“ഉപ്പാ.. നമ്മക്ക്‌ ചാവക്കാട്‌ നിന്ന് കുറച്ച്‌ ഗുണ്ടകളെ ഇറക്കി ഷാനി മാം-നെ അടിപ്പിക്കണം!

മനസ്സ്‌ പൊള്ളിച്ച ഒരു നീറ്റലിന്റെ ഓര്‍മ്മയാണിത്‌.

അല്ഫ സെന്ററില്‍ ദിനം പ്രതിയെത്തുന്ന 65-ഓളം കുട്ടികളില്‍ സെറിബ്രല്‍ പാള്‍സി എന്ന രോഗാവസ്ഥ ബാധിച്ച കുഞ്ഞാണ്‌ നാല്‌ വയസ്സുകാരി ലിനു. സെറിബ്രല്‍ പാള്‍സി എന്നത്‌ തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണെങ്കിലും പല കുഞ്ഞുങ്ങള്‍ക്കും സംസാരിക്കാനും കാര്യങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനുമുള്ള കഴിവുണ്ട്‌. എന്നാല്‍ ശാരീരിക വൈകല്യങ്ങള്‍ മൂലം സ്വയം എഴുന്നേറ്റ്‌ നില്‍ക്കാനോ, നടക്കാനോ കഴിയില്ല. മനസ്സ്സ്‌ ഒരു പൂമ്പാറ്റയെപ്പോലെ പാറിപ്പറക്കുന്ന പ്രായത്തില്‍ മനസ്സിനൊപ്പം പാറിചെല്ലാന്‍ കഴിയാത്ത ശരീരത്തിന്റെ നിരാശ.

മൂന്ന് വയസ്സ്‌ കഴിഞ്ഞും നടക്കാനാവാത്തത്‌ കൊണ്ട്‌ അവളെ നടത്തിക്കാനായി ഷാനിയും അല്ഫയിലെ ഫിസിയോതെറാപ്പി ടീമും കഴിഞ്ഞ കുറച്ച്‌ നാളുകളായി കഠിനാധ്വാനം ചെയ്ത്‌ കൊണ്ടിരിക്കുകയാണ്‌.
ഇത്തരമൊരു കുഞ്ഞിനെയും കൊണ്ട്‌ പുറത്ത്‌ പോകാനും അവള്‍ക്ക്‌ ഇഷ്ടമുള്ള കാഴ്ച്ചകള്‍ കാണിച്ച്‌ കൊടുക്കാനുമുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ട്‌ ഉല്ലാസ യാത്രകളും കല്യാണം പോലെയുള്ള ആഘോഷ അവസരങ്ങള്‍ പോലും മാതാപിതാക്കള്‍ വേണ്ടെന്ന് വെയ്ക്കുകയാണ്‌. ഇത്‌ ഇത്തരം മാതാപിതാക്കളും കുഞ്ഞുങ്ങളും സമൂഹത്തില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും സ്വയം ഒഴിഞ്ഞു മാറി ഒറ്റപ്പെടുത്തുന്ന ഒരു ദയനീയ അവസ്ഥയാണ്‌.
തന്റെ കുഞ്ഞ്‌ മറ്റ്‌ കുട്ടികളെപ്പോലെ ഒരു ചുവടെങ്കിലും വെച്ച്‌ കാണാനുള്ള അതിയായ ആഗ്രഹവും നിത്യേനയുള്ള അവരുടെ കഷ്ടപ്പാടും, അമ്മയുടെ നെഞ്ച്‌ തകരുന്ന തേങ്ങലും, അച്ഛന്റെ നെടുവീര്‍പ്പുകളൂം, മുത്തശിമാരുടെ നേര്‍ച്ചയും പ്രാര്‍ത്ഥനകളും കണ്ടിട്ടാണ്‌ അല്ഫയിലെ ഫിസിയോ ടീം കൂടുതല്‍ ശ്രമം നടത്തി കഴിയുന്നത്ര വേഗം റിസള്‍ട്ടുകള്‍ ഉണ്ടാക്കാന്‍ കഷ്ടപ്പെടുന്നത്‌..

വീടു വിട്ടാല്‍ ഈ കുഞ്ഞുങ്ങള്‍ക്ക്‌ സെന്ററല്ലാതെ മറ്റൊരു ലോകമില്ല എന്നുള്ളത്‌ കൊണ്ട്‌ അവരുടെ മനസ്സിലെ സന്തോഷവും കരച്ചിലും, ആശങ്കയും, പേടിയും എല്ലാം ഈ സെന്ററിനെ ചുറ്റിപ്പറ്റിയുള്ളതാണ്‌..

അല്ഫ സെന്ററിലെ മറ്റ്‌ പല കുഞ്ഞുങ്ങളെപ്പോലെ ലിനുവിന്റേയും വീട്ടിലെ പ്രധാന കളി ‘ഫിസിയോ തെറാപ്പി’ ആണ്‌.
വീട്ടിലുള്ള പാവക്കുട്ടികളെ അവര്‍ തങ്ങളുടെ കുഞ്ഞു ബോളുകളുടെ പുറത്ത്‌ കിടത്തി ചായ്ച്ചും ചെരിച്ചും ഫിസിയോ ചെയ്ത്‌ ഷാനിയെ അനുകരിക്കുന്നു..
പാവക്കുട്ടിയുടെ കാലില്‍ ഒരു കൈ ഉറപ്പിച്ച്‌ നിര്‍ത്തി മറ്റേ കൈ കൊണ്ട്‌ എഴുന്നേല്‍പ്പിച്ച്‌ കൊണ്ട്‌ ലിനു പറയുന്നു..

“അപ്പ്‌..അപ്പ്‌… മോള്‍ ഏണീറ്റേ…”

“ഇനി ഡൌണ്‍ …മോള്‍ ഇരുന്നേ..”

“അപ്പ്‌.. ഡൌണ്‍.. അപ്പ്‌ ഡൌണ്‍…”

സ്നേഹത്തോടെ പാവക്കുട്ടിയെ വഴക്ക്‌ പറയുന്നു…
“എന്താ കുഞ്ഞേ എഴുന്നേല്‍ക്കാന്‍ മടി? അടി വേണോ? ”

അല്ഫ സെന്ററില്‍ വരുമ്പോള്‍ വേദനിച്ച്‌ കരയുന്ന കുഞ്ഞാണ്‌ ഇപ്പോള്‍ പാവക്കുട്ടിയോട്‌ ഈ ശൂരത്വം കാണിക്കുന്നതെന്നോര്‍ക്കുമ്പോള്‍ ഉമ്മയ്ക്ക്‌ ചിരി വരും..

കുഞ്ഞ്‌ ലിനു തരം കിട്ടിയാല്‍ അമ്മൂമ്മയുടെ കയ്യിലും കാലിലും പിടിച്ച്‌ ഫിസിയോ ചെയ്യും.
കട്ടിലില്‍ കയറി ഇരുന്ന് വളരെ കഷ്ടപ്പെട്ട്‌ അമ്മൂമ്മയുടെ കയ്യും കാലും നിവര്‍ത്തി എക്സര്‍സൈസ്‌ ചെയ്യിപ്പിക്കും. വേദനിക്കുന്നു എന്ന് അമ്മൂമ്മ പറഞ്ഞാല്‍ അവള്‍ സീരിയസായി ഇങ്ങനെ പറയും..

“പിസിയോ ചെയ്യുമ്പോള്‍ അങ്ങനാ കൊറച്ച്‌ വേദനേ ഒക്കെ ഉണ്ടാവും അതൊക്കെ സകിക്കണം”

ഒരു ദിവസം നിസ്കാരത്തിന്‌ ശേഷം കണ്ണീരില്‍ മുങ്ങി ദുആ ചെയ്യുന്ന ഉമ്മയുടെ അടുത്ത്‌ പോയി അവള്‍ പറഞ്ഞു.

“ഉമ്മച്ചി കരയണ്ടാ ട്ടോ.. ഞാന്‍ ഒടനെ തന്നെ നടക്കാന്‍ തൊടങ്ങും”

നിഷ്കളങ്കമായ ആ സാന്ത്വനം കേട്ട്‌ ആ ഉമ്മയുടെ നെഞ്ച്‌ പിടഞ്ഞിരിക്കണം.

ഇതൊക്കെ കൊണ്ടാണ്‌ പല അവധികളും മാറ്റി വെച്ച്‌ മുടക്കം വരാതെ ഈ കുഞ്ഞുങ്ങള്‍ക്ക്‌ തെറാപ്പി ചികിത്സ നല്‍കാന്‍ ശ്രമിക്കുന്നത്‌. എന്നാല്‍ ഈ കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ കാണിക്കുന്ന വാശിയും, ബലം പിടുത്തവും അമ്മമാരേയും, തെറാപ്പിസ്റ്റുകളേയും നിരന്തരം സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്‌.
ബലം കൂടിയ മസിലുകളില്‍ അവയെ വഴക്കിയെടുക്കാനുള്ള സ്ട്രെച്ചിംഗ്‌ എക്സര്‍സൈസ്‌ ചെയ്യുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക്‌ വേദനിക്കുന്നുണ്ട്‌. പക്ഷേ ഈ ഒരു ചികിത്സയല്ലാതെ ഫലപ്രദമായ മറ്റൊരു ചികിത്സയും ഇതിനില്ല..

കഴിഞ്ഞ ദിവസം ലിനു വീട്ടില്‍ വെച്ച്‌ അവളുടെ ഉപ്പയോട്‌ ഇങ്ങനെ പറഞ്ഞു..

“ഉപ്പാ.. നമ്മക്ക്‌ ചാവക്കാട്‌ നിന്ന് കുറച്ച്‌ ഗുണ്ടകളെ ഇറക്കി ഷാനി മാം-നെ അടിപ്പിക്കണം.”

തമാശയായിട്ടാണെങ്കിലും അവളുടെ ഉപ്പ അത്‌ പറയുമ്പോള്‍ ഷാനിക്ക്‌ വേദനിച്ചു. പൂമ്പാറ്റകള്‍ക്ക്‌ പിറകെ പാറി നടക്കേണ്ട പ്രായത്തില്‍ ഫിസിയോ സെന്ററുകളിലും വീട്ടിലെ അകത്തളങ്ങളിലും തളച്ചിടപ്പെടുന്ന ബാല്യങ്ങള്‍. തന്റേതല്ലാത്ത കാരണത്താല്‍ എന്നും വേദന തിന്നാന്‍ വിധിക്കപ്പെട്ടവര്‍. കഴിയുന്നത്ര നേരത്തെ ലിനുവിനെ പ്പോലെയുള്ള കുഞ്ഞുങ്ങളെ വേദനയില്‍ നിന്നു മുക്തരാക്കി സ്വന്തം കാലില്‍ നടക്കാനും സമൂഹത്തിലെ മറ്റ്‌ കുട്ടികള്‍ക്കൊപ്പം എത്തിക്കാനുമുള്ള പരിശ്രമത്തിലാണ്‌ അല്ഫയിലെ ടീമംഗങ്ങള്‍.
അതിന്‍ എന്നു കഴിയും എന്നുള്ള പിടയലാണ്‌ ഞങ്ങളുടെ മനസ്സില്‍ എന്നും. അവര്‍ക്ക്‌ വേഗം നടക്കാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയും.

ഇന്ന് കുഞ്ഞു ലിനുവും പിച്ച വെച്ച്‌ തുടങ്ങി..

തന്റെ കുഞ്ഞ്‌ ഓരോ ചുവടും വെയ്ക്കുമ്പോള്‍ അമ്മയുടെ കണ്ണില്‍ വിടരുന്ന ആ നിറകണ്‍ചിരിയ്ക്കും അച്ഛന്റെ ദീര്‍ഘ നിശ്വാസത്തിനും പകരം വെക്കാന്‍ മറ്റൊന്നുമില്ല എന്ന തിരിച്ചറിവാണ്‌ അല്ഫയുടെ സന്തോഷം..

ഓരോ കുഞ്ഞും ചുവട്‌ വെച്ച്‌ കഴിയുമ്പോള്‍ അടുത്ത കുഞ്ഞുങ്ങള്‍ എവിടുന്നൊക്കെയോ അല്ഫയെ തേടിയെത്തുന്നു..

ചിറക്‌ മുറിഞ്ഞ പൂമ്പാറ്റകള്‍ക്ക്‌ സര്‍വ്വേശ്വരന്റെ അനുഗ്രഹത്തോടെ ചിറക്‌ മുളപ്പിക്കാന്‍ അല്ഫ കാത്തിരിക്കുന്നു..

40-ഓളം കുഞ്ഞുങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട്‌ നടന്ന് തുടങ്ങിയ ആത്മവിശ്വാസത്തില്‍…