“എന്റെ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത് “എന്ന് പ്രൊഫ.ടി.വി.ഈച്ചരവാരിയര്‍ ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട് . ഒരു കാലഘട്ടം മുഴുവൻ മലയാളി മനസ്സിനെ പൊള്ളിച്ച ഈ വാക്കുകൾക്ക് ശേഷം ഞങ്ങളെ പൊള്ളിച്ച ഒരു സംഭവമായിരുന്നു എറണാകുളത്തെ ഒരു ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോക്കാരുടെ ക്രൂരത കൊണ്ട് അരമണിക്കൂറോളം പെരുമഴയിലായിപ്പോയ ഒരു അമ്മയുടേയും അവരുടെ നടക്കാന്‍ കഴിയാത്ത, മഴ നനഞ്ഞാല്‍ സ്ഥിരമായി പനിയും അപസ്മാരവും വരുന്ന കുഞ്ഞിന്റെയും അനുഭവം .
അമ്മയെയും ഭിന്നശേഷിയുള്ള കുഞ്ഞിനേയും പെരുമഴയത്ത് അര മണിക്കൂറോളം നിര്‍ത്തിയതില്‍ പ്രതികരിച്ച് കൊണ്ട് നമ്മുടെ സുഹൃത്തുക്കളെ ടാഗ് ചെയ്ത് കൊണ്ടെഴുതിയ ഫേസ് ബുക്കിലിട്ട കുറിപ്പ് ( https://www.facebook.com/anaz.kabeer.5/posts/10209404383730596) മാധ്യമ സുഹൃത്തുക്കളും എല്ലാവരും ഒത്ത് ചേര്‍ന്ന് പൊതു ജനശ്രദ്ധയില്‍ പെടുത്തുകയും, അധികൃതരിലേയ്ക്ക് എത്തിക്കുകയും ചെയ്തിരുന്നു. അതിന്റെ ഫലമെന്നോണം അന്നത്തെ കളക്ടർ രാജമാണിക്യവും ആര്‍ടി.ഓ-യും ഇടപെട്ട് നടത്തിയ അന്വേഷണത്തില്‍ ഷാഡോ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ നേരിട്ട് തന്നെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പെരുമാറ്റ പ്രശ്നങ്ങള്‍ അനുഭവിച്ചറിഞ്ഞ് മനസ്സിലാക്കുകയും, കുറ്റക്കാരെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. നല്ലവരായ നാട്ടുകാരും അവരോട് പോയി പ്രതികരിച്ചിരുന്നു.
ഓട്ടോറിക്ഷക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് അറിഞ്ഞ അന്ന് മുതല്‍ സെന്ററിനെ സപ്പോര്‍ട്ട് ചെയ്യുന്ന സുഹൃത്തുക്കള്‍ക്കൊക്കെ ഒരു ആശങ്കയായിരുന്നു.ഈ പ്രതിസന്ധിയെക്കുറിച്ച് അവര്‍ പരസ്പരം സംസാരിക്കുകയും ഒടുവില്‍ സെന്ററിലെ കുഞ്ഞുങ്ങളേയും അമ്മമാരേയും മെയിന്‍ ബസ് സ്റ്റോപ്പുകളില്‍ നിന്ന് കൊണ്ട് വരാനും തിരിച്ച് കൊണ്ടാക്കുവാനും ചെറിയ സ്കൂള്‍ വാന്‍ തന്നെ വാങ്ങിത്തന്ന് എല്ലാ ചങ്ങാതിമാരും കൂടി ഞങ്ങളെ സ്നേഹം കൊണ്ട് തോൽപ്പിച്ചിരുന്നു.
ഇന്നിപ്പോൾ മൂന്ന് വർഷം പിന്നിടുമ്പോൾ, നാലര വയസ്സിൽ ഞങ്ങളുടെ ഫർഹാനും അവന്റെ ആദ്യ ചുവടുകൾ വെച്ചിരിക്കുന്നു .
പെരുമ്പാവൂർ നിന്നും മൂന്നു വർഷമായി അൽഫയിൽ വരുന്ന ഫർഹാൻ വെസ്റ്റ് സിൻഡ്രോം എന്ന അവസ്ഥയുടെ തീവ്രത കാരണം എപ്പോളും ആശുപത്രിയിൽ ആയിരുന്നു
എല്ലാ പ്രതിസന്ധികൾക്കും നീണ്ട കാത്തിരിപ്പുകൾക്കും കഷ്ടപ്പാടുകൾക്കും ഒടുവിൽ, പരിശ്രമിയായ ആ അമ്മ അല്ഫയുടെ സഹായത്തോടെ മകന്റെ ആദ്യ ചുവടുകൾ വെപ്പിച്ചെടുത്തു. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തും മൂന്നു വർഷമായി നിരന്തരം തെറാപ്പി സെഷനുകൾ മുടങ്ങാതെ അല്ഫയിലെത്തിച്ച ആ അമ്മയുടെ തളരാത്ത മനസ്സാണ് ഞങ്ങളുടെ ഫറൂനെ ആദ്യചുവടുകൾ വയ്‌ക്കാൻ സഹായിച്ചത്. കഴിഞ്ഞ പ്രളയത്തിലും വീട് മുഴുവനും മുങ്ങിയ അവസ്ഥയിലും അവർ തളരാതെ പിടിച്ചു നിന്നു . ഇനിയും കുറെ മാറ്റങ്ങൾ അവനു വരാനുണ്ട് എങ്കിലും ആദ്യചുവടുകൾ വച്ചു കണ്ട സന്തോഷം എല്ലാരുമായി പങ്കു വയ്ക്കുന്നു .
പ്രതിസന്ധികൾക്ക് മുമ്പിൽ തളരാത്ത മനസ്സുള്ള ഒരമ്മ ലോകത്തോട് നിശ്ശബ്ദം ഉറക്കെ വിളിച്ച് പറയുന്നു
” അന്ന് നടക്കാൻ കഴിയാത്ത എന്റെ കുഞ്ഞിനെ നിങ്ങൾ മഴയത്ത് ഇറക്കി നിര്‍ത്തിയെങ്കിൽ, ഇന്നെന്റെ കുഞ്ഞ് ആ മഴയത്ത് ഇറങ്ങി നടക്കും!”
കുഞ്ഞുങ്ങൾക്ക് ചിറക് മുളപ്പിക്കുന്നതോടൊപ്പം തളർന്ന് പോകുന്ന അമ്മമാരുടെ ആത്മവിശ്വാസത്തെ ഒരു പടിയെങ്കിലും ഉയരത്തിലെത്തിക്കാൻ അൽഫയ്ക്ക് സാധിക്കുന്നുവെങ്കിൽ അത് തന്നെയാണ് അല്ഫയുടെ കർമസാഫല്യവും .