിക്കാനുണ്ട്‌.
ചെറുപ്പത്തിലെ തന്നെ കുട്ടികളുടെ ശാരീരിക പരിമിതികളെ മനസ്സിലാക്കുകയും, തുടര്‍ ചികിത്സയിലൂടെയും, ചിട്ടയായ വ്യായാമമുറകളിലൂടെയും, ഫിസിയോതെറാപ്പി ടെക്നിക്കുകളിലൂടെയും ചികിത്സയും പരിശീലനവും നല്‍കി അവരിലുള്ള കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ചു അവരെ സ്വയം പര്യാപ്തതയില്‍ എത്തിക്കുവാന്‍ ഫിസിയോതെറാപ്പി എന്ന ചികിത്സാ രീതി അത്യന്തം ഫലപ്രദമാണ്‌. കുട്ടിയുടെ ചലനപരമായ ബുദ്ധിമുട്ടുകള്‍ കൂടാതെ സ്പര്‍ശനം, തുലനമില്ലായ്മ, ബുദ്ധിമാന്ദ്യം, പേശികളുടെ ബലത്തിലുള്ള പ്രശ്നങ്ങള്‍, അപസ്മാരം, സംസാരശേഷിക്കുറവ്‌, പഠനവൈകല്യം, മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയ അനുബന്ധ പ്രശ്നങ്ങള്‍ കൂടെ ഉണ്ടാവാന്‍ ഇടയുണ്ട്‌.
ഓരോ ദിവസത്തേയും കുട്ടിയുടെ ആരോഗ്യം നിര്‍ണ്ണയിച്ചതിന്‌ ശേഷമാണ്‌ ഫിസിയോതെറാപ്പി പരിശീലനം ആരംഭിക്കുന്നത്‌. പരിശീലനം നാല്‌ വിധത്തിലാണ്‌.
1. കുട്ടിയുടെ ശരിയായ പൊസിഷനിംഗ്‌: കുട്ടി കിടക്കുമ്പോള്‍, ഇരിക്കുമ്പോള്‍, നില്‍ക്കുമ്പോള്‍, നടക്കുമ്പോള്‍ ഉള്ള വൈകല്യങ്ങളെ ശരിയാക്കി കുട്ടിയെ ശരിയായ ശരീരപ്രകൃതിയിലേക്കെത്തിക്കുക.
2 ബലപ്പെടുത്തല്‍: പേശികള്‍ക്ക്‌ ബലമുണ്ടാക്കാനുള്ള പരിശീലനം.
3. ബാലന്‍സും കോര്‍ഡിനേഷനും ശരിയാക്കാനുള്ള പരിശീലനം: ഇതിനായി ബാലന്‍സ്‌ ബോര്‍ഡ്‌, ഹിപ്പോ തെറാപ്പി, ഹൈഡ്രോ തെറാപ്പി, സാന്‍ഡ്‌ പിറ്റ്‌ എന്നീ മെതേഡുകള്‍ ഉപയോഗിക്കുന്നു.
4. ഗെയിറ്റ്‌ ട്രെയിനിംഗ്‌: ശരിയായ രീതിയിലുള്ള നടത്തവും, സ്റ്റെപ്പ്‌ കയറാനു,, ഇറങ്ങാനും, ഓടാനും ചാടാനുമുള്ള പരിശീലനം. ഇതിനായി റൊളേറ്റര്‍, വാക്കര്‍, ട്രെഡ്‌ മില്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു.
പ്രായോഗിക മാതൃകകള്‍
—————————————————–
പുനരധിവാസ ചികിത്സയില്‍ വികസിതരാജ്യങ്ങളിലടക്കം മരുന്നുകളുപയോഗിച്ചുള്ള ചികിത്സകേക്കാളുപരി ‘റിഹാബിലിറ്റേഷന്‍’ ചികിത്സാ രീതികളായ ഫിസിയോതെറാപ്പി പോലുള്ള ചികിത്സരീതികള്‍ക്ക്‌ കൂടുതല്‍ പ്രചാരം ലഭിച്ച്‌ തുടങ്ങുന്ന ഇക്കാലത്ത്‌ നമ്മുടെ നാടും മുന്നേറിത്തുടങ്ങിയിരിക്കുന്നു.
സെറിബ്രല്‍ പാള്‍സി കുട്ടികള്‍ക്കായി രണ്ട്‌ വര്‍ഷം മുമ്പ്‌ ആരംഭിച്ച അല്ഫ പീഡിയാട്രിക്‌ റിഹാബിലിറ്റേഷന്‍ എന്ന കൊച്ചിയിലെ സെന്ററില്‍ ഇന്ന് 100-ഓളം കുട്ടികള്‍ ചികിത്സാ സേവനം തേടുന്നു. വിദഗ്ദ്ധരായ റിഹാബിലിറ്റേഷന്‍ പ്രൊഫഷണലുകളുടെ ചിട്ടയായ ചികിത്സ പരിശിലനത്തിലൂടെയും, വ്യക്തിപരമായി ഓരോ കുട്ടിയേയും കേന്ദ്രീകരിച്ചുള്ള റിഹാബിലിറ്റേഷന്‍ പ്രോഗ്രാമുകളുടെ സമന്വയത്തിലൂടെയും, മാതാപിതാക്കളുടെ ക്ഷമാപൂര്‍ണ്ണമായ ശ്രദ്ധയുടേയും ഫലമായി 70-ല്‍ അധികം കുട്ടികള്‍ക്ക്‌ കാര്യമായ പുരോഗതി ഉണ്ടാവുകയും, നടക്കുന്ന കാര്യത്തില്‍ അവരെ സ്വയം പര്യാപ്തതയിലെത്തിക്കാനും, നിരവധി കുട്ടികള്‍ക്ക്‌ സംസാരശേഷിയില്‍ കാര്യമായ പുരോഗതി ഉണ്ടാക്കാനും, 40-ഓളം കുട്ടികളെ സാധാരണ സ്കൂളുകളിലേയ്ക്ക്‌ തുടര്‍വിദ്യാഭ്യാസത്തിന്‌ അയയ്ക്കാന്‍ കഴിഞ്ഞുവെന്നതും റിഹാബിലിറ്റേഷന്‍ ചികിത്സാരീതിയുടെ ഫലപ്രാപ്തിയെക്കാണിക്കുന്നു.
ഇത്തരം കുട്ടികള്‍ക്ക്‌ വളരെ നേരത്തെ തന്നെ പുനരധിവാസ ചികിത്സകളായ, ഫിസിയോതെറാപ്പി ചികിത്സ കൂടാതെ, സ്പീച്ച്‌ തെറാപ്പി, ഒക്കുപേഷണല്‍ തെറാപ്പി, ബിഹേവിയറല്‍ ട്രെയിനിംഗ്‌, സ്പെഷ്യല്‍ ആന്‍ഡ്‌ റെമെഡിയല്‍ എജ്യുക്കേഷന്‍ എന്നിവ സംയുക്തമായി കൃത്യമായ ടൈം ടേബിളില്‍ നല്‍കുകയാണെങ്കില്‍ കുട്ടിയുടെ സമഗ്രമായ ഡെവലപ്പ്‌മെന്റിന്‌ ഇത്‌ സഹായമാവുകയും അവരെ കഴിയുന്നത്ര നേരത്തെ തന്നെ സ്വയം പര്യാപ്തതയില്‍ എത്തിക്കാനും കഴിയും എന്നുള്ളതില്‍ അല്ഫ സെന്റര്‍ അനുഭവത്തില്‍ നിന്ന് ഉറപ്പ്‌ നല്‍കുന്നു.
ഇത്തരം സെന്ററുകള്‍ ജില്ലാ അടിസ്ഥാനത്തിലും, സംസ്ഥാന തലത്തിലും നടപ്പിലാക്കാന്‍ സേവന മനസ്ഥരായ മെഡിക്കല്‍ പ്രൊഫഷണലുകള്‍ മുന്നോട്ട്‌ വരികയും, അവര്‍ക്ക്‌ സര്‍ക്കാറുകളും, ആരോഗ്യ വിഭാഗവും വേണ്ട പിന്തുണയും നല്‍കുകയും ചെയ്താല്‍ പ്രത്യേക പരിഗണന അര്‍ഹിക്കേണ്ട സെറിബ്രല്‍ പാള്‍സി പോലെയുള്ള രോഗാവസ്ഥകളെ തരണം ചെയ്യാന്‍ ഇത്‌ ബാധിച്ച കുട്ടികള്‍ക്കും , അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുവാന്‍ അവരുടെ മാതാപിതാക്കള്‍ക്കും കഴിയും.

ഡിസംബര്‍ 3 ലോക വികലാംഗ ദിനം. (World Disability Day)

ഡിസംബര്‍ 3 ലോക വികലാംഗ ദിനം. (World Disability Day)

വസന്തങ്ങളും, നിറഭേദങ്ങളും, പ്രതീക്ഷകളും, ആഘോഷത്തിമര്‍പ്പുകളും നിറഞ്ഞ ജീവിതത്തിന്റെ ഒരു മറുപുറത്ത്‌ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട്‌ ശാരീരികവും, മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന ഒരു കൂട്ടം മനുഷ്യ ജന്മങ്ങള്‍ക്കായി, ലോകജനത മാറ്റി വെയ്ക്കപ്പെട്ടിരിക്കുന്ന ഒരു ദിനം.

ഇന്നത്തെ തിരക്കേറിയ ജീവിത പ്രയാണത്തില്‍ അങ്ങനെ ഒരു സമൂഹം തങ്ങളുടെ വൈകല്യങ്ങളെ മറികടന്ന് നമ്മുടെ ഈ യാത്രയുടെ വേഗത്തിനൊപ്പമെത്താന്‍ കഷ്ടപ്പെടുന്നത്‌ എത്ര പേര്‍ ശ്രദ്ധിക്കുന്നുണ്ട്‌ എന്നറിയില്ല.
അവരുടെ വൈകല്യങ്ങളെ മാറ്റി വെച്ച്‌ കൊണ്ട്‌, അവരുടെ ഉള്ളിലുള്ള യഥാര്‍ത്ഥ കഴിവുകളെ പുറത്തെത്തിച്ച്‌, ‘ഡിസേബിള്‍ഡ്‌’ എന്ന വാക്ക്‌ തുടച്ച്‌ മാറ്റി ‘ഡിഫറന്റ്‌ലി ഏബിള്‍ഡ്‌’ എന്ന അവസ്ഥയിലേയ്ക്ക്‌ ഉയര്‍ത്തി, അവരേയും നമ്മുടെ സമൂഹത്തിന്റെ ഭാഗമാക്കാന്‍ ഒരു പാട്‌ സുമനസ്സുകള്‍ ശ്രമിക്കുന്നുണ്ട്‌.
അവര്‍ക്ക്‌ എന്റെ നന്ദിയും, നന്മകളും നേരുന്നു.

ചാരിറ്റി ഒരു സ്റ്റാറ്റസ്‌ സിംബലും, പണം കൊയ്യാനുള്ള എളുപ്പ മാര്‍ഗ്ഗവുമാകുമ്പോള്‍ ഇത്തരക്കാരെ ചൂഷണം ചെയ്യുന്ന ഒരു വിഭാഗവും ഇവിടെ വളര്‍ന്ന് വരുന്നു എന്നുള്ളതും ഒരു നഗ്ന യാഥാര്‍ത്യമാണ്‌. ഇത്തരം കള്ള നാണയങ്ങളെ നാം തിരിച്ചറിയേണ്ടതും ഒറ്റപ്പെടുത്തേണ്ടതും മനസ്സാക്ഷിയുള്ള ഒരു മനുഷ്യന്റെ കടമയായി ഞാന്‍ കരുതുന്നു.

ശാരീരികവും, മാനസികവുമായ വൈകല്യം ജീവിതത്തിന്റെ പ്രതീക്ഷകളെ താളം തെറ്റിച്ച ഒരു പറ്റം മനുഷ്യ ജീവിതങ്ങളെ കഴിഞ്ഞ ആറു വര്‍ഷങ്ങളായി അടുത്തറിയാനും അവര്‍ക്ക്‌ ഒരല്‍പ്പം സാന്ത്വനവും പരിചരണവും നല്‍കാന്‍ കഴിയുന്നു എന്നുള്ളതും എന്റെ ജീവിതത്തിന്റെ അസുലഭ നിമിഷങ്ങളായി ഞാന്‍ കരുതുന്നു.
അവര്‍ക്കായി എന്റെ കഴിവിന്റെ പരിധിയില്‍ നിന്ന് കൊണ്ട്‌ അവര്‍ക്ക്‌ ഗുണകരമായ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത്‌ എന്റെ ജീവിതത്തിന്റെ നിയോഗമായി ഞാന്‍ കരുതുന്നു.

ആത്മാര്‍ത്ഥമായ എന്റെ ഉദ്യമം വിജയിക്കണമേ എന്ന പ്രാര്‍ത്ഥനയോടെ….

 ~ഷാനി അനസ്‌

സെറിബ്രൽ പാൾസി

ഇക്കഴിഞ്ഞ ദിവസം എനിക്ക് ഹൃദയസ്പർശിയായ ഒരു രംഗത്തിന്‌ സാക്ഷിയാകേണ്ടി വന്നതിൽ നിന്നാണ്‌ ഈ കുറിപ്പിന്റെ പിറവി.
കുറച്ച് നാൾ മുമ്പ് ഞാൻ ചികിത്സിച്ച് കൊണ്ടിരുന്ന 13 വയസ്സുള്ള സെറിബ്രൽ പാൾസി അവസ്ഥയിലുള്ള ഒരു കുട്ടിയെ കാണാൻ പോയിരുന്നു. 13 വയസ്സുള്ള ശരീരമുണ്ടെങ്കിലും വെറും 6 മാസം പ്രായമായ കുട്ടികളുടെ അത്ര പോലും ബുദ്ധി വികാസം അവനില്ല എന്ന് വേണം പറയാൻ. പല സാഹചര്യങ്ങൾ കൊണ്ട് ചെറുപ്പത്തിൽ അവന്‌ വേണ്ട ശരിയായ ചികിത്സ നല്കാൻ അവന്റെ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല. മറ്റ് പല മാതാപിതാക്കളേയും പോലെ, സങ്കീർണ്ണമായ പ്രസവത്തോടെ തന്നെ തങ്ങളുടെ സ്വത്തിന്റെ ഏറിയ പങ്കും ചിലവഴിച്ച് കടക്കെണിയിൽ അകപ്പെട്ടവരാണ്‌ ഈ കുട്ടിയുടെ മാതാപിതാക്കളും. ഒരു പാടു പണം പ്രസവത്തിനും, അനന്തര ചികിത്സയ്ക്കും ചെലവഴിച്ച ശേഷവും ജീവച്ഛവങ്ങളെപ്പോലെ കയ്യിൽ കിട്ടുന്ന കുട്ടികളെ നോക്കി വിധിക്കു മുമ്പിൽ പകച്ച് നില്ക്കാനല്ലാതെ മറ്റൊന്നിനും ഈ നിസ്സഹായരായ മാതാപിതാക്കൾക്ക് കഴിയാറില്ല.
പ്രസവസമയത്തെ ഡോക്ടർമാരുടെ വളരെ ചെറിയ കൈപ്പിഴവ്, സർജറി വേണ്ടിയിരുന്നിടത്ത് ഡെലിവറി നോർമലാക്കാൻ നടത്തിയ പാഴ്ശ്രമമാണി കുട്ടിയ്ക്കും അവന്റെ മാതാപിതാക്കൾക്കും നീണ്ട 13 വർഷത്തെ നരകയാതനയ്ക്ക് കാരണമായത്.
ദീർഘനാളായി കിടക്കയിൽ കിടന്നത് മൂലം ശരീരം പൊട്ടി വ്രണങ്ങളായി ത്തുടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ വേദനകൾ എവിടെയെന്ന് പറയാൻ പോലും കഴിയാത്ത അവസ്ഥയിൽ തന്റെ കുഞ്ഞ് നരകയാതനയോടെ കഴിയുമ്പോൾ, വിധിയെ പഴിക്കാതെ ക്ഷമയോടെ തങ്ങളുടെ പരിചരണവും സ്നേഹവും കഴിയുന്ന രീതിയിൽ അവനു കൊടുക്കുന്ന മാതാപിതാക്കളുടെ ദൈന്യതയാർന്ന രംഗം എന്റെ കണ്ണിൽ നിന്ന് വിട്ട് മാറുന്നില്ല.

മുഴുവനായി കിടക്കജീവിതം മാത്രം ജീവിക്കാൻ കഴിയുന്ന കുട്ടിയെ ഒരു പിഞ്ചു കുഞ്ഞിനെപ്പോലെ പരിചരിക്കുന്ന സ്നേഹമയരായ മാതാപിതാക്കളുടെ നെഞ്ചിലെ തീയുടെ പൊള്ളലറിയണമെങ്കിൽ നാം അവരിരൊളാവേണ്ടി വരും.

ഇത്തരം ബെഡ്റിഡൺ ആയിട്ടുള്ള ശാരീരിക വൈകല്യമുള്ള കുട്ടികളുടെ ചികിത്സയും പഠനവും ഏറ്റെടുക്കാൻ സർക്കാരിന്റെ ഗ്രാന്റുകളോട് കൂടി പ്രവർത്തിക്കുന്ന പല സ്പെഷ്യൽ സ്കൂളുകൾക്കും മടിയാണ്‌. ഇത്തരം അധിക ബാധ്യതകൾ ഏറ്റെടുക്കാനുള്ള കനിവും കാരുണ്യവും പല പേര്‌ കേട്ട സ്ഥാപനങ്ങളും കാണിക്കുന്നില്ല എന്നത് ഞാൻ നേരിട്ടറിഞ്ഞ ഒരു യാഥാർഥ്യമാണ്‌.

ഇത്തരം കുട്ടികളുടെ അവസ്ഥ ശ്രദ്ധയില്പ്പെട്ടതിന്‌ ശേഷം ഇൻക്ളൂസീവ് എഡ്യുക്കേഷന്റെ ഭാഗമായി സർവ്വശിക്ഷാ അഭിയാന്റെ കീഴിൽ കഴിഞ്ഞ വർഷം മുതൽ പ്രവർത്തനമാരംഭിച്ച സൗജന്യ ഫിസിയോതെറാപ്പി സെന്ററുകൾ ഈ അധ്യയന വർഷം മുതൽ കേന്ദ്ര ഫണ്ടിന്റെ അഭാവം മൂലം പ്രവർത്തനം നിലച്ചിരിക്കുകയാണ്‌. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും ബ്ലോക്ക് റിസോഴ്സസ് സെന്ററിന്റെ കീഴിൽ ആരംഭിച്ച ഈ സൗജന്യ ചികിത്സാ കേന്ദ്രങ്ങൾ നിരാലംബരായ ഒരു പാട് കുഞ്ഞുങ്ങളുടേയും അവരുടെ മാതാപിതാക്കളുടേയും ഏക ആശ്രയ കേന്ദ്രമായിരുന്നു. ഇത്തരം മാതാപിതാക്കൾ ഒന്ന് ചേർന്ന് നടത്തിയ പരിദേവനങ്ങൾ ചില പ്രമുഖ പത്രങ്ങളുടെ കോളം വാർത്തകളിൽ ഇടം പിടിച്ചെങ്കിലും അധികാരികളുടെ അനാസ്ഥ മൂലം അവയെല്ലാം വനരോദനങ്ങളായി കലാശിച്ചു.

സർക്കാർ സ്കൂളുകളിൽ ഡിവിഷനുകൾ നിന്ന് പോവാതിരിക്കാൻ വേണ്ടി ഇത്തരം കുട്ടികളുടെ പേരുകൾ റോളിൽ ചേർക്കാൻ സ്കൂൾ അധികൃതർക്ക് മടിയില്ലെങ്കിലും ഇൻസ്പെക്ഷൻ കഴിഞ്ഞാൽ ‘ഓട്ടിസമോ’ സെറിബ്രൽ പാൾസിയോ, ഡൗൺ സിൻഡ്രോമോ ബാധിച്ച ഇത്തരം കുട്ടികളെ ‘മന്ദബുദ്ധി’ കുട്ടികൾ എന്ന ലേബലിൽ പിന്നീട് സ്കൂളിൽ കൊണ്ട് ചെല്ലാൻ ഇവർ പ്രോത്സാപ്പിക്കാറില്ല. സാധാരണ ബുദ്ധി ശക്തിയും നോർമൽ ഐ.ക്യു-വും ഉള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ള കുട്ടികളെ സ്കൂളിൽ കൈകാര്യം ചെയ്യുന്നതിന്റെ സാങ്കേതിക ബുദ്ധിമുട്ടുകൾ പറഞ്ഞ് ഒഴിവാക്കുകയും ചെയ്യും. എസ്.എസ്. പ്രൊജക്ടിന്റെ ഭാഗമായി ഒരു ജില്ലയിൽ തന്നെ ഏകദേശം 150ഓളം സ്പെഷ്യൽ ട്രയിനിങ്ങ് കിട്ടിയ റിസോഴ്സ് ടീച്ചേഴ്സ് ഇത്തരം കുട്ടികളെ നോക്കാനായി മാത്രം നിയമിച്ചിരിക്കെവെയാണ്‌ ഈ കളിവിളയാട്ടങ്ങൾ.
ഈ റിസോഴ്സ് ടീച്ചേഴ്സിന്റെ ട്രയിനിങ്ങിനായി മാത്രം കോടിക്കണക്കിന്‌ രൂപ ലോക ബാങ്ക് സഹായത്തോടെ പ്രവർത്തിക്കുന്ന എസ്.എസ്.എ പ്രൊജക്ടിൽ ചെലവഴിക്കുന്നുണ്ട് എന്നറിയുമ്പോഴാണ്‌ ഇതിന്റെ യഥാർഥ ആവശ്യക്കാർക്ക് ഇത് എത്രത്തോളം പ്രയോജനപ്പെടുന്നുണ്ട് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നത്.

അനിവാര്യമായി വിധിയുടെ വിളയാട്ടങ്ങളിൽ തങ്ങളുടെതല്ലാത്ത തെറ്റ് മൂലം വൈകല്യങ്ങലേറ്റ് വാങ്ങേണ്ടി വരുന്ന പിഞ്ച് ജന്മങ്ങൾ, ഇത്തരമൊരു കുഞ്ഞുണ്ടായത് മൂലം കിടപ്പാടമടക്കം പണയത്തിലാക്കി വാടകവിടുകളിൽ കഴിയുമ്പോഴും, കുഞ്ഞുങ്ങളുറ്റെ ചികിത്സയ്ക്കായി നെട്ടോട്ടമോടുന്നവർ.
ഇത് പാരമ്പര്യ രോഗമോ മറ്റോ അല്ലാത്തതിനാൽ ഏതൊരാൾക്കും ഈ അവസ്ഥയുണ്ടായിക്കൂടെന്നില്ല.

പ്രതിരോധ ശേഷിയില്ലായ്മ മൂലമുണ്ടാകുന്ന അനുബന്ധ അസുഖങ്ങൾക്കുള്ള ചികിത്സയ്ക്കുള്ള പണം ഇല്ലയമയും, ഇത്തരം രോഗാവസ്ഥകൾക്കുള്ള ‘റിഹാബിലിറ്റേഷൻ ചികിത്സ’കളെക്കുറിച്ചുള്ള അവബോധമില്ലയ്മയ്ക്കിടയിലും പകച്ച് നില്ക്കുന്ന ഒരു പറ്റം നിർദ്ധനരായ മാതാപിതാക്കളെ വരെ ചൂഷണം ചെയ്യാനും വീണ്ടും ചതിക്കുഴികളിലേയ്ക്ക് വീഴിക്കാനും തക്കം പാർത്തിരിക്കുന്ന ‘വ്യാജ ചികിത്സകർ’ ഉണ്ടെന്നുള്ളത് ഞെട്ടിക്കുന്ന മറ്റൊരു സത്യമാണ്‌.

ആരോഗ്യ മേഖലയിലെ നാഷണൽ ഇന്റർനാഷണൽ സെമിനാറുകൾക്കും സിമ്പോസിയങ്ങൾക്കും ചെലവാകുന്നതിന്റെ 100-ൽ ഒരു ശതമാനം മതിയാവും ഇത്തരം പുനരധിവാസ ചികിത്സകൾക്ക് വേണ്ട അടിസ്ഥാന സൌകര്യങ്ങൾ ചെയ്ത് കൊടുക്കാൻ എന്ന് നമ്മുടെ ഗവണ്മെന്റുകൾ എന്ന് മനസ്സിലാക്കും?
മരുന്നുപയോഗിച്ച് മാത്രമുള്ള ചികിത്സകൾക്ക് മരുന്ന് മാഫിയകളും, ഉദ്യോഗ്സ്ഥരും, ഡോക്ടർമാരിലെ ചില കള്ളനാണയങ്ങളും ചേർന്ന് നടത്തുന്ന വൻ തട്ടിപ്പുകൾക്കിടയിൽ മരുന്നുകളോ പാർശ്വഫലമോ ഇല്ലാത്ത എഫക്ടീവ് ആയ ‘റിഹാബിലിറ്റേഷൻ ചികിത്സാ രീതികളെ’ പ്പോലെയുള്ള ചികിത്സകളെ പ്രോത്സാഹിപ്പിക്കുന്നതിനോ അവശ്യ രോഗികൾക്ക് അതിന്റെ സേവനം പ്രയോജനപ്പെടുത്താനോ ശ്രമിക്കുന്നില്ല എന്നു മാത്രമല്ല പാശ്ചാത്യ രാജ്യങ്ങൾ പോലും കാര്യക്ഷമമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഇത്തരം ചികിത്സാരീതികളെ തകർക്കുവാനുമുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നു എന്നുള്ളത് തികച്ചും വേദനാജനകമാണ്‌.

പ്രായത്തിനനുസരിച്ചുള്ള വളർച്ചയില്ലാതെ 8 ഉം 10 ഉം വയസ്സായിട്ടും അമ്മയുടെ തോളിൽ മയങ്ങുന്ന കുഞ്ഞ് ശരീരങ്ങളും, പ്രായത്തിനനുസരിച്ച വളർച്ചയുണ്ടായിട്ടും മാനസികമായി വളർച്ചക്കുറവും ചലനശേഷിയും ഇല്ലാത്തത്‌ കൊണ്ട് അമ്മയുടെ തോളിലൊരു വലിയ മാറാപ്പായി തൂങ്ങിക്കിടക്കുന്നവരും, പൂർണ്ണമായും ചലനശേഷി നഷ്ടപ്പെട്ട് കിടക്കപ്പായിൽ മറ്റൊരു പായയായി നിർജ്ജീവതയോടെ കിടക്കുന്നവരും അങ്ങനെ നാം കണ്ടറിഞ്ഞിട്ടില്ലാത ഒരു പാട് ജീവിതം നമുക്ക് മുന്നിലുണ്ടെന്ന് നാം തിരിച്ചറിയുക.

ജീവിതത്തിന്റെ ചെറിയ പ്രതിസന്ധികളിൽ ദൈവത്തിന്റെ ചെറിയ പരീക്ഷണങ്ങളിൽ പോലും അമ്പേ പരാജയപ്പെട്ട് ജീവിതത്തിൽ തോറ്റോടുന്ന ഇന്നത്തെ തലമുറ അറിയാതെ പോകുന്ന ജീവിതത്തിലെ വലിയ പാഠങ്ങളാണീ ജിവിതങ്ങൾ.. പ്രതീക്ഷയുടെ തിരിനാളം പോലും കാണാനില്ലാത്തപ്പോഴും ജീവിതത്തോടു നിരന്തരം മല്ലടിച്ച് അതിജീവനത്തിന്റെ പുതിയ കച്ചി തുരുമ്പുകകൾക്കായി കൈ നീട്ടുന്നവർ നമ്മുടെ ഇടയിലുണ്ടെന്ന തിരിച്ചറിവ് തന്നെ അവരെ ധൈര്യമുള്ളവരാക്കിയേക്കാം.

മാസങ്ങൾ നീണ്ട ഫിസിയോതെറാപ്പി ചികിത്സ്യ്ക്ക് ശേഷം 10 വയസ്സായ തന്റെ ‘കുഞ്ഞ്’ 1 വയസ്സുള്ള സാധാരണ കുട്ടിയെപ്പോലെ പിച്ച വെച്ച് ആദ്യ കാൽ വെപ്പ് വെക്കുന്നത് കാണുമ്പോഴുണ്ടാകുന്ന അമ്മയുടെ കണ്ണിലെ സന്തോഷത്തിന്റെ തിരയിളക്കം ആ ഒരു ആത്മസംതൃപ്തി അതൊന്ന് മാത്രമാണ്‌ ഈ മേഖലയിലെ എന്റെ ഊർജ്ജം.പഠിച്ച പ്രൊഫഷൻ മൂലം ഇത്തരമൊരു കണ്ണ്‌ നീർത്തുള്ളിയെങ്കിലും തുടയ്ക്കാൻ കഴിയുന്നത് തന്നെ എന്റെ ജീവിത സാഫല്യമായി ഞാൻ കരുതുന്നു…
ഇത്തരം കുഞ്ഞുങ്ങളുടെ കണ്ണ്‌ നീരൊപ്പാൻ ഒരു പാട് നല്ല സുഹൃത്തുക്കൾ മനസ്സറിഞ്ഞ് സഹായിക്കാനുമുണ്ട് എന്നോർക്കുമ്പോഴാണ്‌ മനുഷ്യനുള്ളിടത്തോളം മനസ്സാക്ഷിയുണ്ടാവും എന്ന പ്രതീക്ഷ നമ്മളിൽ നിറയുന്നത്.

25-ഉം 30ഉം കിലോ ഭാരമുള്ള തന്റെ കുഞ്ഞിനെ മാറാപ്പ് പോലെ തോളിൽ തൂക്കി, ഓട്ടോറിക്ഷയ്ക്കുള്ള പണമില്ലാതെ 4-ഉം 5-ഉം കിലോമീറ്റർ നടന്ന് ആടിയുലഞ്ഞ് വരുന്ന ദൈന്യതയുടെ മൂർത്തിമദ് രൂപങ്ങളെ കണ്ടില്ലെന്ന് നടിച്ചാൽ അധികാരികൾക്കും ഉത്തരവാദപ്പെട്ടവർക്കും ഈ ലോകത്തെ കോടതിയിൽ നിന്ന് രക്ഷപെടാൻ കഴിയുമെങ്കിലും, പ്രപഞ്ച നാഥന്റെ നീതിന്യായ കോടതിയിൽ ഇതിന്‌ സമാധാനം ബോധിപ്പിക്കേണ്ടി വരും എന്ന ഓർമ്മപ്പെടുത്തലോടെ.
                                                      
ഷാനി അനസ്‌
ഡയറക്ടര്‍