ഡിഫറന്റ്ലി ഏബിൾഡ് ചിൽഡ്രൻ അഥവാ ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾ എന്നാൽ മറ്റുള്ളവരെക്കാളും വ്യത്യസ്തമായ കഴിവുകൾ ഉള്ള കുട്ടികൾ എന്നത് കേവലം ഒരു പ്രയോഗം മാത്രമല്ല എന്ന് പ്രായോഗികമായി തെളിയിക്കേണ്ടത് അൽഫയ്ക്ക് ഒരാവശ്യം കൂടിയായിരുന്നു.
മറ്റുള്ള കുട്ടികൾ ബുദ്ധിപരമായും, ശാരീരികമായും, മാനസികമായും, ക്രിയാത്മകമായും ഉയർന്നു നിൽക്കുന്നു എന്ന തോന്നലിൽ സ്വന്തം കുടുംബത്തിൽ പോലും ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്ക് വേണ്ട പരിഗണന നൽകാത്ത കാലത്ത് അവർ എന്താണെന്നും അവരുടെ ഉള്ളിലുള്ള അത്ഭുതങ്ങൾ എന്താണെന്നും പുറത്തെത്തിക്കുക എന്ന വെല്ലുവിളിയാണ് അൽഫയിലെ ടീം ഏറ്റെടുത്തിരിക്കുന്നത് .
സർവ ശക്തന്റെ അനുഗ്രഹം കൊണ്ട് നിശ്ചയദാർഢ്യവും ആത്മാർത്ഥതയും സേവനമനഃസ്ഥിതിയും ഉള്ള മെഡിക്കൽ പ്രൊഫഷണലുകളും സ്പെഷ്യൽ റെമഡിയൽ എജ്യുക്കേഷൻ തെറാപ്പിസ്റ്റുകളും കൈ കോർക്കുമ്പോൾ അൽഫയിൽ കഴിവുകൾ പൂത്തിറങ്ങുന്നു …
അല്ഫയുടെ ടീമിന് ഒരായിരം നന്ദി..
ആഴ്ചയിൽ ഒരിക്കലുള്ള അൽഫയുടെ ഗ്രൂപ്പ് തെറാപ്പിയിൽ സോഡകുപ്പിയുടെ അടപ്പും പേപ്പറും മുത്തുകളും, പേപ്പർ പ്ലെയിറ്റുകളും ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പണിയായുധങ്ങളാണ് .. അവർ ചെറിയ കത്രികകൾ കൊണ്ട് അതിൽ പലതും വെട്ടിയുണ്ടാക്കുന്നു, പശയും ചായക്കൂട്ടുകളും ചേർത്ത് നിറം പിടിപ്പിക്കുന്നു.
കഴിഞ്ഞ ആറു മാസത്തെ ടീമിന്റെ ക്ഷമാപൂർവ്വമായ നിരന്തര പരിശീലനങ്ങളുടെ ചിത്രങ്ങളാണിവ.
നിങ്ങളുടെ കുടുംബങ്ങളിൽ സുഹൃദ് ഗ്രൂപ്പുകളിൽ ഭിന്നശേഷിയോ, പഠനവൈകല്യമോ ഉള്ള ഇത്തരം കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ഉണ്ടെങ്കിൽ അവരോട് പറയുക. അല്പം സമയം എങ്കിലും ഈ കുഞ്ഞുങ്ങളുടെ കഴിവുകളെ വളർത്താൻ അൽപ്പം ശ്രദ്ധ ചെലുത്തുകയാണെങ്കിൽ അവർ അത്ഭുതം കൊണ്ട് നിങ്ങളുടെ ജീവിതത്തെ പ്രകാശമാനമാക്കുമെന്ന് .. നാളെയൊരു പക്ഷേ അവനത് ഉപജീവനമാർഗ്ഗമാവുമെന്ന് ..
കഴിവ് പരിമിതമെങ്കിലും അൽഫ കുറേ കുഞ്ഞുങ്ങൾക്കെങ്കിലും ഒരു തണൽ മരമായി നിൽക്കുന്നു …
സർഗാത്മകത ഒരു മഴയായി പെയ്തിറങ്ങുന്നു … ദൈവത്തിന്റെ കയ്യൊപ്പുള്ള കുറേ മനസ്സുകളിലേയ്ക്ക്….
നാളെയത് അവർക്കൊരു കൈത്തിരിയായി മാറട്ടെ എന്ന പ്രാർത്ഥനയോടെ …