അല്‍ഫ എന്‍ പ്രിയ പുഷ്‌പം : വി. എ ഫാത്തിമാ ബീവി

അല്‍ഫ എന്‍ പ്രിയ പുഷ്‌പം
: (വി. എ ഫാത്തിമാ ബീവി )
============================================
അല്‍ഫേ എന്‍ പ്രിയ മനോജ്ഞ സുമമേ
കരയുന്നതെന്തിനു നീ ചിരിക്കുന്നതും
നീലാംബരപ്പൊയ്കയിലീ താരകങ്ങളെപ്പോല്‍
നിന്‍ ഇലത്തട്ടിലൊരു നൂറ് പൂമ്പാറ്റകളോ?

നുറുങ്ങു വെട്ടത്തിലീ മിന്നിത്തിളങ്ങുന്നൊരാ
ചെറു മിന്നാമിനുങ്ങിന്‍ പറ്റങ്ങളോ?
നിന്നിലൂറും ത്യാഗവും സ്നേഹവാത്സല്യങ്ങളും
കാണട്ടെയീ വിശ്വമൊരു മന്ദസ്മിതത്തോടെയെങ്കിലും

വേദന തിന്നുന്നൊരിളം പൈതങ്ങളെയേന്തി
വ്യഥ പൂണ്ട് നിന്‍ പടി ചവിട്ടുന്നോരെത്രയോ
ഇമ പൂട്ടിയൊന്നുറങ്ങുവാന്‍ കഴിയാതെയീ അമ്മമാര്‍
ക്ഷമ കെട്ട് ദിനരാത്രമെണ്ണി കഴിഞ്ഞതില്ലേ

‘അമ്മേ’യെന്നൊരൊറ്റ വിളിയൊന്ന് കേള്‍ക്കുവാന്‍
വ്യാമോഹിച്ചെത്രനാള്‍ കാതോര്‍ത്തിരുന്നതല്ലേ
ഹൃത്തടം പൊള്ളുന്ന നോവുകളാലീ അമ്മമാര്‍ തന്‍
നെഞ്ചകം പൊട്ടിത്തകര്‍ന്നതില്ലേ

വീണും കിടന്നും ഉരുണ്ടും മറിഞ്ഞും
മുറിവേറെ പിഞ്ചിളം മേനിയെ തഴുകിയില്ലേ
അമ്മിഞ്ഞ പാലു പോലും നുകരുവാനാവാതെ
അമ്മ തന്‍ കണ്‍‌തടം നിറ തുളുമ്പിയില്ലേ

ഈ മഹാ പ്രപഞ്ചത്തിലെത്രയോ കുരുന്നുകള്‍
ജീവിതം വഴി മുട്ടി പാതി നില്‍ക്കേ
പൊള്ളുന്നൊരീ നെഞ്ചുകള്‍ക്കുള്ളം തണുപ്പിക്കുവാന്‍
അല്‍ഫേ നിനക്കെന്നും കഴിഞ്ഞിടുന്നു

നിന്‍ പ്രഭയേറ്റോരിളം കിടാങ്ങള്‍ അമ്മതന്‍
കൈ പിടിച്ച് പിച്ച വെച്ചു നടന്നതറിഞ്ഞില്ലേ
നിന്‍ പൂമ്പൊടിയേറ്റൊരിളം പൈതങ്ങളില്‍
ആദ്യ വാക്കിന്‍ പൂ മൊട്ട് വിടര്‍ന്നതില്ലേ

പൊന്നിളം ചുണ്ടിലെ അധരവിക്ഷേപങ്ങള്‍
സുന്ദര കഥകള്‍ മെനഞ്ഞതില്ലേ
കുഞ്ഞിളം മനോമുകുരങ്ങളിലങ്കുരിച്ചൊരാ
വാഗ്ധോരണി പ്രവാഹത്തെ നീ കണ്ടതില്ലേ

വാക്കുകള്‍ കൊണ്ടവര്‍ വരികളും കൊണ്ടവര്‍
ആശയപ്പെരുമഴ തീര്‍ത്തതറിഞ്ഞില്ലേ
ആ ആകാശപ്പെരുമഴ പെയ്തിറങ്ങി
ഈ വിശ്വത്തെയാകെ ഞെട്ടിത്തരിപ്പതില്ലേ

നിന്‍ പൂമ്പൊടിത്തേനുണ്ടൊരിളം പതംഗങ്ങള്‍
തന്‍ ചിറകുകള്‍ വീശി പറന്നതറിഞ്ഞില്ലേ
ഇവ്വിധത്തിലുള്ളൊരൊട്ടൊരനുഗ്രഹങ്ങള്‍
വിശ്വപ്രപഞ്ചനാഥന്‍ തന്‍ യുക്തിയല്ലേ

ഇവര്‍ക്കൊക്കെയും എന്നാളും ആശ്വാസം പകര്‍ന്നിടാന്‍
അല്‍ഫേ നിനക്കെന്നും കഴിഞ്ഞിടട്ടേ
ഇവര്‍ക്കൊക്കെയുമൊരൊശ്വാസമായ് സാന്ത്വനമായ്
നിന്‍ മാനസ വീചികളെന്നെന്നും മന്ത്രിക്കയില്ലേ

അല്‍ഫേ നിന്‍ പരിഭവ പരിമിതികളേറെയെങ്കിലും
നല്ല ശ്രമത്തിനു പരിമിതികളില്ലെന്നറിയുക
സുദിനങ്ങളോരോന്നും പാഴാക്കാതെ നീ
പ്രതിഭകള്‍ തന്‍ തളിരുകള്‍ക്ക് വളമേകിയില്ലേ

അമ്മ തന്‍ കുഞ്ഞിനെ മാറോടണയ്ക്കും പോല്‍
അല്‍ഫ തന്‍ ഉണ്ണികള്‍ ഈ കൂട്ടിലേയ്ക്കണയുന്നു

ഞാനാശിക്കുന്നുവെന്‍ കുഞ്ഞിളം പൂവേ
നീ വളരണം ഉയരണം വാനോളമുയരണം

ഞാനാശംസിക്കുന്നുവെന്‍ പ്രിയ പുഷ്‌പമേ
നിന്‍ ദളങ്ങളൊരിക്കലും വാടാതെ കൊഴിയാതെ
നിന്‍ യശസ്സ് എന്നുമേ നില നില്‍ക്കണം

ഞാനാശംസിക്കുന്നുവെന്‍ പ്രിയ സൂനമേ
ആകാശഗംഗയില്‍ പൂന്തിങ്കളെപ്പോല്‍
നിന്‍ പ്രഭയെന്നും വിളങ്ങിടട്ടേ..

നോവുകള്‍ക്കെന്നുമേ തണലായിരിക്കുക!
നോവും മനസ്സിനു തുണയായിരിക്കുക!
നനയുന്ന കണ്ണിനു കൈലേസായിരിക്കുക!
ആരെയും.. ആരെയും.. നോവിക്കാതിരിക്കുക!