ശലഭങ്ങളുടെ ചിറകടിയൊച്ചകള്‍ !

ഒരിക്കലെങ്കിലും കൊച്ച്‌ ശലഭങ്ങളുടെ ചിറകടിയൊച്ചകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടോ?

വായുവിലവര്‍ ചിറക്‌ വീശിപ്പറക്കുമ്പോഴുണ്ടാകുന്ന ഹൃദയത്തിന്റെ കുറുകലുകള്‍ക്ക്‌ നിങ്ങള്‍ കാതോര്‍ത്തിട്ടുണ്ടോ?

കഴിഞ്ഞ നാല്‌ വര്‍ഷങ്ങളായി, ഈ നാദങ്ങള്‍ക്ക്‌ ഞങ്ങള്‍ കാതോര്‍ക്കുന്നു..
അതൊരു ഈണമായി പിറക്കുന്നു..
പലപ്പോഴും അതൊരു രാഗമാകുന്നു..
അപൂര്‍വ്വമായി അതൊരു സിംഫണിയായി …രാഗമഴയായി.. ഞങ്ങളിലേയ്ക്ക്‌ പെയ്തിറങ്ങുന്നു..

ആ നനവില്‍ അല്‍ഫ കൂടുതല്‍ ആര്‍ദ്രമാകുന്നു… ജീവിതം കൂടുതല്‍ ധന്യമാകുന്നു..

ആറര വയസ്സുകാരന്‍ സപ്പു ഞങ്ങള്‍ക്ക്‌ ഒരു സിംഫണി ആയതെങ്ങനെ എന്ന് പറയാം.

സൌജന്യ ഫിസിയൊതെറാപ്പി ചികിത്സ കിട്ടാന്‍ 3 ബസുകള്‍ മാറിക്കയറി തൃക്കാക്കര ഫിസിയോ സെന്ററില്‍ അമ്മയോടൊപ്പം എത്തിയ സപ്പുവിന്‌ അന്ന് ഒന്നര വയസ്സായിരുന്നു. ആഴ്ചയില്‍ രണ്ട്‌ ദിവസം കിട്ടുന്ന സൌജന്യ ചികിത്സയ്ക്ക്‌ ആ അമ്മ എന്നും മുടങ്ങാതെ വരുമായിരുന്നു

നിന്ന് പോയ സൌജന്യ സെന്ററിന്‌ ശേഷം, സപ്പു അല്‍ഫയെത്തേടി എത്തുമ്പോള്‍ അവന്‌ രണ്ട്‌ വയസ്സായിരുന്നു. ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ വിത്ത്‌ ഗ്ലോബല്‍ ഡവലപ്പ്‌മെന്റല്‍ ഡിലേ എന്ന അവസ്ഥ ആയിരുന്നു അവന്‌.
വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ താമസിച്ച്‌ പോവുകവും ഒപ്പം ഓട്ടിസം സ്പെക്ട്രത്തിന്റെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്ന ഒരു അവസ്ഥ. പഴന്തുണിക്കെട്ട്‌ പോലെ, വാടിത്തളര്‍ന്ന ഒരു ചെമ്പിന്‍ താള്‌ പോലെ ഹൈപ്പോ ടോണിക്കായ ശരീരം ഫിസിയോ മാറ്റില്‍ കുഴഞ്ഞ്‌ കിടന്നു. എഴുന്നേല്‍ക്കാന്‍ പോയിട്ട്‌ തലയുയര്‍ത്തി നില്‍ക്കാനൊ കഴിയാതെ ആ കുഞ്ഞ്‌ മാറ്റില്‍ കിടന്ന് വെറുതെ വട്ടം കറങ്ങുക മാത്രം ചെയ്യുമായിരുന്നുള്ളു.

മസില്‍ സ്ട്രെങ്ങ്‌തെനിംഗ്‌ ചെയ്യിക്കാന്‍ പൊലും സാധിക്കാത്ത വണ്ണം കൈകൊണ്ട്‌ പിടിക്കാന്‍ പൊലും ആവാത്ത അവസ്ഥയിലായിരുന്നു അവന്റെ ശരീരം.

പലപ്പോഴും കറങ്ങുന്ന ഫാനും, ബോളും നോക്കി മണിക്കൂറുകളോളം നിശബ്ദനായി അവന്‍ മാറ്റില്‍ കിടന്നു. അതായിരുന്നു അവന്റെ ഇഷ്ട വിനോദങ്ങളിലൊന്ന്.
പ്ലേ തെറാപ്പി ചെയ്യുമ്പോള്‍, മറ്റ്‌ കുട്ടികള്‍ പാട്ടും കളിയുമായി ഇരിക്കുമ്പോള്‍ സപ്പുവിന്റെ ശ്രദ്ധ എപ്പോഴും ഫാനിലേയ്ക്ക്‌ പോകുന്നത്‌ മൂലം, അവന്റെ കണ്ണില്‍പ്പെടാതെ റൂമിലെ ഫാനുകള്‍ ഞങ്ങള്‍ തുണി കൊണ്ട്‌ മൂടുമായിരുന്നു.

ഒരു പാട്‌ സെന്‍സറി പ്രോബ്ലംസ്‌ ഉള്ള അവനെ മൂന്നര വയസ്സില്‍ ആദ്യ ചുവടുകള്‍ വെപ്പിക്കാന്‍ ഈശ്വരാനുഗ്രഹം കൊണ്ട്‌ അല്‍ഫയ്ക്ക്‌ സാധിച്ചു.
3.5 വയസ്സു മുതല്‍ അവന്‍ പിച്ച വെച്ച്‌ നടന്ന് തുടങ്ങി ഇപ്പോള്‍ അമ്മയുടെ കൂടെ അവന്‍ സെന്ററിലും സ്കൂളിലും ഒരു ആശ്രയവുമില്ലാതെ നടന്ന് വരും. ഇപ്പോള്‍ അവന്റെ തെറാപ്പി സെഷനുകളിലേയ്ക്ക്‌ അവന്‍ ഓടിച്ചെല്ലും. അവന്‌ അല്‍ഫ മറ്റൊരു വീടായും ഇവിടുത്തെ സ്റ്റാഫംഗങ്ങള്‍ അവന്റെ കുടുംബക്കാരായും മാറിക്കഴിഞ്ഞു.

3.5 വയസ്സില്‍ നടന്നു തുടങ്ങിയെങ്കിലും സപ്പുവിന്‌ സംസാരശേഷി വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. നിരന്തരം സ്പീച്ച്‌ തെറപ്പി ചെയ്തിട്ടും ‘ആ’ എന്നൊരു ഉറക്കെയുള്ള ശബ്ദമല്ലാതെ ഒന്നും അവന്‍ പുറപ്പെടുവിച്ചില്ല.
ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റില്‍ 50%-ത്തിലധികം മെന്റല്‍ റിട്ടാര്‍ഡേഷന്‍ ഉണ്ട്‌ എന്ന് മെഡിക്കല്‍ ബോര്‍ഡ്‌ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും അല്‍ഫയും അവന്റെ മാതാപിതാക്കളും ഒട്ടും പ്രതീക്ഷ കൈവിട്ടില്ല. നടത്തം കഴിഞ്ഞ്‌ സ്പീച്ച്‌ തെറപ്പിയും, ഒക്കുപ്പേഷനല്‍ തെറപ്പിയും, ബിഹേവിയറല്‍ തെറപ്പിയും മുടങ്ങാതെ കഴിഞ്ഞ 3 വര്‍ഷവും ഒരു സെഷന്‍ പോലും മുടങ്ങാതെ നല്‍കാന്‍ അല്‍ഫയും നിരാശയാവാതെ അവന്റെ അമ്മയും പ്രത്യേകം ശ്രദ്ധിച്ചു. സപ്പുവിനെ പോലെയുള്ള കുട്ടികളുടെ മാതാപിതക്കള്‍ക്കുള്ള എല്ലാ അവയര്‍നെസ്‌ സെഷനുകളിലും ആ അമ്മ മുടങ്ങാതെ പങ്കെടുക്കുകയും എറ്റവും നല്ല സപ്പോര്‍ട്ടീവ്‌ മാതാവിനുള്ള അല്ഫയുടെ അവാര്‍ഡ്‌ കഴിഞ്ഞ 3 വര്‍ഷമായി അല്ഫയില്‍ നിന്ന് വാങ്ങിക്കുകയും ചെയ്തിരുന്നു.

സ്പീച്ച്‌ തെറപ്പി കൊണ്ട്‌ പ്രത്യേകിച്ച്‌ മാറ്റം ഒന്നും അവനില്‍ ഉണ്ടാവാത്തത്‌ കൊണ്ട്‌ അല്‍ഫ ടെക്നിക്കുകള്‍ ഒന്ന് മാറ്റി പരീക്ഷിക്കാന്‍ തീരുമാനിച്ചു. മുമ്പ്‌ അമാനെ പരിശീലിപ്പിച്ചത്‌ പോലെ, ആള്‍ട്ടര്‍നേറ്റീവ്‌ ഓഗ്മെന്റേറ്റീവ്‌ കമ്മ്യൂണിക്കേഷന്‍ ടെക്നിക്കിലൂടെ ടാബില്‍ ടൈപ്പ്‌ ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പര്‍ശീലിപ്പിച്ച്‌ തുടങ്ങി.

ഈ പ്രയത്നം കഴിഞ്ഞ കുറേ മാസങ്ങളായി അത്ഭുതകരമായ രീതിയില്‍ ഫലം കണ്ട്‌ തുടങ്ങി.
സപ്പുവും ടാബില്‍ ടൈപ്പ്‌ ചെയ്ത്‌ തുടങ്ങി.. ആശയസംവേദനത്തിലെ അവന്റെ ഉറവുകള്‍ പുതിയ നദികളായി പരിണമിക്കുന്നത്‌ ഞങ്ങള്‍ അത്ഭുതത്തോടെ നോക്കി നിന്നു.

അമാനെപ്പോലെ സപ്പു കവിതയോ, സാഹിത്യമോ എഴുതിയില്ല സപ്പു എഴുതിത്തുടങ്ങിയത്‌ നിര്‍വ്വചനങ്ങളാണ്‌. അര്‍ത്ഥവത്തായ… ആറ്റിക്കുറുക്കിയ വരികള്‍!!. വിദ്യാഭ്യാസത്തെക്കുറിച്ച്‌, അദ്ധ്യാപകരെക്കുറിച്ച്‌, പ്രകൃതിയെക്കുറിച്ച്‌, നദിയെക്കുറിച്ച്‌ ഒക്കെ അവന്‍ എഴുതിത്തുടങ്ങി..

അവന്‍ എജ്യുക്കേഷനെക്കുറിച്ച്‌ ഇങ്ങനെ എഴുതി
education
Kind of message for the children to test the attitude and earn the knowledge as reality got from the list lessons of teachers

അദ്ധ്യാപകരെക്കുറിച്ച്‌ ഇങ്ങനേയും
Teachers
The person of knowledge to handle the children with insufficient thoughts and they are handled for a better insights

ഞങ്ങളെ ഞെട്ടിച്ച ഒരു സംഭവം എന്താണെന്ന് വെച്ചാല്‍ ഫോട്ടോഗ്രാഫിക്‌ മെമ്മറി ഉള്ള സപ്പു ടൈപ്പ്‌ ചെയ്യുമ്പോള്‍ കീബോര്‍ഡിലേയ്ക്കോ ടാബിന്റെ സ്ക്രീനിലേയ്ക്കോ നോക്കുന്നതേ ഇല്ല എന്നുള്ളതാണ്‌. നന്നായി ഇംഗ്ലീഷ്‌ ടൈപ്പ്‌ ചെയ്യുന്ന സപ്പുവിനെ മലയാളത്തില്‍ ടൈപ്പ്‌ ചെയ്യാന്‍ പഠിപ്പിക്കാതെ തന്നെ അവന്‍ ശുദ്ധ മലയാളത്തില്‍ മംഗ്ലീഷ്‌ അസ്സലായി ടൈപ്പ്‌ ചെയ്യുന്നതും ഞെട്ടിക്കുന്നതായിരുന്നു.

അക്ഷരം പഠിക്കാനിരുത്തിയ സപ്പുവിനോട്‌ ചിതറിക്കിടക്കുന്ന അക്ഷരങ്ങളില്‍ നിന്ന് ചോദിക്കുന്നവ എടുത്ത്‌ തരാന്‍ പറഞ്ഞാല്‍ കാര്‍ഡുകളിലേയ്ക്ക്‌ നോക്കാതെ തന്നെ ടീച്ചറുടെ മുഖത്തേയ്ക്ക്‌ നോക്കിക്കൊണ്ട്‌ തന്നെ അവന്‍ വേണ്ടത്‌ റ്റീച്ചര്‍ക്ക്‌ എടുത്ത്‌ കൊടുക്കും. സപ്പു അസാമാന്യമായ ഫോട്ടൊഗ്രാഫിക്‌ മെമ്മറി ഉള്ള ഒരു പ്രതിഭയാണെന്ന് ഞങ്ങള്‍ക്ക്‌ തോന്നുന്നു.

ഇങ്ക്ലൂസീവ്‌ എജ്യുക്കേഷന്റെ ഭാഗമായി സോഷ്യല്‍ ഇന്ററാക്ഷന്‍ ഉണ്ടാക്കാനായി ആഴ്ചയില്‍ 2-3 ദിവസം സാധാരണ സ്കൂളില്‍ കൊണ്ട്‌ പോയി ചേര്‍ത്ത സപ്പുവിന്‌ സാധാരണ സ്കൂള്‍ അത്ര നല്ല അനുഭവം അല്ല നല്‍കിക്കൊണ്ടിരിക്കുന്നത്‌. സദാ സമയവും അല്‍പ്പം തല ഉയര്‍ത്തി വാ തുറന്ന് ഇരിക്കുന്ന സംസാരിക്കാത്ത സപ്പുവിനെ കൂട്ടുകാരും ടീച്ചേര്‍സും ഒറ്റപ്പെടുത്തുന്നു. ഒരു പക്ഷേ അവര്‍ക്ക്‌ അവനെ മനസ്സിലാക്കാനുള്ള കഴിവോ അവനെ ഹാന്‍ഡില്‍ ചെയ്യാനുള്ള പരിശീലനമോ ഇല്ലാത്തത്‌ കൊണ്ടായിരിക്കാം. എങ്കിലും അവനെ ഇത്‌ ഏറെ വേദനിപ്പിക്കുന്നുണ്ടാവണം. ഈ ഒറ്റപ്പെടുത്തലുകളും സപ്പുവിനോടുള്ള സ്കൂളിന്റെ സമീപനവും സപ്പുവിന്റെ അമ്മയ്ക്ക്‌ വിഷമം ഉണ്ടാക്കുന്നുണ്ട്‌.

6.5 വയസ്സായ സപ്പു എലൂര്‍ ഗവണ്‍മന്റ്‌ സ്കൂളില്‍ ഒന്നാം ക്ലാസ്സിലാണ്‌ ചേര്‍ന്നത്‌ ഒപ്പം അവന്റെ ഫ്രണ്ട്‌ അല്ഫയിലെ തന്നെ മറ്റൊരു ഓട്ടിസം പ്രതിഭയായ അമാന്‍ ആണ്‌.

എന്നാല്‍ ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റില്‍ 50%- ത്തിലധികം മെന്റല്‍ റിട്ടാര്‍ഡേഷന്‍ ഉണ്ട്‌ എന്ന് മെഡിക്കല്‍ ബോര്‍ഡ്‌ രേഖപ്പെടുത്തിയിരിക്കുന്നതിനാലും, ടീച്ചേഴ്സിന്‌ ഇവനെ എങ്ങനെ പഠിപ്പിക്കണം എന്നറിയാത്തത്‌ കൊണ്ടും സംസാര ശേഷി ഇല്ലാത്ത അമാനെയും സപ്പുവിനെയും ബുദ്ധിമാന്ദ്യം ഉള്ള കുട്ടികള്‍ എന്ന ലേബലില്‍ അവര്‍ മാറ്റി ഇരുത്തുകയാണ്‌.

സൊഷ്യലൈസേഷന്‍ കൂട്ടുക എന്ന ഉദ്ദേശത്തിലാണ്‌ ഇരുത്തിയതെങ്കിലും പലപ്പോഴും മറ്റു കുട്ടികളോ ടിച്ചര്‍മാരൊ ഇവരുമായി ഇടപഴകാനോ കൂട്ട്‌ കൂടാനോ തയ്യാറാകാതെ ഇവരെ ഒറ്റപ്പെടുത്തുന്ന അവസ്ഥ ആണുള്ളത്‌.

അമാന്റേയും സപ്പുവിന്റേയും തലച്ചോറുകള്‍ പ്രവര്‍ത്തിക്കുന്നത്‌, ഇവര്‍ക്കൊന്നും സങ്കല്‍പ്പിക്കാന്‍ പോലും ആവാത്ത നിലവാരത്തിലാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വണ്ണം നമ്മുടെ പൊതു വിദ്യാഭ്യാസ രംഗത്ത്‌ പരിശീലനം ലഭിച്ച മികച്ച അദ്ധ്യാപകരും, വിദ്യാഭ്യാസ വിദഗ്ദ്ധരും ഇല്ല എന്നുള്ളത്‌ അത്യധികം വേദനാജനമാണ്‌.

സപ്പുവിന്റെ ഉള്ളില്‍ തിളയ്ക്കുന്ന ഒരു തലച്ചോറിനൊപ്പം, സഹജീവികളോടും , പ്രകൃതിയോടും, സ്വന്തം ജീവിത പരിസരത്തോടും അവന്‍ കാണിക്കുന്ന പ്രതിബദ്ധതയും സ്നേഹവും ചിന്തിക്കുന്ന, പ്രബുദ്ധരെന്നഹങ്കരിക്കുന്ന നമുക്കൊക്കെ ഒരു പാഠമാണ്‌.

ഒരു കാരണവും ഇല്ലാതെ ഒരു സഹജീവിയുടെ കഴുത്തറക്കുന്ന, പ്രകൃതിയെ അതി ക്രൂരമായി ചൂഷണം ചെയ്യുന്ന, നദിയേയും, അന്തരീക്ഷത്തേയും മലിനമാക്കി അടുത്ത തലമുറയ്ക്ക്‌ ജീവിതം ദുസ്സഹമാക്കുന്നവര്‍ക്കെതിരെ ‘സംസാരിക്കാത്ത മന്ദബുദ്ധി’ എന്ന് ലോകം പരിഹസിക്കുന്ന, ഓട്ടിസം ഉള്ള, ലോകത്തോട്‌ ഉറക്കെ വിളിച്ച്‌ പറയാന്‍ സംസാര ശേഷിയില്ലാത്ത ഒരു ആറര വയസ്സുകാരന്റെ വേവലാതികള്‍ ഇതൊക്കെയാണ്‌; അവന്‍ ടാബില്‍ കുറിച്ചിടുന്നത്‌ ഇങ്ങനെയാണ്‌.

അവന്റെ ടാബില്‍ പിറന്ന് വീഴുന്ന വാക്കുകള്‍ അവന്റെ നാവിലൂടെയെന്ന വണ്ണം നിങ്ങള്‍ കര്‍ണ്ണ പുടങ്ങളില്‍ പതിപ്പിക്കുക.

River is the second mother. It is very prominent in our life. It gives water to us. River transfers water to pond, canal, etc. Now we have less water. What is the reason? You know that? People are the main reason. We cut the trees for construct huge buildings, houses, factories etc. People lamenting the sewage, dirty water from factories, plastic products, petrol and diesel are also kept. The tree will dead, the river will dead and also we will dead for sure. How is rain formed? Snow in the mountain are melted into liquids. Then the liquids join to the river and the water is evaporated. Thus is rain is formed.
Suggestions
1) Don’t throw the plastic products into the river. Recycling the plastic products and re using them
2) Planting the trees
3) Don’t put the sewage
4) Don’t build the huge factories, buildings etc
5) One drop of water we got lot of money

സംസാരശേഷിയില്ലാത്ത ഈ 6.5 വയസ്സുകാരന്റെ വാക്കുകള്‍ നിങ്ങളുടെ ഹൃദയങ്ങളെ പൊള്ളിക്കുന്നില്ലെങ്കില്‍ അത്‌ തിരിച്ചറിയാനാകാത്ത വിധം നിങ്ങളുടെ സംവേദന ശേഷി ഇല്ലാതായിക്കഴിഞ്ഞു എന്നോ നിങ്ങളാണ്‌ മാന്ദ്യം ബാധിച്ച ബുദ്ധിയുള്ളവര്‍ എന്നോ തിരിച്ചറിയുക

സപ്പു ഈ ലോകത്തേയ്ക്ക്‌ അവന്റെ അസാമാന്യമായ ഇന്ദ്രിയ സെന്‍സറുകളുമായി കണ്ണും കാതും തുറന്ന് ഇരിക്കുകയാണ്‌. പലതും അവന്‌ ഉറക്കെ വിളിച്ച്‌ പറയാനുണ്ട്‌. ചെറിയ കാര്യങ്ങള്‍ പോലും അവനെ സെന്‍സിറ്റീവ്‌ ആക്കുന്നുണ്ട്‌.

6 മാസം മുമ്പ്‌ നടക്കാത്ത കുട്ടികള്‍ക്കായി തുടങ്ങിയ ഹൈഡ്രോ തെറാപ്പിക്കായി 10 കുട്ടികള്‍ക്കുള്ള സ്വിം വെയര്‍, സ്വിം വെസ്റ്റ്‌, ഗോഗ്ഗിള്‍സ്‌, ഇയര്‍ പ്ലഗ്ഗ്‌ ഒക്കെ അടുത്ത സുഹൃത്തുകള്‍ സമ്മനിച്ചിരിന്നു. സപ്പു നടന്ന് തുടങ്ങിയതിനാല്‍ അവനെ പൂളില്‍ ഇറക്കിയില്ല. അവന്റെ വിഷമം അവന്‍ വീട്ടില്‍ പോയപ്പോള്‍ ടാബില്‍ അവന്‍ എഴുതിയത്‌ ഇങ്ങനെ..
“എല്ലാവരേയും ഷാനി മാം പുതിയ ഉടുപ്പും കൊടുത്ത്‌ വെള്ളത്തിലിറക്കി കളിപ്പിച്ചു. സപ്പുവിനെ മാത്രം കൂട്ടിയില്ല. സപ്പുവിനു വിഷമം ആയി”
ഇത്‌ കേട്ട്‌ സങ്കടം ആയ ഞങ്ങള്‍ പിറ്റേ ദിവസം സപ്പുവിന്‌ മാത്രമായി ഞങ്ങള്‍ ഒരു സെറ്റ്‌ വാങ്ങി സമ്മാനിച്ച്‌ അവനെ വെള്ളത്തില്‍ കളിക്കാന്‍ വിട്ടു.

വളരെ സാമ്പത്തിക പരാധീനതകള്‍ ഉള്ള കുടുംബമാണ്‌ സപ്പുവിന്റേത്‌. എങ്കിലും അവര്‍ സന്തുഷ്ടരാണ്‌. ഇന്‍ഡസ്‌ സര്‍വീസ്‌ സെന്ററിലെ ഡ്രൈവര്‍ ആണ്‌ സപ്പുവിന്റെ അച്ഛന്‍. സപ്പുവിന്‌ 12 വയസ്സുള്ള ചേച്ചി അമീറയും, 8 വയസ്സുള്ള സമീന്‍ എന്ന ജ്യേഷ്ടനും ഉണ്ട്‌.

അവൻ ഇപ്പോൾ വളരെ ഭംഗിയായി മംഗ്ലീഷ് ടൈപ്പ് ചെയ്യും.
അച്ഛനോടുള്ള പരിഭവം അവൻ വാക്കിൽ പകർത്തിയത് ഇങ്ങനെ..
“വാപ്പി ഈസ്‌ എ വെരി ബാഡ് ബോയ്‌. വാപ്പി പോയപ്പോൾ എന്നെ കൊണ്ട് പോയില്ലല്ലോ. എന്നോട് ചോദിക്കുകയുണ്ടായില്ല. അല്ലെങ്കിൽ എന്നും സപ്പുട്ടി എന്ന് വിളിക്കുമല്ലോ. ”

ജ്യേഷ്ടൻ സമീനിന്റെ പഠന കാര്യത്തെക്കുറിച്ചുള്ള സപ്പൂവിന്റെ ശുഷ്‌കാന്തി ഇങ്ങനെ പോകുന്നു..

” നല്ല തല്ലിന്റെ കുറവുണ്ട്. ഇത്താത്ത അവനെ പഠിപ്പിച്ചാൽ മതി. പഠിപ്പിക്കുമ്പോൾ അനുസരിച്ചില്ലെങ്കിൽ വടി വെച്ച് അടിയ്ക്കാൻ പെർമിഷൻ കൊടുക്കണം. പിന്നെ പഠിച്ചില്ലെങ്കിൽ പണിഷ്മെന്റ് കൊടുക്കണം എക്‌സാംപിൾ മുട്ടു കുത്തി നിർത്തണം ”

“അടുത്ത കൊല്ലം ഇൻഷാ അല്ലാഹ് അവനെ എല്ലാ സബ്ജെക്ടിനും എ പ്ലസ് വാങ്ങിപ്പിക്കാൻ ഇത്താത്തക്ക് കഴിയും. ലോങ്ങ്‌ വെക്കേഷന് അവന് കുറച്ചു ഇംഗ്ലീഷ് മലയാളം ഹിന്ദി ലാംഗ്വേജ് പഠിപ്പിച്ചാൽ മതി. ഇത്താത്ത പഠിപ്പിച്ചിട്ട് ഇമ്പ്രൂവ്മെന്റ് ഇല്ലെങ്കിൽ ഉമ്മി പഠിപ്പിച്ചാൽ മതി.. ”
🙂

അമാനെപ്പോലെ, ഐശ്വര്യയെപ്പോലെ ആശയസംവേദനത്തില്‍ തന്റേതായ വഴികള്‍ സപ്പുവും വെട്ടിത്തുറന്ന് കഴിഞ്ഞു. അല്‍ഫയിലെ ശലഭങ്ങളുടെ ഇടയില്‍ നിന്ന് ഇനി അവന്‍ വിശാലമായ ഈ ലോകത്ത്‌ പാറിപ്പറക്കട്ടെ. അവനെ ലോകം അറിയട്ടെ.

ചേച്ചിയില്‍ നിന്ന് കേട്ട്‌ പഠിച്ച ഖുര്‍ആന്റെ അര്‍ത്ഥം പോലും സപ്പുവിന്റെ തലച്ചോറില്‍ ഉറങ്ങാതെ കിടക്കുന്നു.

അമാനെക്കുറിച്ച്‌ മുമ്പ്‌ എഴുതിയിരുന്നു.
ഇപ്പോള്‍ അവന്‍ മലയാള അക്ഷരങ്ങള്‍ ബുക്കില്‍ എഴുതി തുടങ്ങി.. വിറയ്ക്കുന്നതെങ്കിലും കോടിപ്പോയതെങ്കിലും മലയാള അക്ഷരങ്ങളില്‍ , ആ 6 വയസ്സുകാരന്‍ കഴിഞ്ഞ ആഴ്ച എഴുതിയ കവിത ഇങ്ങനെ..

“ആകാശം
—————
തടവറകള്‍ ഇല്ലാത്ത ലോകം
രാവറിയിന പകലറിയിന
പിറവികള്‍
മടുപ്പിലായ രംഗങ്ങള്‍
സമരമുഖത്തെ അറിയവരുടെ കാഴ്ച..

സമൂഹം ഈ കുട്ടിയോട്‌ പുറം തിരിഞ്ഞു നില്‍ക്കുന്നു. പൊതു വിദ്യാഭ്യാസം ഈ കുട്ടിയുടെ മുമ്പില്‍ അക്ഷരം കൂട്ടി വായിക്കാനറിയാത്ത കുഞ്ഞുങ്ങളെ മാത്രം ശ്രദ്ധയോടെ പരിചരിക്കുന്നു. ഇവരെ പിന്‍ ബെഞ്ചുകളിലേയ്ക്ക്‌ തള്ളുന്നു.

പ്രപഞ്ചനാഥാ.. എന്തൊക്കെ രഹസ്യങ്ങളാണ്‌… അത്ഭുതക്കാഴ്ചകളാണീ മനസ്സിന്റെ ആഴക്കടലില്‍ നീ കുത്തി നിറച്ചിരിക്കുന്നത്‌?
വായിച്ചാലും വായിച്ചാലും തീരാത്ത പേജുകള്‍ പോലെ, പലര്‍ക്കും മനസ്സിലാവാത്ത സമസ്യ പോലെ, കുറേ പസിലുകള്‍!!

ഇന്ന് ഏപ്രില്‍-2 വേള്‍ഡ്‌ ഓട്ടിസം ഡേ ആണ്‌.
ഓട്ടിസം ഒരു രോഗം അല്ല. അതൊരു സ്പെക്ട്രം ഓഫ്‌ ഡിസോര്‍ഡേര്‍സ്‌ ആണ്‌. ഒരു പാട്‌ കഴിവുകള്‍ ഉറങ്ങിക്കിടക്കുന്ന ഒരു ആഴക്കടല്‍. അതില്‍ നിരവധി മുത്തുകളും പവിഴങ്ങളും ഉണ്ട്‌. മുങ്ങി തപ്പിയെടുക്കാന്‍ ഉള്ള ആത്മ വിശ്വാസവും, ഇച്ഛാ ശക്തിയും, നല്ല കഴിവുറ്റ വിദഗ്ദ്ധരും കൂടെ ഉണ്ടെങ്കില്‍ നമുക്ക്‌ പവിഴങ്ങളെ ഈ ആഴക്കടലില്‍ നിന്ന് കണ്ടെടുക്കാം അവയുടെ ശോഭ ഈ ലോകം മുഴുവന്‍ പരത്താം. അവരുടെ അച്ഛനമ്മമാര്‍ക്ക്‌ അതൊരു ദിവ്യ വെളിച്ചം ആയിരിക്കും തീര്‍ച്ച..

സര്‍വ്വേശ്വരന്റെ അനുഗ്രഹത്തോടെ ഈ മഹാസമുദ്രത്തിന്റെ ആഴങ്ങളിലേയ്ക്ക്‌ ഇനിയും മനസ്സിന്റെ ആഴങ്ങളിലേയ്ക്ക്‌ ഇറങ്ങാന്‍ അല്‍ഫ തയ്യാറാണ്‌.
ഒപ്പം നില്‍ക്കുന്ന മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരായിരം നന്ദി. സ്നേഹം!